മാനം തെളിഞ്ഞിട്ടും ഭീതിയൊഴിയാതെ കുട്ടനാട്
text_fieldsആലപ്പുഴ: രണ്ടാം ദിവസവും മാനം തെളിഞ്ഞിട്ടും കുട്ടനാട്ടുകാരുടെ ഭീതിയൊഴിയുന്നില്ല. കിഴക്കൻ വെള്ളത്തിെൻറ വരവിൽ കാര്യമായ കുറവുണ്ടാകാതിരുന്നതാണ് കാരണം.
ഇതോടെ, പാടശേഖരങ്ങളിലും പുറംബണ്ടുകളിലും താമസിക്കുന്ന നൂറുകണക്കിന് ആളുകളുടെ ദുരിതത്തിന് ശമനമുണ്ടായില്ല. ഇതിനിടെ, നേരിയതോതിൽ മഴ കനക്കുന്നത് കൂടുതൽ ആശങ്കക്കിടയാക്കി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളക്കെട്ട് ഇനിയും ഒഴിഞ്ഞിട്ടില്ല. കെ.എസ്.ആർ.ടി.സി ബസുകളുടെ സർവിസും പുനരാരംഭിച്ചിട്ടില്ല.
വെള്ളപ്പൊക്ക ഭീതിയിൽ പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫിസിലെ ഫയലുകൾ ജീവനക്കാരെത്തി മാറ്റി. ആലപ്പുഴ രജിസ്ട്രാർ ഓഫിസിലേക്കാണ് ഫയലുകൾ മാറ്റിയത്. അടിയന്തരസാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന എന്നിവയും സജ്ജമായിട്ടുണ്ട്.
അപ്പർ കുട്ടനാട് മേഖലയിൽ പലയിടത്തും വെള്ളമിറങ്ങിയത് ആശ്വാസമായി. വീടുകളിൽ തിരിച്ചെത്തിയവർ ശുചീകരണപ്രവർത്തനവും നടത്തി. അതേസമയം, താഴ്ന്ന പ്രദേശങ്ങളിൽ നിറയെ വെള്ളമാണ്. അമ്പലപ്പുഴ-എടത്വ-തിരുവല്ല പാതയിൽ വെള്ളിമിറങ്ങി ഗതാഗതം സുഗമമായി. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. പലയിടത്തും ദിവസങ്ങളായി കെട്ടിനിൽക്കുന്ന വെള്ളം കുട്ടനാട്ടിൽ വ്യാപക മടവീഴ്ചക്ക് കാരണമായി. നിലവിൽ 26 പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്.
കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കിലാണ് ഏറെയും നാശം. വെള്ളം കുറയുന്നതനുസരിച്ച് ആളുകൾ ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.