കുട്ടനാട്ടിലെ പ്രളയധനസഹായം; ഉത്തരവ് അട്ടിമറിച്ചു, ഇനിയും 8372 കുടുംബങ്ങൾ ബാക്കി
text_fieldsആലപ്പുഴ: കുട്ടനാട്ടിലെ പ്രളയധനസഹായത്തിന് സർക്കാർ ഇറക്കിയ ഉത്തരവ് ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്ന് പൊതുപ്രവർത്തകൻ ജെയ്സപ്പൻ മത്തായി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രളയബാധിതർക്ക് ആശ്വാസമായി സർക്കാർ അനുവദിച്ച പണം അക്കൗണ്ടിലുണ്ടായിട്ടും 8372 കുടുംബങ്ങൾക്ക് ഇനിയും നൽകാനുണ്ട്. 2020ലെ വെള്ളപ്പൊക്കത്തിൽ ദുരിതംബാധിച്ച 43,538 കുടുംബങ്ങൾക്കാണ് സർക്കാർ ധനസഹായം അനുവദിച്ചത്. ബാങ്ക് അക്കൗണ്ട് വഴി 3,800 രൂപ വീതം നൽകാൻ 2021 ഡിസംബറിലാണ് 16.55 കോടിയാണ് സർക്കാർ അനുവദിച്ചത്.
രണ്ടുവർഷം പിന്നിട്ടും ധനസഹായം 35166 കുടുംബങ്ങൾക്ക് മാത്രമാണ് നൽകിയത്. പ്രകൃതിക്ഷോഭത്തിൽ വെള്ളംകയറി വീട്ടുപകരങ്ങൾ നഷ്ടമായ കുടുംബങ്ങൾക്ക് ആശ്വാസമേകാൻ 2019ലെ മാനദണ്ഡമനുസരിച്ച് 10,000 രൂപയാണ് നൽകേണ്ടത്. എന്നാൽ, ചില ഉദ്യോഗസ്ഥരും തോമസ് കെ. തോമസ് എം.എൽ.എയും ചേർന്ന് ഇത് അട്ടിമറിച്ചതോടെയാണ് തുക കുറഞ്ഞുപോയത്. 3800 രൂപക്ക് പുറമേ അർഹതപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും 6200 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
റെലീഷ് പോർട്ടലിൽ മതിയായ രേഖകൾ നിർദിഷ്ട സമയപരിധിക്കുള്ളിൽ 37091 കുടുംബങ്ങളാണ് സമർപ്പിച്ചത്. ഇതിൽ 35166 കുടുംബങ്ങൾക്ക് 13.36 കോടി നൽകിയെന്നും ബാക്കിയുള്ള 1925 കുടുംബങ്ങൾക്ക് നൽകാൻ 73.15 ലക്ഷം നീക്കിവെച്ചിട്ടുണ്ടെന്നും വിവരാവകാശത്തിലൂടെ ലഭിച്ച മറുപടിയിൽ പറയുന്നുണ്ട്. അർഹതപ്പെട്ട ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ഈമാസം 27ന് കുട്ടനാട് താലൂക്ക് ഓഫിസ് പടിക്കൽ ഒപ്പുശേഖരണവും സമരവും നടത്തും. വാർത്തസമ്മേളനത്തിൽ ജോബി കണ്ണമ്പള്ളിൽ, ഷാജി മീനത്തേരിൽ, കെ.ജി. ജേക്കബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.