സംരംഭക വർഷം പദ്ധതി;ആലപ്പുഴ ജില്ലയിൽ തുടങ്ങിയത് 10,561 സംരംഭം
text_fieldsആലപ്പുഴ: സംസ്ഥാന സർക്കാർ ആരംഭിച്ച സംരംഭക വർഷം പദ്ധതിയിൽ ജില്ലയിൽ ഇതുവരെ തുടങ്ങിയത് 10,561 പുതിയ സംരംഭം. 2022-’23 സാമ്പത്തികവർഷം മാത്രം 9953 സംരംഭം പുതുതായി തുടങ്ങിയിരുന്നു. 2023-’24 സാമ്പത്തികവർഷം സംരംഭകവർഷം 2.0 പദ്ധതിയിൽ ഇതുവരെ 561 സംരംഭം തുടങ്ങി. ഇവയിലൂടെ 561.71 കോടി രൂപയുടെ നിക്ഷേപവും 22,273 പേർക്ക് തൊഴിലവസരവും ലഭിച്ചതായാണ് സർക്കാർ കണക്ക്.
2022-’23 സാമ്പത്തികവർഷം ലക്ഷ്യമിട്ടതിന്റെ 102.93 ശതമാനം നേട്ടം കൈവരിക്കാനായി. നടപ്പ് സാമ്പത്തിക വർഷം തുടങ്ങിയവയിൽ 101 എണ്ണം ഉൽപന്ന നിർമാണ മേഖലയിലാണ്. 254 എണ്ണം സർവിസ് മേഖലയിലും 206 എണ്ണം വ്യാപാര മേഖലയിലുമാണ്. 1060 പേർക്ക് തൊഴിൽ നൽകാനുമായി. വ്യവസായം, തദ്ദേശം, ഇതര വകുപ്പുകളുടെ ഗുണപരമായ ഏകോപനമാണ് നേട്ടത്തിന് പിന്നിൽ.
സംരംഭകർക്ക് സഹായത്തിന് 72 പഞ്ചായത്തിലും ആറ് നഗരസഭയിലുമായി 86 എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവുമാർ പ്രവർത്തിക്കുന്നുണ്ട്.
പ്രദേശത്തിന്റെ പ്രത്യേകതകൾക്ക് അനുസരിച്ച് പുതിയ സംരംഭങ്ങൾക്ക് ആശയങ്ങൾ നൽകുക, സംരംഭകത്വത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുക, സംരംഭം തുടങ്ങാൻ പ്രാപ്തരാക്കുക എന്നിങ്ങനെ ഒരു സംരംഭം തുടങ്ങുന്നത് വരെ ഓരോ ഘട്ടത്തിലും സഹായികളായി എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവുമാരുടെ സേവനം ലഭിക്കും.
പുതിയ സംരംഭകരുടെ നിലനിൽപ് ഉറപ്പുവരുത്താൻ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സഹായവും ലൈസൻസ്/വായ്പ എന്നിവയിൽ തടസ്സങ്ങളുണ്ടെങ്കിൽ അത് ദുരീകരിക്കാനുള്ള നടപടികളെപ്പറ്റിയും ബോധവത്കരിക്കാൻ എന്റർപ്രൈസസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവുമാർ സംരംഭങ്ങളെല്ലാം നേരിട്ട് സന്ദർശിച്ച് ആശയവിനിമയം നടത്തുന്നുണ്ട്.
സംരംഭകവർഷം 2.0ലൂടെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനൊപ്പം, നിലവിലുള്ളവക്ക് തുടർസഹായം നൽകി ഗുണനിലവാരം വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.