അരൂരിൽ ആവേശവും ബഹിഷ്കരണവും
text_fieldsഅരൂര്‍: അരൂർ നിയോജകമണ്ഡലത്തിൽ 183 ബൂത്തുകളിലും ജനം ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിൽ 1,97,441വോട്ടര്‍മാരാണ് ഉള്ളത്. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, തുറവൂര്‍, കുത്തിയതോട്, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം പഞ്ചായത്തുകളിലെ ബൂത്തുകളിൽ രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. കുത്തിയതോട് പഞ്ചായത്തിലെ 134 ാം നമ്പർ ബൂത്തിൽ പോളിങ്ങിന് വളരെയധികം താമസം നേരിട്ടതിനാൽ രാവിലെ മുതൽ വൻ ക്യൂവാണ് ഇവിടെ ഉണ്ടായത്. അരൂർ ഗ്രാമപഞ്ചായത്തിലെ 14ാം ബൂത്ത് നിലനിൽക്കുന്ന കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗം ഓഫീസിൽ പോളിങ് വളരെയധികം താമസിച്ചത് വോട്ടർമാരെ ദുരിതത്തിലാക്കി.
വോട്ട് ബഹിഷ്കരണവുമായി അരൂക്കുറ്റി പഞ്ചായത്തിലെ നാട്ടുകാർ രംഗത്തെത്തിയത് ശ്രദ്ധേയമായി. 12ാം വാർഡിലെ കുണ്ടേക്കടവ് ക്ഷേത്രപരിസരത്ത് നൂറോളം കുടുംബങ്ങളിലെ വോട്ടർമാർ വോട്ട് ബഹിഷ്കരിച്ച് ക്ഷേത്ര പരിസരത്ത് തടിച്ചുകൂടി ഇരുന്നത് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ്. പ്രദേശത്ത് സഞ്ചാരയോഗ്യമായ റോഡുകൾ നിർമിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. വോട്ട് അഭ്യർഥിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തകരും എത്തിയപ്പോൾ എല്ലാം സഞ്ചാര സൗകര്യമുണ്ടാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ വോട്ടു ബഹിഷ്കരിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും ഈ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. വളമംഗലത്ത് ബി.ജെ.പി -സി.പി.എം സംഘർഷം ഉണ്ടായത് പൊലീസ് ഇടപെട്ട് പരിഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.