തുലാവർഷം ഉരുണ്ടുകൂടി; ഇടനെഞ്ച് പിടഞ്ഞ് കർഷകർ
text_fieldsഎടത്വ: തുലാവര്‍ഷം ആകാശത്ത് ഇരുണ്ടുകൂടുമ്പോള്‍ ഇടനെഞ്ച് പിടഞ്ഞ് കര്‍ഷകർ. രണ്ടാംകൃഷി വിളവെടുക്കുന്നവരും പുഞ്ചകൃഷിക്ക് തയാറായ നിലങ്ങളിലെ കര്‍ഷകരും ആശങ്കയിലാണ്. രണ്ടാം കൃഷിയുടെ വിളവെടുപ്പ് പൂർത്തിയാകാത്ത പാടശേഖരങ്ങളിലെ കർഷകരാണ് ഏറെയും പ്രതിസന്ധിയിലായത്. കനത്ത മഴയിൽ നെല്ലടിഞ്ഞതോടെ യന്ത്രത്തിൽ കൊയ്തെടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കൊയ്ത് കരക്കുകയറ്റിയ നെല്ലിനാകട്ടെ ഈര്‍പ്പത്തിന്റെ പേരില്‍ ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.
തകഴി കൃഷിഭവൻ പരിധിയിൽപെട്ട പോളേപ്പാടം, എടത്വയിലെ പച്ച എരവുരി പാടശേഖരങ്ങളിൽ കൊയ്ത്ത് നടക്കാനുണ്ട്. പോളേപ്പാടത്ത് കൊയ്ത്ത് ആരംഭിച്ചെങ്കിലും ഞായറാഴ്ച നിർത്തിവെച്ചിരുന്നു. ശനിയാഴ്ച രാത്രിയിലെ ശക്തമായ മഴയെ തുടർന്നാണ് കൊയ്ത്ത് നിർത്തിവെച്ചത്. പോളേപ്പാടത്തെ കൊയ്ത്തുകഴിഞ്ഞശേഷം അതേയന്ത്രം ഉപയോഗിച്ച് വേണം പച്ച ഇരവുകരി പാടത്തെ കൊയ്ത്ത് ആരംഭിക്കാൻ. എരവുകരി പാടത്തെ വിളവ് 140 ദിവസം പിന്നിട്ടു. ഏതാനും കർഷകരുടെ നെല്ല് ശക്തമായ മഴയിൽ നിലംപൊത്തുകയും ചെയ്തു. വീണ്ടും മഴ ശക്തിപ്രാപിച്ചാൽ വിളവെടുപ്പിന് പ്രതിസന്ധി നേരിടും.
സംഭരണത്തിലെ കിഴിവാണ് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം. കേളമംഗലം കൊല്ലംപറമ്പ് പാടത്തുനിന്ന് സംഭരിച്ച നെല്ലിന് 10കിലോ കിഴിവ് വെച്ച് കർഷകർ നൽകിയിരുന്നു. തകഴി മൂക്കേടി പാടത്തെ നെല്ലിന്റെ കിഴിവ് അഞ്ചുകിലോ മുതൽ ഏഴുകിലോ വരെ എടുത്തിരുന്നു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ഏജന്റുമാർ ആവശ്യപ്പെടുന്ന കിഴിവില്‍ കർഷകർ നെല്ല് നൽകുകയാണ്. ഒട്ടുമിക്ക പാടശേഖരങ്ങളിലും രണ്ടിൽ താഴെ വിളവ് മാത്രമാണ് ലഭിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി രണ്ടാംകൃഷിയുടെ ചെലവ് വർധിച്ചിരുന്നു. ഒട്ടുമിക്ക പാടങ്ങളിലും വരിനെല്ല്, കവട, എന്നിവ വളർന്നിരുന്നു. വരിനെല്ലിനും കവടക്കുമായി മൂന്നിലേറെ തവണ മരുന്ന് തളിച്ച കർഷകരുമുണ്ട്.
പുഞ്ച കൃഷിയുടെ പ്രാരംഭ നടപടിയും കനത്ത മഴ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മിക്ക പാടങ്ങളും വെള്ളംവറ്റിച്ച് കൃഷിപ്പണി ആരംഭിച്ചിരുന്നു. നദിയിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയതോടെ പല പാടങ്ങളിലും പമ്പിങ് നിർത്തിവെച്ചിരിക്കുകയാണ്. മഴ നീണ്ടുനിന്നാൽ പുഞ്ചകൃഷി താമസിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയിൽ ജില്ലയുടെ പല സ്ഥലങ്ങളിലും കനത്ത മഴയാണ് പെയ്തത്. പത്തനംതിട്ടയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.