കലാഗ്രാമമാകാൻ എഴുപുന്ന; പ്രതീക്ഷയിൽ നാട്
text_fieldsഅരൂർ: കായലും ഇടത്തോടുകളും തെങ്ങിൻതോപ്പുകളും വിശാലമായ നെൽവയലുകളും സ്വച്ഛവും ശാന്തവുമായ അന്തരീക്ഷവും. ഇത് എഴുപുന്ന ഗ്രാമം. ലക്ഷണമൊത്ത കലാഗ്രാമമാകാൻ യോഗ്യത നേടിയ നാട്. കലാപ്രവർത്തനത്തിന് ഏറ്റവും യോജിച്ച ഇടമെന്ന് കലാകാരന്മാർ തന്നെ പറയുന്നു.
അറിയപ്പെടുന്ന കലാകാരൻമാർ ഏറെയുണ്ടെന്നത് മാത്രമല്ല, സാഹിത്യവാസന ഉണർത്താൻ തക്ക കലാഅന്തരീക്ഷം പ്രകൃത്യ ഉണ്ടായിത്തീർന്നിടമെന്നതും പ്രത്യേകത. ജന്മംകൊണ്ട് പുനലൂർ സ്വദേശിയെങ്കിലും വർഷങ്ങളായി എഴുപുന്ന താമസക്കാരനായ ശിൽപി രഘുനാഥന് പറയാനുള്ളത് നാട്ടുകാരെ കുറിച്ചാണ്. അന്യദേശത്തുനിന്നുവന്ന ഒരാൾ ഇവിടെ സ്ഥിരതാമസക്കാരനാകണമെങ്കിൽ, നാട്ടുകാർ അന്യനല്ല എന്ന് വിചാരിച്ച് നമ്മളെ ചേർത്തുനിർത്തുന്നവരായിരിക്കണം. അക്കാര്യത്തിൽ നൂറു മാർക്കും എഴുപുന്നക്കാർക്ക് കൊടുക്കാമെന്നാണ് ശിൽപി പറയുന്നത്. കലാകാരന്മാരെ അംഗീകരിക്കുന്ന മനസ്സാണ് എഴുപുന്നക്കാരുടേത്.
സ്വച്ഛവും ശാന്തവുമായ അന്തരീക്ഷത്തിൽ കലാപ്രവർത്തനം നടത്താൻ എത്തുന്ന കലാകാരന്മാർ സന്ദർശനം ആവർത്തിക്കുന്നത് നാടിെൻറ മേന്മയായാണ് വിലയിരുത്തുന്നത്.
ദേശീയപാതയുടെ സാന്നിധ്യം വിവിധ ദേശങ്ങളിലുള്ള കലാകാരന്മാർക്ക് എത്തിച്ചേരാൻ സൗകര്യമൊരുക്കുന്നു. കായൽ സാന്നിധ്യവും റെയിൽവേ സ്റ്റേഷൻ സൗകര്യവും അധികം അകലെയല്ലാതെ വിമാനത്താവളവും തീരദേശ റോഡും എഴുപുന്നയെ സവിശേഷമാക്കുന്നു. കൊച്ചി, കോട്ടയം, ആലപ്പുഴ പട്ടണങ്ങളിൽ എഴുപുന്നയിൽനിന്ന് എളുപ്പത്തിൽ എത്തിപ്പെടാം.
എഴുപുന്നയിലെ കാക്കത്തുരുത്ത് എന്ന കായൽ തുരുത്ത്, വിനോദസഞ്ചാര ലോകഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടും, ആഗോള സഞ്ചാരികളെ ആകർഷിക്കും വിധം സജ്ജമായിട്ടില്ല.
എഴുപുന്ന കലാഗ്രാമമാകുന്നതോടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന കലാകാരന്മാർ നാടിെൻറ ഖ്യാതി ലോകമെമ്പാടും എത്തിക്കും. കലാഗ്രാമം ആകുന്നതോടെ സമീപ പ്രദേശങ്ങളിലുള്ള കലാകാരന്മാർക്കും കലാ പ്രവർത്തനത്തിനും പ്രദർശനത്തിനും എഴുപുന്നയെ വേദിയാക്കാം.
അനന്തസാധ്യത
എഴുപുന്നയെ പ്രധാന കലാകേന്ദ്രമായി മാറ്റാൻ കലാകാരന്മാരും കലകളെ പ്രോത്സാഹിപ്പിക്കുന്നവരും ജനപ്രതിനിധികളും ഒന്നിച്ചുനിൽക്കണം. പ്രശസ്തരെക്കൊണ്ട് കലാഗ്രാമം രൂപകൽപന ചെയ്യണം. കലാകാരന്മാര് ഇവിടെ ഒന്നിച്ചു താമസിച്ച് അവരുടെ കഴിവുകള്‍ പങ്കുവെക്കണം. കലാ പ്രദര്‍ശനങ്ങള്‍ നടത്തുന്നതിന് കലാപ്രദര്‍ശന ശാല (ആര്‍ട്ട് ഗാലറി) ഉണ്ടാകണം. കരിങ്കല്ല്, തടി, ചെമ്പ്, വെങ്കലം എന്നിവ കൊണ്ടുള്ള പ്രതിമകള്‍ കലാഗ്രാമത്തില്‍ നിര്‍മിക്കണം.
