ഭക്ഷ്യസുരക്ഷ: ആലപ്പുഴ ജില്ലയിൽ 10 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു
text_fieldsആലപ്പുഴ: ഭക്ഷ്യസുരക്ഷയിൽ ഗുരുതരവീഴ്ച വരുത്തിയതിന് ജില്ലയിൽ 10 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരണമുണ്ടായതിന് പിന്നാലെ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. ആലപ്പുഴ കലവൂർ മലബാർ ഹോട്ടൽ, ആലപ്പുഴ കൊട്ടാരംപാലം പുട്ടും കട്ടനും, ചെങ്ങന്നൂർ വയലോരം ഹോട്ടൽ,
അരൂർ തൃപ്തി ഹോട്ടൽ, അരൂർ മൈ ബ്രോ ഹോട്ടൽ, മാവേലിക്കര കുറത്തിയാട് ലക്ഷ്മി ബേക്കറി, ആലപ്പുഴ മെഡിക്കൽകോളജ് കാന്‍റീൻ, ചാരുംമൂട് ജങ്ഷനു സമീപത്തെ തട്ടുകട, കായംകുളം ഹോട്ടൽ ആൻഡ് ടീ ഷോപ്, എം.എസ്.എം കോളജിനു സമീപത്തെ ബഷീർ ദം ബിരിയാണി എന്നീ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. ഇതിൽ വ്യാഴാഴ്ച വൃത്തിഹീനമായ സാഹചര്യത്തിൽ പൂട്ടിയ മെഡിക്കൽ കോളജ് കാന്‍റീനിലെ പ്രശ്നങ്ങൾ പരിഹരിച്ചതോടെ വെള്ളിയാഴ്ച മുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.
ഇതുവരെ ജില്ലയിൽ 92 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ വൃത്തിഹീനമായി പ്രവർത്തിച്ച 23 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ചുമത്തി. ചേർത്തല-അരൂർ, ആലപ്പുഴ-അമ്പലപ്പുഴ-കുട്ടനാട്, ചെങ്ങന്നൂർ-മാവേലിക്കര-കായംകുളം-ഹരിപ്പാട് എന്നീ മേഖലകളിലായി മൂന്ന് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനികൂടി മരിച്ച പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനയിൽ ലൈസൻസും രജിസ്ട്രേഷനും ഇല്ലാത്ത സ്ഥാപനങ്ങൾ, വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതും പഴയകിയ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. ചെങ്ങന്നൂർ മേഖലയിലെ സ്ക്വാഡിന് ആർ. ശരണ്യ, ശ്രീലക്ഷ്മി വാസവൻ, സൗമ്യ, ആലപ്പുഴ-അമ്പലപ്പുഴ മേഖലയിലെ സ്ക്വാഡിന് മീരാബേബി, ഡോ. ചിത്രമേരി തോമസ്, ചേർത്തല-അരൂർ മേഖലയിൽ കൃഷ്ണപ്രിയ, ആർ. അഖില എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.