കരാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച; അക്കൗണ്ട്സ് വിഭാഗത്തിനെതിരെ നടപടിക്ക് നീക്കം
text_fieldsആലപ്പുഴ: ആവശ്യത്തിന് പണമുണ്ടായിട്ടും ശമ്പളവിതരണത്തിൽ വീഴ്ചവരുത്തിയ ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം) ജില്ല അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന മിഷൻ നടപടിക്ക്.
കരാർ ജീവനക്കാരുടെ പരാതിയിൽ അക്കൗണ്ട്സ് ഓഫിസർ, അക്കൗണ്ടന്റ് എന്നിവർക്ക് ജില്ല പ്രോഗ്രാം മാനേജർ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടും ശമ്പളവിതരണം സംബന്ധിച്ച പരാതി ഉയരുന്നതാണ് നടപടി നീക്കത്തിന് കാരണം. മറ്റു ജില്ലകളിൽ മാസാദ്യംതന്നെ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്ന എൻ.എച്ച്.എം കരാർ ജീവനക്കാർക്ക് ശമ്പളം നൽകാറുണ്ട്. എന്നാൽ, ആലപ്പുഴയിൽ മാസങ്ങളായി 15നുശേഷമാണ് ശമ്പളം കിട്ടുന്നത്. ആശപ്രവർത്തകരുടെ പ്രതിഫലവും കൃത്യമായി നൽകിയിരുന്നില്ല.
ശമ്പളം ലഭിക്കാത്ത ചിലർ എൻ.എച്ച്.എം സംസ്ഥാന മിഷൻ ഓഫിസിൽ പരാതിപ്പെട്ടു. തുടർന്ന് ജില്ല പ്രോഗ്രാം മാനേജറോട് സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ യു. ഖേൽക്കർ വിശദീകരണം തേടി. ഇത്രയധികം പരാതികളുയർന്നിട്ടും അക്കൗണ്ട്സ് ഓഫിസർ, അക്കൗണ്ടന്റ് എന്നിവർക്കെതിരെ നടപടിയെടുക്കാത്തതെന്തെന്നും വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തിൽ ചോദിച്ചിരുന്നു.
തുടർന്ന് ജില്ല പ്രോഗ്രാം മാനേജർ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് പ്രോഗ്രാം മാനേജർ മിഷൻ ഡയറക്ടർക്ക് കൈമാറിയിരുന്നു.
ഇതിനിടെയാണ് മാർച്ച് തീരാറായിട്ടും ശമ്പളം ലഭിച്ചില്ലെന്ന പരാതിയുമായി ഒരുവിഭാഗം ജീവനക്കാർ വീണ്ടും രംഗത്തെത്തിയത്. ആശപ്രവർത്തകരുൾപ്പെടെ നാലായിരത്തോളം പേരാണ് എൻ.എച്ച്.എമ്മിനുകീഴിൽ ജില്ലയിൽ ജോലിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.