അങ്ങകലെ മക്കൾ...യുദ്ധ ഭീതിയിൽ കുടുംബങ്ങൾ
text_fieldsകാലടി: റഷ്യ-യുക്രെയ്ന് യുദ്ധം രൂക്ഷമായതോടെ കേരളത്തില്‍നിന്നുള്ള നൂറുകണക്കിന് വിദ്യാർഥികളും യുക്രെയ്നില്‍ പല സ്ഥലങ്ങളിലായി കുടുങ്ങി. വിദ്യാഭ്യാസത്തിന് പോയ കാലടി സ്വദേശിനിയായ വന്ദന ജെസ്റ്റോയും മഞ്ഞപ്ര സ്വദേശി ജസ്റ്റിന് പയസും ഉള്‍പ്പെടുന്ന ഇരുനൂറോളം വിദ്യാർഥികളാണ് യുക്രെയ്ൻ ഒഡേസയിലെ അപ്പാര്‍ട്മെന്റുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നത്. യുദ്ധം രൂക്ഷമായതോടെ വിദ്യാർഥികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
ഒരാഴ്ചത്തേക്കുള്ള അവശ്യവസ്തുക്കള്‍ മാത്രമാണുള്ളതെന്നും വൈദ്യുതിയും ഇന്റര്‍നെറ്റും കുടിവെള്ളവും ഏതുസാഹചര്യത്തിലും ഇല്ലാതാവാന്‍ സാധ്യതയുണ്ടെന്നും വന്ദന ജെസ്റ്റോ പറയുന്നു. അഞ്ച് വര്‍ഷമായി ഒഡേസ യൂനിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാർഥിനിയാണ് വന്ദന. ഞായറാഴ്ചയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് യുദ്ധം തുടങ്ങിയത്.
വന്ദനയുടെയും ജസ്റ്റിന് പയസിന്റെയും കുടുംബാംഗങ്ങള്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. എങ്കിലും നാട്ടില്‍ ആശങ്ക ഏറുകയാണ്. ഇതിനിടെ, എയര്‍ ഇന്ത്യ രക്ഷാദൗത്യവുമായി റുമേനിയയിലേക്ക് വിമാനം അയക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, തൊട്ടടുത്തെ രാജ്യങ്ങളുടെ ബോര്‍ഡറുകളില്‍ കുട്ടികള്‍ എങ്ങിനെ എത്തിച്ചേരുമെന്ന് വന്ദനയുടെ പിതാവ് ജെസ്റ്റോ പോള്‍ ആശങ്കപ്പെടുന്നു. പ്രതികൂല കാലാവസ്ഥയും യുദ്ധഭീതിയുംകൊണ്ട് വിദ്യാർഥികള്‍ക്ക് എത്രദിവസം പിടിച്ചുനില്ക്കാന് കഴിയുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇതേസമയം, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിദ്യാർഥികളുടെ യാത്രരേഖകളും പാസ്പോര്‍ട്ടും ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ജസ്റ്റിെൻറ പിതാവ് പയസ് പറഞ്ഞു. എന്നാല്‍, ഷെല്‍ട്ടറില്‍നിന്ന് റുമേനിയ എയര്‍പോര്‍ട്ട് വരെയുള്ള വാഹനയാത്ര സുരക്ഷിതമല്ലെന്നതും ഇവരെ വിഷമിപ്പിക്കുകയാണ്.
അടിയന്തരമായി ഒഡേസയില്‍ കുടുങ്ങിയ വിദ്യാർഥികളെ കേന്ദ്ര ഗവണ്മെന്റും എംബസിയും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ കഴിയട്ടെയെന്നുള്ള പ്രാർഥനയോടെയാണ് കുട്ടികളുടെ മാതാപിതാക്കള്‍ കഴിയുന്നത്.
