പകര്‍ച്ചവ്യാധി പ്രതിരോധം: ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈഡേ
text_fieldsആലപ്പുഴ: മഴക്കാലത്ത് കൊതുകുകൾ പെരുകുന്നത് തടയാൻ ഉറവിട നശീകരണം ഊര്‍ജിതമാക്കാൻ ജില്ലയിൽ ആഴ്ചയിൽ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും. മഴക്കാല മുന്നൊരുക്കങ്ങളും പകര്‍ച്ചവ്യാധികള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്യാൻ കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡെങ്കി, എച്ച്1 എന്‍1, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ വരുന്ന പത്ത് ദിവസം ഏറ്റവും നിര്‍ണായകമാണെന്നും പ്രവര്‍ത്തനങ്ങൾ ഏറ്റവും ഊര്‍ജിതമാക്കണമെന്നും യോഗം വിലയിരുത്തി. പകര്‍ച്ചവ്യാധികൾ വ്യാപകമാകുന്ന ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കും. ഇതിന് മണ്ഡലംതലം മുതൽ വാര്‍ഡുതലം വരെ ആക്ഷൻ പ്ലാൻ രൂപവത്കരിക്കും. ഓരോ മണ്ഡലങ്ങളിലെയും പ്രവര്‍ത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ചാര്‍ജ് ഓഫിസര്‍മാരെ നിയോഗിച്ചു.
സ്കൂളുകളിൽ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കും. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന് മന്ത്രി നിർദേശം നൽകി. അന്തർസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധന നടത്തും. ഭക്ഷണശാലകളിൽ ആഹാര പാനീയങ്ങളുടെയും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെയും വൃത്തി ഉറപ്പാക്കും. ഫാമുകൾ കേന്ദ്രീകരിച്ച് പരിശോധ നടത്തും. പഞ്ചായത്തുകളിലെ മെറ്റീരിയൽ കലക്ഷൻ കേന്ദ്രങ്ങളിൽനിന്ന് (എം.സി.എഫ്) മാലിന്യം നീക്കം ചെയ്യാനുള്ള സംവിധാനം കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദേശീയപാത നിർമാണം നടക്കുന്ന ഇടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന സ്ഥിതിയുണ്ടെങ്കിൽ അത് പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കലക്ടർ ഹരിത വി. കുമാർ, ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ സൗമ്യ രാജ്, കായംകുളം നഗരസഭ ചെയർപേഴ്സൻ പി. ശശികല, മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ, ഡി.എം.ഒ ജമുന വർഗീസ്, എ.ഡി.എം എസ്. സന്തോഷ്കുമാർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം, ജില്ല സർവൈലൻസ് ഓഫിസർ ഡോ. കോശി പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
എലിപ്പനിയെ പ്രതിരോധിക്കാം: മുന്‍കരുതല്‍ വേണം
ആലപ്പുഴ: മലിനമായ മണ്ണിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യയുള്ളതിനാല് പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
എലി, നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന മണ്ണിലും വെള്ളത്തിലും രോഗാണുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ മലിനമായ മണ്ണും വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈകാലുകളിലെ മുറിവുകളില്‍ മണ്ണും വെള്ളവും കടക്കാത്ത വിധം ബാന്‍ഡേജ് ഉപയോഗിച്ച് സുരക്ഷിതമായി മൂടി സൂക്ഷിക്കണം.
കൃഷിപ്പണി, പൂന്തോട്ട പരിപാലനം തുടങ്ങി മണ്ണും വെള്ളവുമായി ഇടപെടുന്ന ജോലികള്‍ ചെയ്യുമ്പോള്‍ കയ്യുറകളും ഷൂസും ധരിക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇത്തരം തൊഴില്‍ ചെയ്യുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്.
പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ പാടില്ല. അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ ഉറപ്പാക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.