വേഗപ്പോരിന്... വണ്ണം കുറച്ച്, നീളം കൂട്ടി ചുണ്ടൻവള്ളങ്ങൾ
text_fieldsകുട്ടനാട്: 1952 മുതലുള്ള നെഹ്റുട്രോഫി ജലമേളയെന്നല്ല, വള്ളംകളി എവിടെയുണ്ടോ അവിടെയെല്ലാം തലയെടുപ്പുള്ള ചുണ്ടൻവള്ളം തന്നെയാണ് താരം. ചുണ്ടൻ വള്ളത്തിന്റെ പ്രൗഢി ലോകത്തെ അറിയിച്ചത് നെഹ്റുട്രോഫി ജലമേളയിലെ തീപാറും പ്രകടനമാണ്. ആദ്യകാലങ്ങളിൽ ചുണ്ടൻ വള്ളങ്ങൾക്ക് ഇപ്പോഴുള്ളത്ര നീളമുണ്ടായിരുന്നില്ല. വണ്ണം കൂടുതലായിരുന്നു. ആദ്യകാലത്ത് വേഗം അത്രകാര്യമായി പരിഗണിച്ചിരുന്നില്ല. പിന്നീട് മത്സരത്തിന് പ്രാധാന്യമേറിയതോടെ ചുണ്ടൻ വള്ളത്തിന്റെ നീളം കൂട്ടുകയും വണ്ണം കുറക്കുകയും ചെയ്തു.
ചുണ്ടൻ വള്ളങ്ങൾക്ക് ആദ്യകാലത്ത് 41 കോൽ നീളവും 70 അംഗുലം വണ്ണവുമായിരുന്നു ഉണ്ടായിരുന്നത്. 1962ൽ നിർമിച്ച പച്ചചുണ്ടൻ 44 1/4 കോൽ നീളവും 54 അംഗുലം വണ്ണവുമായാണ് നീറ്റിലിറക്കിയത്. അന്നത്തെ ഏറ്റവും നീളം കൂടിയ ചുണ്ടനായിരുന്നു ഇന്നത്തെ കരുവാറ്റയായ ആ പച്ചചുണ്ടൻ. ഇപ്പോൾ ഈചുണ്ടന് 53 കോൽ നീളവും 49 അംഗുലം വണ്ണവുമായ തോതിലാക്കി. അക്കാലത്ത് ചുണ്ടൻ വള്ളങ്ങൾ ഫിനിഷ് ചെയ്തിരുന്നത് എട്ട് മുതൽ 10 മിനിറ്റുകൾ കൊണ്ടായിരുന്നു. ഇന്നത് 4.46 എന്ന നിലക്കാക്കി. അണിയത്തിനും അമരത്തിനും പൊക്കം കുറച്ചതും ആകാലത്താണ്. നാല് പങ്കായമെന്നത് അഞ്ചാക്കി.
കൂമ്പ്, പറ, പൊതിവില്ല്, മണിക്കാലുകൾ, ചുരുട്ടിക്കുത്തി, വെടിത്തട്ടി, വില്ല്, ഇളം പാലം, പടികൾ, കുമിളകൾ, ആട, നെറ്റി, നെറ്റിപ്പൊട്ട്, അമരം, താണതട്ട്, മുൻതട്ട് എന്നിങ്ങനെയുള്ള ചുണ്ടൻ വള്ളത്തിന്റെ 16ലധികം ഭാഗങ്ങളും മാറ്റങ്ങൾക്ക് വിധേയമായി.
കൂടുതൽ പഴക്കം കിട്ടുമെന്നതിനാൽ ആഞ്ഞിലിത്തടിയാണ് ചുണ്ടൻ വള്ള നിർമാണത്തിന് ഏറ്റവും ഉത്തമം. 600-750 ഘനഅടി തടി, മൂന്ന് ക്വിന്റൽ ഇരുമ്പ്, 30 കിലോ പിത്തള, ഇരുമ്പ് പണി ഉൾപ്പെടെ 1300 തച്ച് കൊണ്ടാണ് ഒരുചുണ്ടൻ വള്ളം നിർമിക്കുന്നത്. ഏകദേശം 30 ലക്ഷത്തിന് മുകളിലാണ് ഒരു ചുണ്ടൻ വള്ളം നിർമാണച്ചെലവ്. വാശിയും കരുത്തും പ്രകൃതിപോലും ഏറ്റുവാങ്ങുമ്പോൾ ശരവേഗം കുതിക്കുന്ന ചുണ്ടൻ വള്ളത്തിന്റെ നിർണായകമായ രണ്ട് സ്ഥലങ്ങളാണ് കൂമ്പും അമരവും മറ്റെല്ലാ ഭാഗങ്ങൾക്കും അതിന്റേതായ പ്രാധാന്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.