ജ്യൂട്ട് മാറ്റ് ഫിനിഷിങ് സെന്ററിൽ തീപിടിത്തം; 70 ലക്ഷത്തിന്റെ നഷ്ടം
text_fieldsകലവൂർ: ആര്യാട് പഞ്ചായത്ത് 17ാം വാർഡ് തുമ്പോളിയിലെ ജ്യൂട്ട് മാറ്റ് ഫിനിഷിങ് സെന്ററിൽ തീപിടിത്തം. മാതാ അസോസിയേറ്റ്സ് എന്ന ജ്യൂട്ട് മാറ്റ് ഫിനിഷിങ് യൂനിറ്റിലാണ് തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. രാവിലെ 10.15നാണ് സംഭവം. സ്ഥാപനത്തിലെ റഗ് ആന്റ് ജ്യുട്ട് മാറ്റിനാണ് തീപിടിച്ചത്. കമ്പനിയുടെ പിറകിൽ താമസിക്കുന്നവരാണ് ആദ്യം തീ കണ്ടത്. പിറകിലുണ്ടായിരുന്ന മോട്ടോർ ഉൾപ്പടെയുള്ള വൈദ്യുതി ഉപകരണങ്ങൾക്ക് ആദ്യം തീ പിടിക്കുകയും പിന്നീട് പടരുകയുമായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ടൺ കണക്കിന് മാറ്റ് ഉൾപ്പടെയുള്ള ജൂട്ട് ഉത്പന്നങ്ങൾ കത്തി നശിച്ചു.
കയറ്റുമതിക്കായി സൂക്ഷിച്ചുവെച്ചിരുന്ന ഉൽപന്നങ്ങളാണ് കൂടുതൽ അഗ്നിക്കിരയായത്. 70 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉള്ളതായി ഉടമ കുര്യൻ പറഞ്ഞു. എൻ.സി ജോൺ കമ്പനിയിൽ നിന്ന് സബ് കരാർ എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാത അസോസിയേറ്റ്സ്. അഗ്നിരക്ഷ സേനയുടെ ആലപ്പുഴയിൽ നിന്നുള്ള മൂന്ന് യൂനിറ്റും ചേർത്തലയിൽ നിന്ന് ഒരു യൂനിറ്റും എത്തിയാണ് തീ നിയന്ത്രണത്തിലാക്കിയത്. ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.