ഏതുസമയത്തും ആക്രമണം ഉണ്ടാകും; ഭീതിയിലാണ് ഞങ്ങൾ
മണ്ണഞ്ചേരി: ഏത് സമയത്തും തങ്ങൾ നിൽക്കുന്ന പ്രദേശവും യുദ്ധത്തിന്റെ പിടിയിൽ പെടാമെന്ന് യുക്രെയിനിലെ സപോറിഷിയ യിൽ നിന്ന് മുഹമ്മദ് യാസീൻ. സാപോറോഷിയ സംസ്ഥാന മെഡിക്കൽ സർവകലാശാലയിൽ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. മണ്ണഞ്ചേരി 21ാം വാർഡ് കൊല്ലശ്ശേരിയിൽ ആലപ്പുഴ വഴിച്ചേരി എം.എം.എ യുപി സ്കൂൾ അധ്യപകൻ പി.യു.ഷറഫ് കുട്ടിയുടെയും, ഫാസിലയുടെയും മകനാണ് മുഹമ്മദ് യാസീൻ.
ഞങ്ങൾ 450 മലയാളികൾ ഇവിടെ സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്ന് തന്നെ 50 ലധികം പേരുണ്ട്. രാത്രി മുതൽ കോളജിന് ചുറ്റിലും വിമാനം പറക്കുന്നുണ്ട്. രാവിലെ 10ന് ഞങ്ങളെ ബങ്കറിൽ കൊണ്ട് പോയി. റഷ്യൻ സൈന്യം ഉള്ളതിനാലാണ് ബങ്കറിൽ കൊണ്ട് പോയത്. സൈന്യം കീവിലേക്ക് പോകുകയാണ്. ഇപ്പോൾ ഹോസ്റ്റലിലാണ്-യാസീൻ പറഞ്ഞു. എപ്പോൾ വേണമെങ്കിലും ഒരു ആക്രമണം പ്രതീക്ഷിക്കാം. അത് കൊണ്ട് തന്നെ ഭീതിയിലാണ്. സർവകലാശാലയുടെ ഹോസ്റ്റലിൽ ആയത് കൊണ്ട് ഇപ്പോൾ സുരക്ഷിതരാണ്.
24 മണിക്കൂറും സെക്യൂരിറ്റിയും വേണ്ട മുൻകരുതലുകളും സർവകലാശാല എടുക്കുന്നുണ്ട്. ഇതു വരെ അവിടെ നിന്നും മാറ്റുന്ന കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല. അതിർത്തിയിലേക്ക് പോകുന്ന കാര്യം ബുദ്ധിമുട്ടാണ്. ആരെങ്കിലും ഇടപെട്ടാലേ അത് സാധ്യമാകു. ഭക്ഷണത്തിന് ചെറിയ രീതിയിലുള്ള ക്ഷാമമുണ്ട്. വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് എന്നിവക്ക് കുഴപ്പമില്ല. എ.ടി. എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനും പരിധിയിയുണ്ട്.
സ്ഫോടനം തൊട്ടടുത്ത്; ഭയംവിട്ടുമാറാതെ ഏബൽ
മാവേലിക്കര: യുക്രെയ്നിലെ കിയവ് വിമാനത്താവളത്തിനടുത്തെ ഫ്ലാറ്റിലാണ് മാവേലിക്കര സ്വദേശി ഏബലിന്റെ താമസം. താമസസ്ഥലത്തിന്റെ 800 മീറ്റർ അടുത്താണ് സ്ഫോടനമുണ്ടായത്. ശരിക്കും ഞെട്ടി. ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പിന്നീട് മലയാളിയായ മറ്റൊരു വിദ്യാർഥിയുടെ ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു. അടുത്തുള്ള മറ്റ് മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് കഴിഞ്ഞ ദിവസം ചെന്നെങ്കിലും രാത്രിയായതിനാൽ അവിടെ കയറ്റിയില്ല. ഫോണിലൂടെയുള്ള ഈ സംസാരത്തിൽതന്നെ കിയവിൽ സ്ഥിതി അതിരൂക്ഷമാണെന്ന് ബോധ്യപ്പെടും.
