സ്വർണക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsആലപ്പുഴ: നഗരത്തിലെ സ്വർണക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം. മുല്ലയ്ക്കൽ മഹാകാളിയമ്മൻ കോവിലിനുസമീപം സൗപർണിക ജ്വല്ലറിക്കാണ് തീപിടിച്ചത്. ഞായറാഴ്ച പുലർച്ച 1.15നായിരുന്നു സംഭവം.
15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കടയിൽനിന്ന് തീയുംപുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചത്. ആലപ്പുഴയിലെ അഗ്നിരക്ഷാസേനയിലെ രണ്ട് യൂനിറ്റെത്തി ഏറെ സമയമെടുത്താണ് തീകെടുത്തിയത്. കടയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും സ്വർണം, വെള്ളി ആഭരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഇതിന്റെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.
ജ്വല്ലറിയുടെ രണ്ട് മുറികൾക്കാണ് തീപിടിച്ചത്. കടയിൽ സ്വർണം ഉരുക്കുന്നതിനുള്ള ഗ്യാസ് ഉണ്ടായിരുന്നു. കടമുറിയോട് ചേർന്ന് വീടും അടുത്തുള്ള കടമുറികളിൽ പാചകവാതക സിലണ്ടറുകളും സൂക്ഷിച്ചിരുന്നു.
ഇവിടേക്ക് തീപടരാതിരിക്കാൻ അഗ്നിരക്ഷാസേനയുടെ ഇടപെടൽ രക്ഷയായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
അസി. സ്റ്റേഷൻ ഓഫിസർ വാലെൈന്റൻ, അസി. സ്റ്റേഷൻ ഓഫിസർ ജയസിംഹൻ, അനികുമാർ, അഗ്നിരക്ഷാവിഭാഗം ഓഫിസർമാരായ സി.കെ. സജേഷ്, പി. രതീഷ്, ശശി അഭിലാഷ്, എസ്. സുജിത്ത്, ആർ. സന്തോഷ്, ഷാജൻ കെ. ദാസ്, ടി.ജെ. ജിജോ, ബിനോയ്, ബിനുകൃഷ്ണ, കലാധരൻ, ഉദയകുമാർ, വിനീഷ്, പുരുഷോത്തമൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സൗത്ത് പൊലീസും ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.