മാനം തെളിയാതെ മത്സ്യത്തൊഴിലാളികൾ
text_fieldsതുറവൂർ: അരൂർ, ചേർത്തല നിയോജക മണ്ഡലങ്ങളിലെ അഞ്ച് മത്സ്യഗ്രാമങ്ങളിലായി എണ്ണായിരത്തോളം മത്സ്യകുടുംബങ്ങൾ ജീവിക്കുന്നു. പതിറ്റാണ്ടുകളായി മനുഷ്യത്തൊഴിലാളികളുടെ ജീവിത പുരോഗതി മന്ദഗതിയിലാണ്. കടൽമത്സ്യബന്ധനത്തെമാത്രം ആശ്രയിച്ച് കുടുംബങ്ങൾക്ക് കഴിയാൻ പ്രയാസമാണ്. കുടുംബത്തിലെ ആർക്കെങ്കിലും മറ്റെന്തെങ്കിലും ജോലി ഉണ്ടെങ്കിലേ നേരാംവണ്ണം ജീവിതം സാധ്യമാകൂ. പള്ളിത്തോട് തെക്ക്, പള്ളിത്തോട് വടക്ക്, അഴീക്കൽ, തൈക്കൽ, ഒറ്റമശ്ശേരി എന്നീ അഞ്ച് മത്സ്യഗ്രാമങ്ങളിൽ ഏകദേശം ആയിരത്തിനും 1500നും ഇടക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വസിക്കുന്നുണ്ട്.
ഇത്തവണ കടൽക്ഷോഭവും പ്രകൃതിദുരന്തങ്ങളും വലിയതോതിൽ നാശം ഉണ്ടാക്കിയില്ലെന്ന് ആശ്വസിക്കാം. എങ്കിലും സൂനാമി മുതൽ ഉണ്ടായ ദുരന്തങ്ങൾ പരിഹരിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.കാലാവസ്ഥ വ്യതിയാനം കടൽ മക്കൾക്ക് സമ്മാനിക്കുന്ന വലിയദുരന്തം മത്സ്യക്ഷാമം തന്നെയാണ്.
അരൂർ മേഖലയിൽ ധാരാളമായി കിട്ടുന്ന ചാളയും ചെമ്മീനും അയലയും കഴിഞ്ഞ കുറെ വർഷങ്ങളായി കടലോരങ്ങൾക്ക് അന്യമാവുകയാണ്. കടലേറ്റങ്ങളെ തടയാൻ പരമ്പരാഗതമായി നിർമിക്കുന്ന കടൽഭിത്തികൾ രണ്ട് രണ്ടര പതിറ്റാണ്ടുകളായി അരൂർ മേഖലയിൽ നിർമിക്കുന്നില്ല. അരൂർ മേഖലയിലെ കടലോരങ്ങളിൽ നിലനിന്ന കടൽഭിത്തികളിൽ പലതും തീരങ്ങളിൽ താഴ്ന്നുപോവുകയും ഇല്ലാതാവുകയും ചെയ്തു.
മണൽമാറ്റം പ്രതിസന്ധി
അർത്തുങ്കൽ, അന്ധകാരനഴി, ചാപ്പക്കടവ് മേഖലയിൽ ഒരിടത്തും ഫിഷ് ലാൻഡിങ് സെൻറർ അല്ലെങ്കിൽ വെള്ളമടുക്കുന്ന കടലോരങ്ങൾ മാർക്കറ്റ് സംവിധാനത്തോടെ ഇല്ലെന്നതാണ് തൊഴിലാളികളെ കഷ്ടത്തിലാക്കുന്നത്. അന്ധകാരനഴിയിലെ പൊഴിച്ചാലിലേക്ക് വള്ളങ്ങൾ സുരക്ഷിതമായി കടക്കാൻകഴിയും വിധം പ്രകൃതി തന്നെ സംവിധാനമൊരുക്കിയിട്ടുണ്ട്. പൊളിച്ചാലിൽ അടിഞ്ഞുകൂടുന്ന മണൽ നീക്കുന്നതിനെപ്പറ്റി വ്യക്തമായ ധാരണ സർക്കാറിന് ഇല്ലാത്തതുമൂലം തർക്കങ്ങളിൽ കുടുങ്ങി നിൽക്കുകയാണ് മണൽമാറ്റം.