നാടകങ്ങളും വിവിധ രംഗകലാരൂപങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും കവിത പാരായണത്തിനും നൃത്തത്തിനുമായി തുറസ്സായ വേദിയും ഒരുക്കണം. തുണികളിലെ ചിത്രരചന (ബാറ്റിക്), കളിമണ്‍ പാത്ര നിര്‍മാണം, ചിത്രരചന തുടങ്ങി എല്ലാത്തരം പഠനത്തിനും പരിശീലനത്തിനും വേദി ഉണ്ടാകണം. ക്രമേണ അന്താരാഷ്ട്രതലത്തില്‍ തന്നെ കലാകാരന്മാര്ക്ക് ഒത്തുചേരുന്നതിനുള്ള വേദിയായി ഇവിടം മാറും.
കലാഗ്രാമം ആക്കണം
ആർ. പ്രദീപ് , എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വിവിധ കലകളിൽ വ്യക്തിമുദ്ര നേടിയവർ വളരെയുണ്ട്. ലോകത്തിലെ കണ്ടിരിക്കേണ്ട ഒരിടമായി കാക്കത്തുരുത്തും ലോകസഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി എഴുപുന്നയും മാറുമ്പോൾ ഇവിടം കലാഗ്രാമമായി രൂപപ്പെടുന്നത് നേട്ടമാണ്. ആദ്യം ചെയ്യേണ്ടത് എരമല്ലൂർ നിവാസികളായ കലാകാരന്മാരെയും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കലാപ്രവർത്തനം നടത്തുന്ന എരമല്ലൂരുകാരായ കലാകാരന്മാരെയും ഒരു വേദിയിൽ എത്തിക്കുക എന്നതാണ്. ഇതുതന്നെ വലിയ സംഭവമാകും എന്നാണ് പ്രതീക്ഷ.
തുടർന്ന് കലാകാരൻതന്നെ കലാഗ്രാമത്തിന് രൂപരേഖ തയാറാക്കുകയും കലാഗ്രാമമായി അംഗീകരിക്കാൻ അടിസ്ഥാന യോഗ്യതകൾ എന്തെല്ലാമെന്ന് അറിയുകയും അതനുസരിച്ച് ഗ്രാമത്തെ പ്രാപ്തമാക്കുകയും വേണം. കലാഗ്രാമമാക്കുന്നതിന് സർക്കാറിൽ അപേക്ഷ സമർപ്പിക്കണം. ത്രിതല പഞ്ചായത്തും മറ്റ് ഏജൻസികളും ഈ മഹത്തായ ഉദ്യമത്തിന് കൂടെ നിൽക്കണം.
കലാഗ്രാമമായി അംഗീകരിക്കപ്പെടും
ആർ. വേണു, ചിത്രകാരൻ
ആലപ്പുഴ പട്ടണത്തിൽ 'ലോകമേ തറവാട് ' എന്ന പേരിൽ നടന്ന ബിനാലെയിൽ എഴുപുന്നക്കാരായ കെ. രഘുനാഥൻ, വി.വി. വിനു, ആർ. വേണു, ചന്തിരൂർ കെ.പി. റെജി, സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു. പ്രശസ്ത ചിത്ര -ശിൽപകാരന്മാരായ കെ.ആർ. സത്യൻ, കെ.സി. ശിവദാസൻ, സുധർമ, മെഹ്ജ, മുത്തുലക്ഷ്മി, സെലിൻ ജേക്കബ്, സൂനു പടന്ന, വിഷ്ണു, ശിവാനന്ദൻ, ടി.എസ്. ശരത്, കൃപ ലാലു എന്നിവരും എഴുപുന്ന സ്വദേശികളാണ്.
മറ്റു കലാമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും കുറവല്ല. ആർ.എൽ.വി മൃദംഗം അധ്യാപകൻ തിലകരാജ്, ഫൈൻ ആർട്സ് കോളജ് അധ്യാപകൻ അനിരുദ്ധൻ, റിട്ട. കലാധ്യാപകൻ ഓമൽ സുന്ദരം എന്നിവരെല്ലാം ഈ പട്ടികയിലുണ്ട്. അന്വേഷിച്ചാൽ കൂടുതൽ പേരെ കണ്ടെത്താനും കഴിയും. ഏതുകലയിലും ഉണ്ടാകുന്ന പുത്തൻ മാറ്റങ്ങൾ, സങ്കേതങ്ങൾ ഇവയെക്കുറിച്ച് പ്രഗല്ഭരുടെ ക്ലാസുകൾ നടക്കണം. ചിത്ര-ശിൽപ പ്രദർശനങ്ങൾ, കലാ ക്യാമ്പ്, ഗവേഷണങ്ങൾ, പ്രഭാഷണങ്ങൾ, പഠനങ്ങൾ എന്നിവ നടക്കണം. കലാകാരന്മാർക്ക് ഒത്തുചേരാൻ ഒരു ഇടം എന്ന നിലയിൽ എഴുപുന്ന കലാഗ്രാമമായി അംഗീകരിക്കപ്പെടും. ഇളംതലമുറയുടെ കലാഭിരുചി വളർത്തുക മാത്രമല്ല, കലകളുടെ ഒരു മേളന കേന്ദ്രമായി എഴുപുന്ന മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.