മാവേലിക്കര ആക്കനാട്ടുകര കോട്ടയിൽ ഏബൽ വില്ലയിൽ തോമസ് പി. ജോർജിന്റെ മകൻ ഏബൽ ജോർജ് തോമസ് (24) യുക്രെയ്ൻ-അമേരിക്കൻ കോൺകോർഡിയ സർവകലാശാലയിൽ എം.ബി.എ വിദ്യാർഥിയാണ്. പഠനത്തിന് ഒരുവർഷം മുമ്പ് യുക്രെയ്നിൽ എത്തിയ ഏബൽ കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ തിരികെയെത്തിയിരുന്നു. പരീക്ഷ എഴുതാനും വിസ പുതുക്കാനുമായി ഒരുമാസം മുമ്പാണ് തിരികെ പോയത്. ഇന്റർനെറ്റ് സംവിധാനം പൂർണമായും തകരാറിലായി. സാധനങ്ങൾ വാങ്ങുന്നതിന് കാർഡ് ഉപയോഗിക്കാൻ കഴിയുന്നില്ല. ആഹാരസാധനങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണ് -ഏബൽ പറഞ്ഞു.
ഞങ്ങളിവിടെ ഭൂഗർഭ മുറിയിൽ; പുറത്ത് ഭീതിപ്പെടുത്തുന്ന ശബ്ദം...
മാവേലിക്കര: 'താമസിച്ചിരുന്ന കോളജ് ഹോസ്റ്റലിന്റെ ഭൂഗർഭ മുറികളിലേക്ക് മാറിയിട്ട് 48 മണിക്കൂറാകുന്നു. അത്യാവശ്യമുള്ള ആഹാരസാധനങ്ങളുമായാണ് അമ്പതോളം വിദ്യാർഥികൾ മുറികളിൽ തിങ്ങിക്കഴിയുന്നത്. രേഖകൾ അടങ്ങിയ ചെറിയ ബാഗും ചെറിയ ലഗേജും പ്രത്യേകം കരുതണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്'- വള്ളികുന്നത്തുനിന്ന് യുക്രെയ്നിൽ മെഡിക്കൽ വിദ്യാർഥിയായ നീതു വീട്ടുകാരോട് ഫോണിൽ പറഞ്ഞതാണിങ്ങനെ. വള്ളികുന്നം കടുവിനാൽ വർഗീസ് ഭവനിൽ വർഗീസ് നൈനാന്റെ മകൾ നീതു യുക്രെയ്നിലെ ഖർകിവ് നാഷനൽ മെഡിക്കൽ യൂനിവഴ്സിറ്റിയിലാണ് എം.ബി.ബി.എസിന് പഠിക്കുന്നത്.
'പുറത്ത് കാതടപ്പിക്കുന്ന ശബ്ദം ഇടക്കിടെ മുഴങ്ങുന്നു. കഴിഞ്ഞദിവസം ആഹാരം എടുത്തുകൊണ്ടിരുന്നപ്പോഴാണ് ഭൂഗർഭ അറയിലേക്ക് പോകാനുള്ള സൈറൺ മുഴങ്ങിയത്. അത്യാവശ്യ ആഹാര സാധനങ്ങളുമായായി ഭൂഗർഭ അറയിലേക്ക് മാറുകയായിരുന്നു. അമ്പതോളം പേരാണ് ഒരുമുറിയിൽ തിങ്ങിഞെരുങ്ങി താമസിക്കുന്നത്. ഇതിൽ ഒമ്പതോളം പേർ മലയാളികളാണ്. മറ്റ് രണ്ടുമുറിയിലും ഇതേ അവസ്ഥയാണ്' -നീതു ഇടക്കിടെയുള്ള വിളിയിൽ വീട്ടുകാരോട് പറഞ്ഞു. ഡിസംബർ 12നാണ് നീതു യുക്രെയ്നിൽ എത്തിയത്. യുദ്ധഭീതി ഉണ്ടായതോടെ നാട്ടിലേക്ക് തിരികെ എത്താനുള്ള പണം വീട്ടുകാർ അയച്ചുനൽകിയിരുന്നു. 26ന് ടിക്കറ്റ് ലഭിച്ചെങ്കിലും തുടർന്ന് വിമാനത്താവളം അടച്ചതായുള്ള അറിയിപ്പ് വന്നതോടെ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയായി. നാട്ടിലേക്ക് എത്രയുംവേഗം മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഹോസ്റ്റലിൽ കഴിയുന്നവരെല്ലാമെന്നും നീതു പറയുന്നു.
