അതികഠിനം ചൂട്; ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്
text_fieldsആലപ്പുഴ: ചൂട് ക്രമാതീതമായി വര്‍ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വേനല്‍ കടുക്കുമ്പോള്‍ പേശിവലിവ്, താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നു.
വെയിലില്‍ ജോലി ചെയ്യുന്നവര്‍, പ്രായമുള്ളവര്‍, രക്തസമ്മര്‍ദം പോലെ മറ്റുരോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ കുട്ടികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ വിയര്‍പ്പ്, കഠിനമായ ക്ഷീണം, തലവേദന തലകറക്കം, പേശിവലിവ്, ഓക്കാനം, ഛര്‍ദി തുടങ്ങിയവ താപശരീര ശോഷണത്തിന് പ്രാരംഭ ലക്ഷണമാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്.
ശുചിത്വം ഉറപ്പാക്കണം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. യാത്രക്ക് തയാറെടുക്കുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം കുപ്പിയില്‍ എടുക്കാന്‍ മറക്കരുത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍നിന്ന് ആഹാരം കഴിക്കുന്നതും പാനീയങ്ങള്‍ കുടിക്കുന്നതും വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ്. ജ്യൂസുകള്‍, ഐസ്ക്രീം തുടങ്ങിയവ ശുദ്ധജലത്തിലാണ് ഉണ്ടാക്കുന്നതെന്ന് ഉറപ്പാക്കുക. കുടിക്കാൻ ശേഖരിച്ചുവെക്കുന്ന വെള്ളം അടച്ച് വൃത്തിയായി സൂക്ഷിക്കുക. വെള്ളം ശേഖരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങള്‍ വെള്ളം ശേഖരിക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കുക, ആഴ്ചയില്‍ ഒരിക്കല്‍ വശങ്ങള് തേച്ചുരച്ച് കഴുകാന്‍ ശ്രദ്ധിക്കുക. പാത്രങ്ങള്‍ കഴുകാനും ശുദ്ധജലം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ദാഹിക്കാൻ കാത്തിരിക്കാതെ വെള്ളം കുടിക്കുക
ദാഹം തോന്നുന്നില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കുക. കഠിനമായ വെയില് നേരിട്ട് ഏല്‍ക്കരുത്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുക. ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
വായു സഞ്ചാരം ഉറപ്പാക്കുന്ന വിധത്തില്‍ വാതിലുകളും ജനലുകളും തുറന്നിടുക. വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോള്‍ അസ്വസ്ഥത തോന്നിയാല്‍ പെട്ടെന്ന് തണലിലേക്ക് മാറുകയും കാറ്റുകൊള്ളുകയും ചെയ്യുക. ധാരാളം വെള്ളം കുടിക്കുക. ജലാംശം കൂടുതലുള്ള ഫലവര്‍ഗങ്ങള്‍ കഴിക്കുക. കട്ടികൂടിയതും ഇറുകിയതുമായ വസ്ത്രങ്ങള്‍ അയച്ചിടുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടക്കുക.
സൂര്യാഘാതം; കരുതൽ വേണം
അന്തരീക്ഷ താപം ഒരു പരിധിയില്‍ കൂടുകയോ കഠിനമായ വെയില് നേരിട്ട് ഏല്ക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ശക്തികുറഞ്ഞതും വേഗത്തിലുമുള്ള നാഡിയിടുപ്പ്, ശക്തിയായ തലവേദന, തലകറക്കം മാനസികാവസ്ഥയിലുള്ള മാറ്റം, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന് ലക്ഷണമാണ്. സൂര്യാഘാത ലക്ഷണം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ചികിത്സയെടുക്കണം.
കുട്ടികളെ വെയിലില്‍ കളിക്കാന്‍ അനുവദിക്കരുത്. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുഞ്ഞുങ്ങളെ ഇരുത്തിയിട്ട് രക്ഷാകര്ത്താക്കള് മറ്റിടങ്ങളിലേക്ക് പോകരുത്. കുഞ്ഞുങ്ങള്‍ക്ക് ഇടക്കിടെ പാനീയങ്ങള്‍/തിളപ്പിച്ചാറിയ വെള്ളം കൊടുക്കണം. കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.