വേനൽ കടുത്തു:തീപിടിത്തം വ്യാപകം, ഓടിത്തളർന്ന് അഗ്നിരക്ഷാസേന
text_fieldsആലപ്പുഴ: വേനൽ കടുത്തതോടെ ആലപ്പുഴയിൽ തീപിടിത്തം വ്യാപകം. ജില്ലയിൽ ഈ മാസം വിവിധയിടങ്ങളിലായി അമ്പതിലധികം തീപിടിത്തം ഉണ്ടായി. പകൽ കനത്ത ചൂടും കാറ്റുമാണ് തീപിടിത്തതിന് പ്രധാനകാരണം. ഉണങ്ങിയ ചപ്പുചവറുകൾക്കും പുല്ലിനുമാണ് തീപിടിക്കുന്നത്.
വൈദ്യുതി പോസ്റ്റുകൾക്കും നാശമുണ്ടായിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് വീടുകളിലെ തീപിടിത്തത്തിന് കാരണം. പറമ്പുകളിലും പാടത്തും ഉണങ്ങിയ പുല്ലിന് തീയിടുന്നതും വർധിച്ചു. ആലപ്പുഴ നഗരത്തിലും പരിസരത്തുമായി ഇരുപത്തഞ്ചിലധികം സ്ഥലങ്ങളിലാണ് ജനുവരിയിൽ മാത്രം തീപിടുത്തമുണ്ടായത്.
പുതുവർഷത്തിന്റെ ആദ്യദിനം ബീച്ചിലെ വിജയപാർക്കിന് പടിഞ്ഞാറുവശത്തെ പുല്ലിനാണ് തീപിടിച്ചത്. പിന്നീട് ബുദ്ധിമാൻ കോളനിയിൽ ട്രാൻസ്ഫോർമറിനും വൈദ്യുതി പോസ്റ്റിനും തീപിടിച്ചു. കലവൂർ ആനകുത്തിപ്പാലത്തിന് സമീപം 50 സെന്റിൽ ഉണങ്ങിയ പുല്ലും കത്തിനശിച്ചു. ആലപ്പുഴ ചന്ദനക്കാവ് പാലസ് വാർഡിൽ പറമ്പിലെ പുല്ലിനും ആലപ്പുഴ സഹൃദയ ഹോസ്പിറ്റലിന് സമീപത്തെ ജെറിസ് ബിൽഡിങ്ങിലെ വീട്ടിലെ മെയിൻ സ്വിച്ചും കത്തിനശിച്ചത് ഈ മാസമാണ്. കോമളപുരം സ്പിന്നിങ് മില്ലിന് സമീപം പറമ്പിലെ പുല്ല്, തുമ്പോളി എൻ.സി. ജോൺ കമ്പനി സ്ഥിതിചെയ്യുന്ന നാഷനൽ ഹൈവേക്ക് പടിഞ്ഞാറ് പുല്ലും ചപ്പുചവറുകളും തടികളും ചാനൽകേബിളിനും തീപിടിച്ച് നശിച്ചിരുന്നു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാംവാർഡിൽ ഗോപാലകൃഷ്ണ കുറുപ്പിന്റെ പറമ്പിലെ പുല്ല്, ആലപ്പുഴ വഴിച്ചേരിയിൽ തടിമില്ലിനുസമീപം കൂട്ടിയിരുന്ന തടികൾ, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന് സമീപം ചപ്പുചവർ, കളർകോട് കൈതവന ജങ്ഷനുസമീപം ചവറുകൾ, കൂട്ടിയിട്ട മരക്കഷണങ്ങൾ, ഗവ. ഗെസ്റ്റ് ഹൗസിനു സമീപം പറമ്പിലെ പുല്ല്, ആലപ്പുഴ കൊമ്മാടി ബൈപാസിന് സമീപം റോഡരികിലെ മരച്ചുവട്, വഴിച്ചേരിയിൽ മുനിസിപ്പാലിറ്റിയുടെ പ്ലാസ്റ്റിക് മാലിന്യശേഖരണം, കളർകോട് റിലയൻസ് മാളിൽ പുറത്ത് കൂട്ടിയിരുന്ന മാലിന്യം, ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലെ മാലിന്യക്കൂമ്പാരം തുടങ്ങിയവക്ക് തീപിടിച്ചത് ഈ മാസമാണ്. പലദിവസങ്ങളിലും തീപിടിത്തം കെടുത്തിയശേഷം അടുത്തസ്ഥലത്തേക്ക് കുതിച്ചെത്തേണ്ട സാഹചര്യമുണ്ടായിരുന്നു. തീപിടിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ എണ്ണവും കൂടുതലാണ്.
കഴിഞ്ഞദിവസത്തെ തീപിടിത്തത്തിന് പിന്നാലെ ഞായറാഴ്ച രണ്ടിടത്താണ് തീപിടിച്ചത്. പുലർച്ച 12.05ന് ആലപ്പുഴ വൈ.എം.സി.എ സെന്റ് മേരീസ് തടിമില്ലിന് സമീപം തടികൾക്ക് തീപിടിച്ചതാണ് ആദ്യ സംഭവം.
അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം വെള്ളം പമ്പ്ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. സമയോചിതമായ ഇടപെടലിൽ ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ സംരക്ഷിച്ചു.
ഉച്ചക്ക് 12.25ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി കാന്റീനായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിനും വാട്ടർ ട്രാൻസ്പോർട്ട് ഡയറക്ടറേറ്റ് ഓഫിസിനും മധ്യേ ചപ്പുചവറുകൾക്ക് തീപിടിച്ചതാണ് രണ്ടാമത്തേത്. തീ ആളിയതോടെ ചെറിയ സ്ഫോടനശബ്ദം കേട്ടതും പരിഭ്രാന്തി പരത്തി. കാലപ്പഴക്കത്താൽ അപകടാവസ്ഥിലായ ഇരുനില കോഫിഹൗസ് കെട്ടിടത്തിന്റെ പി.വി.സി പൈപ്പുകളും കത്തിനശിച്ചു. മാലിന്യക്കൂമ്പാരത്തിൽ സ്പ്രേബോട്ടിൽ പൊട്ടിത്തെറിച്ചതാണ് സ്ഫോടന ശബ്ദമുണ്ടാക്കിയതെന്നാണ് നിഗമനം. അസി. സ്റ്റേഷൻ ഓഫിസർ എച്ച്. സതീശൻ, ആർ. സന്തോഷ്, ബി. ബിനോയി, കെ.ആർ. അനീഷ്, വിപിൻ രാജ്, ടി.ടി. സന്തോഷ്, കെ.ബി. ഹാഷിം, ഷാജൻ കെ. ദാസ്, പി. അഖിലേഷ്, ഉദയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.