ആലപ്പുഴ ജില്ലയിൽ പനി ബാധിതർ കൂടുന്നു
text_fieldsആലപ്പുഴ: ജില്ലയിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു. വെള്ളിയാഴ്ച മാത്രം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത് 84 പേർ. ഇതിൽ 24 പേരെ കിടത്തിച്ചികിത്സ വിഭാഗത്തിലേക്ക് മാറ്റി. ആലപ്പുഴ ജനറൽ ആശുപത്രിയിൽ വെള്ളിയാഴ്ച 108 പേരാണ് പനി ബാധിച്ച് എത്തിയത്. ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പനി ബാധിച്ച് എത്തിയവരുടെ എണ്ണം 98.
തുറവൂർ താലൂക്ക് ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ പേർ പനിക്ക് ചികിത്സ തേടിയത്. 320 പേർ. കായംകുളം താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച് വെള്ളിയാഴ്ച എത്തിയത് 268 പേർ. ചേർത്തല താലൂക്ക് ആശുപത്രിയിൽ 86 പേരും പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ 135 പേരും ചികിത്സതേടി. ഹരിപ്പാട് ആശുപത്രിയിൽ 13 പേർ പനിബാധിച്ച് എത്തി. ജില്ലയിൽ എച്ച്3എൻ2 പകർച്ചപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പനിബാധിതരെ നിരീക്ഷിക്കുന്നുണ്ട്. ബുധനാഴ്ച ജില്ലയിൽ ഒരാൾക്ക് എച്ച്3എൻ2 സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇയാൾ ആശുപത്രി വിട്ടു.
അഞ്ചു ദിവസത്തിൽ കൂടുതൽ നീളുന്ന പനി, അതിസാരം, ഛർദി, ശ്വാസംമുട്ടൽ തുടങ്ങി കോവിഡ് സമാന ലക്ഷണങ്ങളാണ് എച്ച്3എൻ2 പകർച്ചപ്പനിയുടേതും. ഓസൾട്ടാമിവിർ ഗുളികകളാണു പനിബാധിതർക്കു നൽകുന്നത്. ഇതു ജില്ലയിൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ പേരിൽ പകർച്ചപ്പനി സ്ഥിരീകരിക്കാത്തതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.