പൊള്ളുന്ന പനി... 10 ദിവസത്തിനിടെ ചികിത്സ തേടിയത് 6,249 പേർ
text_fieldsആലപ്പുഴ: ജില്ലയിൽ മഴ ശക്തമായതോടെ പനിബാധിതരുടെ എണ്ണവും പെരുകുന്നു. ചൊവ്വാഴ്ച എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. ജൂൺ അവസാനവാരത്തോടെ പനിബാധിതരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും ഉയർന്നതായാണ് കണക്കുകൾ. വയറിളക്ക രോഗങ്ങളും ശമനമില്ലാതെ തുടരുന്നു.
ചൊവ്വാഴ്ച ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 561 പേർ പനിബാധക്ക് ചികിത്സ തേടി. രണ്ടുപേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് വീതം എലിപ്പനിയും എച്ച്1 എൻ1 പനിയും സ്ഥിരീകരിച്ചു. 55 പേർ വയറിളക്ക രോഗ ബാധിതരായി ചികിത്സ തേടി. ഇത് സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് എത്തിയവരുടെ മാത്രം കണക്കാണ്. ഇതിന്റെ ഇരട്ടിയിലേറെ പേരാണ് സ്വകാര്യ ആശുപത്രികളിൽ എത്തുന്നത്. കഴിഞ്ഞ 10 ദിവസങ്ങളിലായി 6,249 പേർ പനി ബാധക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 81 പേരുടെ നില ഗുരുതരമായതിനാൽ കിടത്തി ചികിത്സയിലാണ്.
54 പേർക്ക് ഡെങ്കി ബാധ സ്ഥിരീകരിച്ചു. 703 പേർക്ക് വയറിളക്ക രോഗങ്ങൾ ബാധിച്ചു. 15 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. നാലുപേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് ഒരാൾ എലിപ്പനിബാധിച്ച് മരിച്ചത്. പനിബാധിതർ ഏറുന്നതിനാൽ കുട്ടികള്‍, അതീവ ഗുരുതരമല്ലാത്തവര്‍ എന്നിവര്‍ ഒഴികെയുള്ളവരെ മരുന്ന് നല്കി വീട്ടില്‍ വിശ്രമിക്കാന്‍ പറഞ്ഞ് മടക്കി അയയ്ക്കുകയാണ്. എന്നാല്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
മഴ കൂടിയതോടെ വെള്ളക്കെട്ട് ഉണ്ടാകുന്നത് എലിപ്പനി വർധിക്കാൻ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടിവെള്ളം ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കുന്നില്ലെങ്കിൽ വയറിളക്ക രോഗങ്ങൾക്കും സാധ്യത കൂടുതലാണ്. ജൂൺ മധ്യത്തോടെ ജില്ലയിൽ പ്രതിദിന പനിബാധിതരുടെ എണ്ണം 900 കടന്നിരുന്നു. ജൂൺ അവസാനവാരത്തിൽ ഇത് 5050 ലേക്ക് എത്തിയിരുന്നു. ജൂലൈ ഒന്നിന് 781 പേർക്ക് പനിയും ഏഴുപേർക്ക് ഡെങ്കിയും ഒരാൾക്ക് എലിപ്പനിയും 85 പേർക്ക് വയറിളക്കവും സ്ഥിരീകരിച്ചു. രണ്ടാം തീയതി 400 പേർക്കും മൂന്നിന് 673 പേർക്കും പനി ബാധ സ്ഥിരീകരിച്ചു.
ഞായറാഴ്ചകളിലും ഒ.പി സംവിധാനം വേണമെന്ന്
ഞായറാഴ്ചകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗം ഇടത്തും ഒ.പിയില്ല. അതിനാൽ ഞായറാഴ്ചകളിൽ സർക്കാർ പുറത്തുവിടുന്ന പനിബാധിരുടെ എണ്ണം കുറവാണ്. അതിനാലാണ് രണ്ടാം തീയതി എണ്ണം 400ആയി കുറഞ്ഞത്. പനിയും മറ്റ് പകർച്ചവ്യാധികളും പെരുകുന്നതിനാൽ ഞായറാഴ്ചകളിലും എല്ലാ സർക്കാർ ആശുപത്രികളിലും ഒ.പി സംവിധാനം പ്രവർത്തിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
തദ്ദേശ സ്ഥാപനങ്ങളാണ് ഇതിന് മുൻകൈയെടുക്കേണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലരിലും കടുത്ത ക്ഷീണാവസ്ഥ ഇപ്പോഴത്തെ പനിബാധമൂലം ഉണ്ടാകുന്നതായി രോഗബാധിതർ പറയുന്നു. പനി ഒരാഴ്ചക്കകം ശമിക്കുമെങ്കിലും തുടർന്ന് രണ്ടാഴ്ചയോളമാണ് ക്ഷീണാവസ്ഥ നിലനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.