എഴുപുന്നയിൽ കെട്ടുകലക്കൽ; ഇനിയുള്ള ദിവസങ്ങളിൽ ഇവിടെ മീൻ മേള
text_fieldsഎഴുപുന്ന: വിശാലമായ മത്സ്യപാടങ്ങളാൽ സമൃദ്ധമായ എഴുപുന്ന-നീണ്ടകര മേഖലയിൽ ഇനിയുള്ള കുറച്ച് ദിവസങ്ങളിൽ റോഡിൽനിന്നു പോലും മീനുകൾ പെറുക്കിയെടുക്കാം. വിവിധയിനം മത്സ്യങ്ങൾ പിടിക്കുന്നത് കാണാം, ആവശ്യമുള്ള മീനുകൾ വിലപേശി വാങ്ങാം, നോക്കെത്താ ദൂരത്ത് റോഡിൽ കൂട്ടിയിട്ടിരിക്കുന്ന മത്സ്യക്കൂട്ടങ്ങളെ കാണാം. മാർച്ച് അവസാനം മുതൽ ഏപ്രിൽ പകുതിയോളം ഈ അപൂർവക്കാഴ്ച തുടരും.
ജില്ലയിൽതന്നെ ഏറ്റവുമധികം പാടശേഖരങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് എഴുപുന്ന മേഖലയിലാണ്. കടലിന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന നൂറുകണക്കിന് ഏക്കർ പൊക്കാളി പാടങ്ങൾ ഇവിടെയുണ്ട്. 20 വർഷം മുമ്പുവരെ പൊക്കാളി കൃഷിക്ക് പേരുകേട്ട സ്ഥലമായിരുന്നു എഴുപുന്ന, നീണ്ടകര, തുറവൂർ പ്രദേശങ്ങൾ. എന്നാൽ, നെൽകൃഷി അന്യമാകുകയും മത്സ്യകൃഷി സ്ഥിരമാകുകയും ചെയ്യുന്ന ഇവിടെ സാധാരണ മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും നേരിട്ടു പങ്കെടുക്കുന്ന മത്സ്യ ഉത്സവമാണ് കെട്ടുകലക്കൽ എന്നു വിളിക്കുന്ന വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മത്സ്യബന്ധനോത്സവം. മത്സ്യകൃഷി നടത്തുന്ന കരാറുകാരൻ മത്സ്യപ്പാടങ്ങളിൽനിന്ന് ഒഴിഞ്ഞു പോകുന്നതിനു മുമ്പ് നടത്തുന്ന നടപടിയാണ് കെട്ടുകലക്കൽ.
കരാറുകാരൻ മത്സ്യകൃഷിയുടെ വിളവെടുപ്പ് മാർച്ച് അവസാനത്തോടെ പൂർത്തിയാക്കും. തുടർന്നുള്ള ദിവസങ്ങൾ പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്കും കർഷകത്തൊഴിലാളികൾക്കും മത്സ്യവിളവെടുപ്പിന് അവസരം നൽകുന്നതാണ് കെട്ടുകലക്കൽ. ഏപ്രിൽ പകുതി വരെ മത്സ്യബന്ധനം തുടരും. പുലർച്ച നാലോടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിശാലമായ മത്സ്യപ്പാടങ്ങളിൽ മീൻ പിടിക്കാൻ ഇറങ്ങുന്നത് അപൂർവ കാഴ്ചയാണ്. മൂന്നായി പങ്കുവെക്കുന്ന മത്സ്യത്തിൽ ഒരു പങ്ക് കരാറുകാരനു നൽകും. ബാക്കി മത്സ്യം പിടിച്ചവർക്ക് വിൽക്കാം. കരിമീൻ, ചെമ്മീൻ, കാളാഞ്ചി, തിരുത, തിലോപ്പി, പൂമീൻ, കാരി, കൂരി തുടങ്ങി നിരവധി മത്സ്യങ്ങൾ ഇവിടെ ലഭിക്കും. മീനുകൾ വാങ്ങാൻ അതിർ ജില്ലകളിൽനിന്നുപോലും വാഹനങ്ങളിൽ ആവശ്യക്കാർ ഇവിടെയെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.