സംരംഭകവർഷം 3.0; നൂറുശതമാനം ലക്ഷ്യംനേടി ആലപ്പുഴ ഒന്നാമത്
text_fieldsആലപ്പുഴ: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭകവർഷം 3.0 ഭാഗമായി 2024-2025 സാമ്പത്തികവർഷം 100 ശതമാനം ലക്ഷ്യം കൈവരിച്ച സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയായി ആലപ്പുഴ. ഈവർഷം ലക്ഷ്യമിട്ടിരുന്നത് 7600 യൂനിറ്റുകളാണ്. എന്നാൽ ആറുമാസവും 17 ദിവസവുമെടുത്ത് 7613 പുതിയ യൂനിറ്റുകൾ തുടങ്ങിയാണ് ജില്ല ഈനേട്ടം കൈവരിച്ചത്. 1090 യൂനിറ്റുകൾ ഉൽപാദനമേഖലയിലും 2,980 എണ്ണം സേവനമേഖലയിലും 3543 യൂനിറ്റുകൾ വാണിജ്യമേഖലയിലും പ്രവർത്തിക്കുന്നു. പുതിയസംരംഭങ്ങളിലൂടെ 273.35 കോടിയുടെ നിക്ഷേപവും 13,559 പേർക്ക് തൊഴിലവസരങ്ങളും നൽകി. സംരംഭകരിൽ 44 ശതമാനം വനിതകളാണെന്ന പ്രത്യേകതയുണ്ട്. ഈ വർഷം പഞ്ചായത്ത് തലത്തിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് (123) തണ്ണീർമുക്കത്താണ്. 329 സംരംഭങ്ങളുമായി നഗരസഭകളിൽ ആലപ്പുഴ നഗരസഭയാണ് മുന്നിൽ.
വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ച് 2022-23 സാമ്പത്തികവർഷം ജില്ലയിൽ നടപ്പാക്കിയ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതി വൻ വിജയമായിരുന്നു. 9,953 പുതിയസംരംഭങ്ങളിലൂടെ 527.57 കോടിയുടെ നിക്ഷേപവും 21,213 പേർക്ക് തൊഴിലവസരവും നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ സാധ്യതക്കനുസരിച്ച് സംരംഭകരെ കണ്ടെത്തി പുതിയസംരംഭങ്ങൾ ആരംഭിക്കാൻ ജില്ലയിലെ 72 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി 86 എന്റർപ്രൈസസ് ഡവലപ്മെന്റ് എക്സിക്യൂട്ടിവുകൾ (ഇ.ഡി.ഇ) പ്രവർത്തിക്കുന്നുണ്ട്.
പ്രദേശത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് പുതിയ സംരംഭങ്ങൾക്കുളള ആശയങ്ങൾ നൽകുക, സംരംഭകത്വത്തെപ്പറ്റി ജനങ്ങളെ ബോധവൽകരിക്കുക, സംരംഭം തുടങ്ങാൻ പ്രാപ്തരാക്കുക, ലൈസൻസ്, വായ്പ എന്നിവയിൽ തടസ്സങ്ങൾ പരിഹരിക്കുക തുടങ്ങി ഓരോ ഘട്ടത്തിലും സഹായികളായി എൻറർപ്രൈസസ് ഡവലപ്മെൻറ് എക്സിക്യൂട്ടിവുകൾ ഉണ്ടാവും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും സ്ഥാപിച്ച ഹെൽപ് ഡസ്കുകൾ വഴിയും സംരംഭകർക്ക് കൈത്താങ് സഹായം നൽകുന്നുണ്ട്. സംരംഭകരാകാൻ താൽപര്യമുള്ളവർക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിൽ ബോധവത്കരണ ശിൽപശാലകൾ, ലോൺ ലൈസൻസ് സബ്സിഡി മേളകൾ, പഞ്ചായത്ത് അടിസ്ഥാനത്തിൽ വിപണനമേളകൾ, സംരംഭകസംഗമങ്ങൾ എന്നിവയും നടത്തുന്നുണ്ട്. സംരംഭങ്ങളുടെ സുരക്ഷയും വിപണി ഉറപ്പാക്കാൻ സ്കെയിൽ അപ് എന്നിവക്കായി എം.എസ്.എം.ഇ ഇൻഷുറൻസ് കേരള ബ്രാൻഡ്, മിഷൻ 1000 തുടങ്ങി നിരവധി പദ്ധതികളും നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.