കടലിന് സമാന്തരമായി വിസ്തൃതമായി പരന്നുകിടക്കുന്ന ഏക്കർ കണക്കിന് ലോകോത്തരമേന്മയുള്ള പൊക്കാളി നെൽപാടങ്ങളുടെ നിലനിൽപുതന്നെ സമയബന്ധിതമായ വെള്ള കയറ്റിറക്കങ്ങൾ അടിസ്ഥാനമാക്കിയാണ്. പ്രകൃതിയുടെ ഈ സന്തുലിതാവസ്ഥ തകർന്ന് തുടങ്ങിയപ്പോൾ മുതൽ കൃഷിയും ജനങ്ങളുടെ വാസസ്ഥലവും നീരൊഴുക്കും മത്സ്യസമ്പത്തും നശിച്ചുതുടങ്ങി.അന്ധകാരനഴി, അരൂർ മേഖലയിലെ പ്രകൃതിദത്ത തുറമുഖമാണ്. മത്സ്യയാനങ്ങൾ നിരവധി കടന്നുവരുന്നതിനും സ്വസ്ഥമായി പൊഴിച്ചാലിൽ കയറിക്കിടക്കുന്നതിനും മത്സ്യവിപണനം നടത്തുന്നതിനും ഇവിടെ പ്രകൃതി തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്.
തിരമാലകളുടെ കാഠിന്യം കുറക്കാൻ രണ്ട് പുലിമുട്ടുകൾ സ്ഥാപിക്കുകയും ഒഴിച്ചാലിലേക്ക് അടിഞ്ഞുകയറുന്ന മണൽത്തിട്ട ഒഴിവാക്കാൻ സംവിധാനമൊരുക്കുകയും മത്സ്യവിപണനത്തിന് ലേലഹാളും മറ്റ് സൗകര്യങ്ങളും നിർമിക്കുകയും ചെയ്താൽ ഈ മേഖലയിലെ ഏറ്റവും സൗകര്യപ്രദമായ ഫിഷ് ലാൻഡിങ് സെൻറർ അന്ധകാരനഴിയായി മാറുമായിരുന്നു. എന്നാൽ, വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ കോടികൾ ചെലവഴിച്ച് നിരവധി കെട്ടിടങ്ങൾ നിർമിച്ചതല്ലാതെ വിനോദസഞ്ചാരത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനും പ്രയോജനമുണ്ടായില്ല.
പകരം എറണാകുളം ജില്ലയിലെ ചെല്ലാനം ഫിഷ് ലാൻഡിങ് സെൻററായി വികസിച്ചു. ഇതോടെ അരൂർ മേഖലയിലെ ചാപ്പക്കടവ്, അന്ധകാരനഴി, അഴീക്കൽ മേഖലകളിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോകേണ്ട അവസ്ഥയായി. കിലോമീറ്ററുകൾ അകലെനിന്നും ചെല്ലാനത്ത് വന്നുപോകുന്നതിനും മത്സ്യത്തൊഴിലാളികൾ സ്വന്തം ചെലവിൽ വാഹന സംവിധാനം ഉണ്ടാക്കണം.
മത്സ്യത്തിന് ന്യായവിലയില്ല
മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യങ്ങൾക്ക് ന്യായവില ലഭിക്കുന്നില്ല. ഇതുമായി ബന്ധമില്ലാത്തവർ മത്സ്യങ്ങളുടെ മൂല്യം നിർണയിക്കുന്നു. വിപണിയിൽ ഇടപെടാനും മത്സ്യത്തൊഴിലാളികൾക്ക് കഴിയുന്നില്ല. പിടിക്കുന്ന മത്സ്യങ്ങൾ ശേഖരിച്ചുവെക്കാനും ക്ഷാമകാലത്ത് വിൽക്കാനും മത്സ്യത്തൊഴിലാളികൾക്ക് കഴിയുന്നില്ല.
മത്സ്യഫെഡ് പോലുള്ള സർക്കാർ ഏജൻസികൾ മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി ഇത്തരം സംവിധാനം ഉണ്ടാക്കുന്നതിൽ പരാജയപ്പെടുന്നു.മത്സ്യഫെഡ് കാര്യക്ഷമമായി ഇടപെട്ടാൽ മത്സ്യങ്ങൾ ശേഖരിച്ച് ശീതീകരണ സംവിധാനത്തോടെ സൂക്ഷിച്ചുവെക്കാം. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തും.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.