പുതുവർഷാഘോഷത്തിന് ഒരുങ്ങി പടക്ക വിപണി
text_fieldsആലപ്പുഴ: പടക്കമില്ലാതെ മലയാളികൾക്കെന്താഘോഷം. പുതുവത്സരത്തോടുകൂടി ആലപ്പുഴയിൽ പടക്ക വിപണി സജീവമായി. കുട്ടികളും മുതിർന്നവരുമെല്ലാം ഒരേപോലെ ഇഷ്ടപ്പെടുന്ന പടക്കം പൊട്ടിക്കൽ പുതുവർഷാഘോഷങ്ങളിൽ അരങ്ങ് തകർക്കുമെന്നാണ് പ്രതീക്ഷ. ഇതറിഞ്ഞ് വിപണി കൈയടക്കൻ തയാറായിരിക്കുകയാണ് പുതിയ ഫാൻസി പടക്കങ്ങൾ.
ഫാൻസി ഇനങ്ങൾ കൂടുതലും ചൈനയിൽനിന്നാണ് വരുന്നത്. ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പുത്തൻ പേരുകളിൽ അവ നിരന്നുകഴിഞ്ഞു. ഗാലക്സി സ്വോർഡ്, ക്രിക്കറ്റ് ബാറ്റ്, ഡ്രാഗൺ റോക്കറ്റ് എന്നിങ്ങനെയൊക്കെയാണ് പേരുകൾ. ഗാലക്സി സ്വോർഡ് എന്ന പേരിൽ അറിയപ്പെടുന്ന പടക്കം വാളിന്റെ ആകൃതിയിലുള്ളതാണ്.
കമ്പിത്തിരിയെക്കാളും കൂടുതൽ സമയം കത്തുമെന്നതും നീളം കൂടുതലായതുകൊണ്ട് കുട്ടികൾക്കു പേടികൂടാതെ പൊട്ടിക്കാം എന്നതുമാണ് പ്രത്യേകത. ക്രിക്കറ്റ് ബാറ്റ് ആകൃതിയിലുള്ള പടക്കം, ലവ് ചിഹ്നത്തിന്റെ ആകൃതിയിൽ വരുന്ന കമ്പിത്തിരികൾ, വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും പേരിലും രൂപത്തിലുമുള്ള ഫാൻസി പടക്കങ്ങൾ എന്നിവയൊക്കെ വിപണിയിലുണ്ട്.
റോക്കറ്റ് ഇനത്തിൽ വരുന്നതാണ് ഡ്രാഗൺ പടക്കങ്ങൾ. സാധാരണ പടക്കക്കടകളിലുള്ള റോക്കറ്റിനെക്കാളും കൂടുതൽ ദൂരം പോകാൻ ഇതിന് കഴിയും പൊട്ടിക്കഴിഞ്ഞാൽ മൂന്നോളം വിവിധ നിറങ്ങൾ തെളിയും. മീനിന്റെ രൂപത്തിലുള്ള നിലാത്തിരികളും പുതിയ ട്രെൻഡാണ്.
പരമ്പരാഗതമായ പടക്കങ്ങളും ഇവക്കൊപ്പമുണ്ട്. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത ശാന്തമായ ശബ്ദമുള്ള പടക്കങ്ങളും വിപണിയിലുണ്ട്. കുട്ടികൾക്കിടയിൽ പ്രിയപ്പെട്ട ഒരു പടക്കത്തിന്റെ രൂപമാണ് പേപ്പർ ബോംബുകൾ. പേപ്പർ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം.
പേപ്പർ ബോംബുകൾ, പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതും ശബ്ദം കുറവുള്ളതുമായതിനാൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നു. അഞ്ച് രൂപ മുതൽ 5000 രൂപ വരെ പടക്കങ്ങൾക്ക് വില വരുന്നുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ വിലയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
മേശാപൂവിന്റെ ഇനത്തിൽ വരുന്ന വിത്യസ്തമായ ഇനങ്ങൾ വിപണിയിലുണ്ട്. മയിൽ പടക്കം എന്ന പേരിൽ വരുന്നത് കത്തുമ്പോൾ മയിൽ പീലിവിടർത്തുന്ന പോലെ വിവിധ വർണങ്ങളിൽ കത്തും. ഒരു തിരി കൊളുത്തിയാൽ രണ്ടുതവണ കത്തുന്ന ഗോൾഡ് ഫിഷിന്റെ ആകൃതിൽ വരുന്ന ഗോൾഡ് ബർഗും ശ്രദ്ധയാകർഷിക്കുന്നു.
ഓരോന്നായി വാങ്ങുന്നതിന് പകരം വിവിധ തരത്തിലുള്ള 50 എണ്ണം അടങ്ങിയ സെറ്റിന് 900 രൂപയാണ് വിലവരുന്നത്. 30 ഇനം അടങ്ങിയ 500 രൂപ വിലവരുന്ന ചെറിയ സെറ്റുമുണ്ട്. പരമ്പരാഗതമായവ കൂടുതലും ശിവകാശിയിൽനിന്ന് വന്നവയാണ്. കമ്പിത്തിരി, മത്താപ്പ്, ചക്രം, നിലാതിരി എന്നിവക്കുതന്നെയാണ് ആവശ്യക്കാർ ഏറെ ഉള്ളതെന്ന് ആലപ്പുഴ യുനൈറ്റഡ് ട്രേഡേഴ്സിലെ പടക്ക വിൽപന കച്ചവടക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.