റമദാനിലെ ആദ്യ വെള്ളി: ആത്മീയ നിറവിൽ പള്ളികൾ
text_fieldsആലപ്പുഴ: റമദാനിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികൾ പ്രാർഥനാനിര്ഭരമാക്കി. ജുമുഅ നമസ്കാരത്തിന് വിശ്വാസികൾ പള്ളികളിലേക്ക് ഒഴുകിയെത്തി. പലയിടങ്ങളിലും പള്ളിക്ക് പുറത്തും റോഡിലും നമസ്കാര സൗകര്യമൊരുക്കേണ്ട സ്ഥിതിയുണ്ടായി. വിശ്വാസികളുടെ തിരക്ക് പരിഗണിച്ച് ഇക്കുറി പല പള്ളികളും കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിരുന്നു.
വിശുദ്ധ ഖുർആൻ അവതീർണമായ റമദാനിന്റെ രാപ്പകലുകളിൽ നമസ്കാരവും പ്രാർഥനകളും ദാനധർമങ്ങളും വർധിപ്പിച്ച് പുണ്യം കരസ്ഥമാക്കാൻ ഇമാമുമാർ ഖുത്തുബയിൽ വിശ്വാസികളെ ഉണർത്തി.
പുണ്യ മാസത്തിന്റെ പ്രത്യേകതകളുടെ വിവരണവും ആരാധനകളിൽ വ്യാപൃതരാകാനുള്ള പ്രചോദനവും പ്രഭാഷണത്തിൽ നിറഞ്ഞുനിന്നു. ആദ്യത്തെ പത്ത് (കാരുണ്യം), രണ്ടാമത്തെ പത്ത് (പാപമോചനം), മൂന്നാമത്തെ പത്ത് (നരകമോചനം) എന്നിങ്ങനെ പരിഗണിച്ച് ആത്മസംസ്കരണത്തിലൂടെ ജീവിതവിശുദ്ധി കൈവരിക്കാനും ഉദ്ബോധിപ്പിച്ചു.
മുറതെറ്റാതെയുള്ള അനുഷ്ഠാനങ്ങളും പ്രാർഥനാനിർഭരമായ അന്തരീക്ഷവും നിലനിൽക്കുന്ന ആദ്യത്തെ പത്ത് വിശ്വാസികൾക്ക് ഏറെ പ്രധാനമാണ്. രണ്ടാമത്തെ പത്തിലാണ് ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായ ബദ്റിന്റെ ഓർമകളും അനുസ്മരണവും. റമദാൻ 17നാണ് ബദർദിനം. സത്യവും അസത്യവും തമ്മിലെ ഏറ്റുമുട്ടലിലെ ചരിത്രബോധം ഉൾക്കൊണ്ട് രക്ഷിതാവിനെ പ്രണമിക്കാനുള്ള അസുലഭ നിമിഷങ്ങളാണ് രണ്ടാമത്തെ പത്തിലൂടെ ലഭിക്കുന്നത്.
ആയിരം മാസത്തെക്കാൾ പവിത്രമായ ലൈലത്തുൽഖദ്ർ പ്രതീക്ഷിക്കുന്ന അവസാന പത്തിൽ തീവ്രമായ ഭക്തിയും ശുദ്ധിയും നിലനിർത്തിയാണ് കർമങ്ങളിൽ മുഴുകുക. പള്ളിയിൽ ഭജനയിരിക്കുന്നവർ (ഇഅ്ത്തികാഫ്) നമസ്കാരങ്ങൾ നിർവഹിച്ചും ദിവ്യസൂക്തങ്ങൾ ഉരുവിട്ടും കഴിച്ചുകൂട്ടുന്നു.ദാനധർമങ്ങൾക്ക് മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട മാസവുമാണ് റമദാൻ. നമസ്കാരം, രാത്രി നമസ്കാരം, ഖുർആൻ പഠനം, ഹദീഥ് പഠനം, വിജ്ഞാനസദസ്സ്, ദിക്ർ, ദുആ എന്നിവകളിൽ വിശ്വാസികൾ മുഴുകുന്ന ദിനരാത്രങ്ങളാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.