അപ്പത്തിനും മുട്ടക്കറിക്കും അമിതവില; എം.എൽ.എയുടെ പരാതിയിൽ ഹോട്ടലുകളിൽ പരിശോധന
text_fieldsആലപ്പുഴ: അപ്പത്തിനും മുട്ടക്കറിക്കും അമിതവില ഈടാക്കിയെന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിക്ക് പിന്നാലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന. വിഷയത്തിൽ ഇടപെട്ട കലക്ടർ ഡോ. രേണുരാജാണ് പരിശോധനക്ക് നിർദേശം നൽകിയത്. തുടർന്ന് ചേർത്തല താലൂക്ക് സപ്ലൈ ഓഫിസർ ശ്രീകുമാരൻ ഉണ്ണിയുടെ നേതൃത്വത്തിൽ പരാതിക്കിടയാക്കിയ കണിച്ചുകുളങ്ങരയിലെയും സമീപപ്രദേശങ്ങളിലെയും 12 ഹോട്ടലിൽ പരിശോധന നടത്തി. ഇതിൽ രണ്ടിടത്ത് വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിന് നടപടിക്ക് ശിപാർശ ചെയ്തു. ചേർത്തല എസ്.എൻ കോളജിന് സമീപത്തെ അന്നപൂർണയിലും കഞ്ഞിക്കുഴി ജങ്ഷനുസമീപത്തെ പച്ചക്കറിക്കടയിലുമാണ് വിലവിവരപ്പട്ടിക ഇല്ലാതിരുന്നത്.
എം.എൽ.എയുടെ പരാതി സംബന്ധിച്ച് അന്വേഷണം നടത്തി പ്രത്യേക റിപ്പോർട്ട് ഡി.എസ്.ഒ വഴി കലക്ടർക്ക് സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ കണിച്ചുകുളങ്ങര പീപ്പിൾസ് റസ്റ്റാറന്‍റിലാണ് കേസിനാസ്പദ സംഭവം.
പി.പി. ചിത്തരഞ്ജൻ എം.എൽ.എയും ഡ്രൈവറും ചേർന്ന് അഞ്ച് അപ്പവും രണ്ട് മുട്ടക്കറിയും കഴിച്ചപ്പോൾ ജി.എസ്.ടി അടക്കം ഈടാക്കിയത് 184 രൂപയാണെന്ന് കാണിച്ച് ബിൽ സഹിതമാണ് എം.എൽ.എ കലക്ടർക്ക് പരാതി നൽകിയത്. ഒരുമുട്ടക്കറിക്ക് 50 രൂപയും ഒരപ്പത്തിന് 15 രൂപയുമാണ് ഈടാക്കിയത്. പരാതിക്കിടയാക്കിയ കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ എത്തി വിശദീകരണം തേടി. മറ്റ് ഹോട്ടലുകളിലെക്കാൾ ഗുണനിലവാരമുള്ള നല്ലഭക്ഷണമാണ് നൽകുന്നതെന്നും മുട്ടക്കറിയുടെ ഗ്രേവിയിൽ അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെ ചേർക്കുന്നതിനാലാണ് കൂടുതൽ വില ഈടാക്കിയതെന്നാണ് ഹോട്ടൽ അധികൃതർ നൽകിയ വിശദീകരണം. മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് ഹോട്ടലിന്‍റെ മെനുവിൽ ഉൾപ്പെടുത്തിയ ഭക്ഷണത്തിന് പൊള്ളുന്നവിലയാണ് ഈടാക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
വാടകയും വൈദ്യുതിനിരക്കും കേന്ദ്രീകൃതമായ എ.സിയുമൊക്കെ പ്രവർത്തിക്കുമ്പോഴും ന്യായവില മാത്രമാണ് ഈടാക്കിയതെന്ന് ഹോട്ടൽ അധികൃതർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.