മുൻ ഭരണസമിതിയുടെ വീഴ്ച; ആലപ്പുഴ നഗരസഭക്ക് 15 ലക്ഷം പിഴ
text_fieldsആലപ്പുഴ: മുൻ ഭരണസമിതിയുടെ കാലത്ത് കൃത്യമായ ജൈവ-അജൈവ മാലിന്യ സംസ്കരണ മാർഗങ്ങൾ നഗരത്തിൽ ഒരുക്കാതിരുന്നതിനാൽ ദേശീയ ഹരിത ട്രൈബ്യൂണൽ ആലപ്പുഴ നഗരസഭക്ക് 15 ലക്ഷം രൂപ പിഴ ചുമത്തി. ദേശീയ ഹരിത ട്രൈബ്യൂണൽ ഖരമാലിന്യ സംസ്കരണത്തിന് സ്ഥലം കണ്ടെത്താൻ 2017 ഏപ്രിൽ എട്ടിന് തീയതി നിശ്ചയിച്ചിരുന്നു. കൂടാതെ സാനിറ്ററി ലാൻഡ് ഫിൽ ഫെസിലിറ്റി, വാതിൽപടി മാലിന്യ ശേഖരണ സംവിധാനം, ശേഖരിക്കുന്ന മാലിന്യം കവചിത വാഹനങ്ങളിൽ കൊണ്ടുപോകൽ എന്നിവക്ക് സൗകര്യമൊരുക്കാൻ 2018 ഏപ്രിൽ എട്ടിനും തീയതി നിശ്ചയിച്ചു. ഈ തീയതികളിൽ മാലിന്യ സംസ്കരണ രീതികളൊരുക്കാൻ മുൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇതേതുടർന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ നടപ്പാക്കാതിരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് 2019 ഏപ്രിൽ 25ന് ഒരുവർഷത്തിനുള്ളിൽ നിർദേശങ്ങൾ പാലിക്കണമെന്ന് അറിയിപ്പ് നൽകിയത്. എന്നാൽ, 2020 ഏപ്രിൽ 25ന് ഇവ നടപ്പാക്കാൻ മുൻ ഭരണസമിതിക്ക് കഴിയാത്തതിനാലാണ് ൈട്രബ്യൂണൽ പിഴ ചുമത്തിയത്.
മുൻ ഭരണസമിതിയുടെ ഇത്തരം വീഴ്ചകൾ മറച്ചുെവച്ച് ഇപ്പോഴത്തെ ഭരണസമിതിയെ ചളി വാരിയെറിയാനുള്ള കുത്സിത ശ്രമമാണ് പ്രതിപക്ഷം നടത്തിവരുന്നതെന്ന് നഗരസഭാധ്യക്ഷ സൗമ്യരാജ് പറഞ്ഞു.
ചുമതലയേറ്റ സമയം മുതൽ 2021 ആഗസ്റ്റ് വരെയുള്ള മാലിന്യ സംസ്കരണ ശുചീകരണ പ്രവർത്തനങ്ങൾക്കാണ് നഗരസഭക്ക് സംസ്ഥാന സർക്കാറിെൻറ നവകേരള അവാർഡും രണ്ടുലക്ഷം രൂപ പാരിതോഷികവും ലഭിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. നഗരത്തിന് സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയരാൻ സമഗ്ര മാലിന്യസംസ്കരണ പദ്ധതിയായ നിർമല ഭവനം-നിർമല നഗരം 2.0, അഴകോടെ ആലപ്പുഴ എന്ന പേരിൽ നടപ്പാക്കുകയാണെന്നും സൗമ്യരാജ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായ ഡിജിറ്റൽ ശുചിത്വ സർവേ നഗരത്തിലെ അരലക്ഷം ഭവനങ്ങളിൽ പൂർത്തിയായിട്ടുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ പ്രതിപക്ഷം വസ്തുതകൾ മനസ്സിലാക്കി സഹകരിച്ചിരുന്നതാണെന്നും എട്ടുമണിക്കൂർ നീണ്ട കൗൺസിലിൽ ഈ വിഷയമടക്കം നൂറിലധികം അജണ്ടകൾ പാസ്സായതാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.