ചൊരിമണലിൽ ബന്ദിപ്പൂ വസന്തമൊരുക്കി സാന്ത്വന ചികിത്സ സൊസൈറ്റി
text_fieldsആലപ്പുഴ: സാന്ത്വന ചികിത്സ രംഗത്ത് ശ്രദ്ധേയമായ കെ.കെ. കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പുഷ്പകൃഷി രംഗത്തും വെന്നിക്കൊടി നാട്ടി. കോവിഡ് മഹാമാരി നാടിനെ പിടിമുറുക്കുന്ന വർത്തമാന കാലത്ത് മഹാബലിയെ വരവേൽക്കാൻ മലയാളിക്കിനി മറുനാടൻ പൂക്കൾ തേടി പോകേണ്ടതില്ല. അത്തപ്പൂക്കളമൊരുക്കാൻ മറുനാടൻ പൂക്കൾ വാങ്ങാൻ വൈമനസ്യമുള്ളവർക്ക് സൊസൈറ്റിയുടെ പൂക്കൾ ലഭിക്കും.
ദേശീയ പാതയോരത്തെ ചേർത്തല തിരുവിഴയിൽ പൊതുമേഖല സ്ഥാപനമായ സിൽക്കിെൻറ പാട്ടത്തിനെടുത്ത ഭൂമിയിൽ ചെയ്ത പൂകൃഷി വ്യാഴാഴ്ച വിളവെടുത്തു.സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ വിതരണം നിർവഹിച്ചു. പാലിയേറ്റിവ് സൊസൈറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ, ട്രഷറർ എം. സന്തോഷ് കുമാർ, കൃഷി കോർഡിനേറ്റർ ശുഭ കേശൻ, ഉമാശങ്കർ എന്നിവർ പങ്കെടുത്തു. ഓണവിപണി ലക്ഷ്യം െവച്ച് ജൂലൈ ആദ്യം നട്ട ബന്ദി തൈകളാണ് ചെടി നിറയെ പൂക്കളുമായി നിറഞ്ഞു നിൽക്കുന്നത്. കനത്ത കാലവർഷം മൂലം ചില ചെടികൾ നശിച്ചിരുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് നിറയെ. സന്ദർശകർക്ക് പൂക്കളുടെ ഇടയിൽ ഇരിക്കുന്നതിന് മുളയിൽ തീർത്ത പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.
പൂക്കൾക്ക് വലുപ്പം അധികമുള്ള ഇനം ചെടിയുടെ വിത്ത് ബംഗളൂരുവിൽനിന്ന് വാങ്ങി ട്രേയിൽപാകി കിളിർപ്പിച്ചാണ് തൈകളാക്കിയത്. നിരവധി പേരാണ് പൂക്കൾ ആവശ്യപ്പെട്ട് തോട്ടത്തിൽ എത്തുന്നത്. ഇവിടത്തെ പച്ചക്കറികളുടെ വിളവെടുപ്പ് അടുത്ത ദിവസം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.