പാഴായ ഫിഷ് ലാൻഡിങ് സെന്റർ
text_fieldsതൃക്കുന്നപ്പുഴ മതുക്കൽ ജങ്ഷനിലെ ഫിഷ് ലാൻഡിങ് സെന്ററും അനുബന്ധ സംവിധാനങ്ങളും കണ്ടാൽ അധികാരികളുടെ അലംഭാവത്തിന്റെ ഗൗരവം കുറേക്കൂടി ബോധ്യമാകും.
2010 സെപ്റ്റംബറിലാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ഗ്രാമീണ അടിസ്ഥാന വികസന ഫണ്ടും നബാർഡിന്റെ സഹായത്തോടെ തുറമുഖ വകുപ്പ് 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് വേ ബ്രിഡ്ജ്, മത്സ്യം ശീതീകരിക്കാനുള്ള ആധുനിക യന്ത്രസംവിധാനങ്ങൾ, തണൽ ഷെഡ് എന്നിവ സ്ഥാപിക്കുന്നത്. ഒരു ദിവസം പോലും പ്രവർത്തിക്കാതെ എല്ലാം തുരുമ്പെടുത്ത് നശിച്ചു.
പെരുമ്പള്ളി കുറിയപ്പശ്ശേരി ക്ഷേത്രത്തിന് സമീപത്തായി മത്സ്യസംസ്കരണം ലക്ഷ്യമാക്കി കോടികൾ ചെലവഴിച്ച് നിർമിച്ച ആധുനിക രീതിയിലുള്ള ക്ലസ്റ്റർ പ്രൊഡക്ഷൻ യൂനിറ്റ് പഞ്ചായത്തിന് അഭിമാനമായി തീരേണ്ട സ്ഥാപനങ്ങളിൽ ഒന്നായിരുന്നു. പച്ചമത്സ്യം സംസ്കരിച്ച് വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്ന കൂറ്റൻ ഫാക്ടറി ഒരു പതിറ്റാണ്ട് മുമ്പ് പ്രവർത്തന സജ്ജമായെങ്കിലും ഒരുദിവസം മാത്രമാണ് പ്രവർത്തിച്ചത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽപെട്ട നൂറുകണക്കിന് പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും പ്രയോജനപ്പെടേണ്ടിയിരുന്ന ഈ ഫാക്ടറിയിലെ യന്ത്രങ്ങൾ പിന്നീട് ഒരിക്കലും അനങ്ങിയിട്ടില്ല. ഇതിനോടൊപ്പം നിർമിച്ച വൃദ്ധസദനംപോലും ജനങ്ങൾക്ക് ഉപകാരപ്പെട്ടില്ല.
ദുരന്തം ഏറ്റുവാങ്ങിയ ഒരു ജനതക്ക് ആശ്വാസമാകേണ്ട കോടികൾ പാഴാക്കി കളഞ്ഞതിന്റെ ഉദാഹരണങ്ങൾ ഇനിയുമുണ്ട്. സൂനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 19 റോഡുകൾ നിർമിക്കാൻ സൂനാമി പ്രത്യേക എസ്.ജി.ആർ.വൈ പദ്ധതി പ്രകാരം 2005-06ൽ അനുവദിച്ച 1.31 കോടി രൂപയിൽ അധികവും പലരും കീശയിലാക്കിയതിനാൽ പദ്ധതി ലക്ഷ്യംകണ്ടില്ല. ആയുർവേദ ആശുപത്രിയിലെ കിടത്തിച്ചികിത്സ വാർഡ് (35 ലക്ഷം), വലിയഴീക്കൽ ഗവ. എച്ച്.എസ്.എസ് സ്കൂൾ കെട്ടിടം (46 ലക്ഷം), മംഗലം ഗവ. എച്ച്.എസ്.എസിൽ നിർമിച്ച ക്ലാസ് മുറികൾ (23 ലക്ഷം), തറയിൽകടവ് ഫിഷറീസ് ആശുപത്രി വളപ്പിൽ നിർമിച്ച ഒ.പി കെട്ടിടം അങ്ങനെ നീളുന്നു പാഴായിപ്പോയി പദ്ധതികളുടെ പട്ടിക. തൃക്കുന്നപ്പുഴ പ്രണവം നഗറിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ്, തോട്ടപ്പള്ളി തീരത്തെ കുട്ടികളുടെ പാർക്ക്, വട്ടച്ചാൽ ജങ്ഷനിൽ സ്ഥാപിച്ച കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് തുടങ്ങി അകാലത്തിൽ പൊലിഞ്ഞ പദ്ധതികളും ഏറെയാണ്. സൂനാമി ദുരന്തമുണ്ടായി ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും സൂനാമി കോളനികളിൽ നിരവധി വീടുകളാണ് വിവിധ കാരണങ്ങളാൽ പൂർത്തിയാകാതെ കിടക്കുന്നത്. കോളനികളിൽ കഴിയുന്നവരാകട്ടെ നരകയാതന അനുഭവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.