കനത്ത ചൂടിൽ മത്സ്യസമ്പത്ത് കുറഞ്ഞു; മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആശങ്കയിൽ
text_fieldsഅമ്പലപ്പുഴ: ചൂട് കനത്തതോടെ കടലിലെ മത്സ്യസമ്പത്ത് കുത്തനെ കുറഞ്ഞത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തി. ജില്ലയുടെ തീരപ്രദേത്ത് നാലുമാസമായി പൊടിമീൻപോലും ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ലോക്ഡൗൺ കാലത്ത് അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളിൽ ചാകര ലക്ഷണങ്ങൾ കണ്ടിരുന്നെങ്കിലും രോഗവ്യാപന ആശങ്കയിൽ പലരും മത്സ്യബന്ധനത്തിന് പോയില്ല.
രണ്ടു മാസത്തോളം ഇവിടെ ചാകര കണ്ടിരുന്നു. അതിനുശേഷം തീരം വറുതിയിലായി. ഇതിനിടെ ചെറിയതോതിൽ മീനുകൾ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ നാലുമാസമായി ഒന്നും ലഭിക്കാത്ത അവസ്ഥയാണ്.
പ്രതീക്ഷയോടെ ദിവസവും വള്ളം ഇറക്കുമെങ്കിലും നിരാശയോടെയാണ് മിക്കവരും മടങ്ങിയെത്തുന്നത്. ഇതോടെ വള്ളം ഉടമകൾ കടക്കെണിയിലായി വള്ളങ്ങൾ കരക്കുകയറ്റിവെച്ചു. ഒരു ചെറിയ വള്ളംകടലിൽ ഇറക്കി കരയണയുമ്പോൾ 5000 രൂപ ഇന്ധനചെലവുവരും. വലിയ വള്ളങ്ങൾക്കാണെങ്കിൽ 10,000 മുതൽ 20,000 രൂപവരെയും. ഇതേ രീതിയിൽ ദിവസങ്ങളോളം വള്ളങ്ങൾ കടലിലിറക്കി വെറും കൈയോടെ മടങ്ങിയെത്തുമ്പോൾ ലക്ഷങ്ങളുടെ കടക്കെണിയിലാക്കുകയാണ് പലരും. വള്ളങ്ങൾ കടലിൽ ഇറക്കുന്നത് നിർത്തിവെച്ചതോടെ പരമ്പരാഗത തൊഴിലാളികൾ പൊന്തുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തി ഉപജീവനം തേടിയിരുന്നു.
എന്നാൽ, പുലർച്ച മുതൽ പൊന്തുവള്ളവുമായി കടലിൽ പോകുന്ന പലരും നിരാശയോടെയാണ് മടങ്ങിയെത്തുന്നത്. കടലിൽ കിലോമീറ്ററുകളോളം തുഴഞ്ഞ് മത്സ്യബന്ധനം നടത്തിയിട്ടും ഒന്നും കിട്ടാതായി. അടിത്തട്ടുകളിൽ സാധാരണയായി കണ്ടിരുന്ന നങ്ക്, കുട്ടൻ, മാന്തൽ തുടങ്ങിയവപോലും കിട്ടാനില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഇതോടെ മത്സ്യബന്ധനം ഉപജീവനമാക്കിയിരുന്ന നിരവധി കുടുംബങ്ങൾ ആശങ്കയിലായി. കെട്ടുതാലി ഉൾപ്പെടെ പണയപ്പെടുത്തിയാണ് വീട്ടുചെലവുകളും മറ്റും നടത്തിവരുന്നത്. മേയ് പകുതിയോടെ മഴപെയ്ത് ചൂടിെൻറ കാഠിന്യം കുറഞ്ഞാൽ മാത്രമേ മത്സ്യലഭ്യത ഉറപ്പ് വരുത്താനാകുകയുള്ളൂ എന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്.
കഴിഞ്ഞ ത്രിതലപഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ലക്ഷങ്ങൾ ചെലവഴിച്ച് പ്രചാരണം പൊടിച്ചപ്പോഴും മത്സ്യത്തൊഴിലാളികളുടെ ദുരിതം ആരും കണ്ടിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. വോട്ട് അഭ്യർഥിച്ച് വീടുകളിലെത്തിയ സ്ഥാനാർഥികൾ കുട്ടികളോട് വാത്സല്യത്തോടെ പെരുമാറുേമ്പാഴും അവരുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.