ഫോൺബന്ധം തകരാറിലാകാം; ആശങ്കപ്പെടരുത്
അമ്പലപ്പുഴ: യുക്രെയ്നിലെ സപോറിഷിയ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി തോട്ടപ്പള്ളി നന്ദനത്തിൽ പരേതരായ പ്രശോഭന്റെയും ഇന്ദുവിന്റെയും മകൾ ചന്ദന യുദ്ധഭൂമിക്കടുത്താണ് കഴിയുന്നത്. മൂന്ന് കി.മീ. ചുറ്റളവിൽ ഫോൺ ബന്ധം തകരാറിലായാൽ ആശങ്ക വേണ്ടെന്നും സുരക്ഷിതരാണെന്നും ബന്ധുക്കളോട് സംസാരിച്ചു. മുൻ മന്ത്രി ജി. സുധാകരന് ചന്ദന മെയിൽ അയച്ചിരുന്നു. ചന്ദന ഉൾപ്പെടെ എണ്ണൂറോളം മലയാളി വിദ്യാർഥികൾ അടുത്തടുത്ത കെട്ടിടങ്ങളിലുണ്ടെന്നും ഫോണ്‍ ബന്ധം തടസ്സപ്പെടാനിടയുണ്ടെന്ന ആശങ്കയുമാണ് ചന്ദന പങ്കുവെച്ചത്.
ഈ വിവരം സുധാകരൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. എച്ച്. സലാം എം.എൽ.എ ചന്ദനയുടെ വീട് സന്ദര്‍ശിച്ചു. കുട്ടിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചന്ദനക്ക് സുരക്ഷ ഒരുക്കാനും നാട്ടിലെത്തിക്കാനും ശ്രമം നടത്താൻ ആവശ്യമായ ഇടപെടൽ എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
തിരിച്ചുവരാൻ താൽകാലിക റെസിഡന്റ് കാർഡില്ല
ചാരുംമൂട്: യുദ്ധം തുടങ്ങിയ ദിവസം വലിയ ശബ്ദം കേട്ടിരുന്നതായും ഹോസ്റ്റലിന്റെ താഴെ ബങ്കറിലാണ് കഴിയുന്നതെന്നും വീട്ടുകാരെ അറിയിച്ചു താമരക്കുളം സ്വദേശി എം. അനന്തു. താമരക്കുളം ചക്കാലയിൽ മുരളീധരൻ പിള്ള-വസന്തകുമാരി ദമ്പതികളുടെ മകൻ എം. അനന്തു യുക്രെയ്നിലെ ഖർകിവിൽ നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്.
2021 ഡിസംബർ-25 നാണ് യുക്രെയ്നിലെത്തിയത്. മാർച്ച് ഏഴിന് വിസകാലാവധി തീരുമെന്നതിന്റെ പ്രശ്നമുണ്ട്. ഒപ്പം അദാം എന്ന കോഴിക്കോട്ടുകാരനായ വിദ്യാർഥിയും ഉണ്ട്. ഇവർ ഒരുമിച്ചാണ് മിർ എന്ന ഹോസ്റ്റലിൽ താമസം. തിരിച്ചുള്ള യാത്രക്ക് ടെംപററി റെസിഡന്റ് കാർഡ് ലഭിക്കേണ്ടതുണ്ടെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.