ആലപ്പുഴ ജില്ലയിലെ കാർഷികോൽപന്ന മേഖലയിൽ നാല് പദ്ധതികൂടി
text_fieldsആലപ്പുഴ: കാർഷികോൽപന്നങ്ങളുടെ സംസ്‌കരണവും വിപണനവും ഉന്നമിടുന്ന കൂടുതൽ പദ്ധതികളുമായി കൃഷിവകുപ്പ്. ചെറുകിട സംസ്‌കരണ യൂനിറ്റ്, പ്രാഥമിക സംസ്‌കരണ പദ്ധതികൾ, കൊപ്ര ഡ്രയർ, വിപണനത്തിന് സൗരോർജ സംവിധാനമുള്ള മുച്ചക്ര വാഹനങ്ങൾ എന്നിങ്ങനെ നാല് പദ്ധതിക്കുകൂടി സർക്കാർ സാമ്പത്തിക സഹായം നൽകും. 2022-23 സാമ്പത്തിക വർഷം 37 ലക്ഷം രൂപയുടെ സബ്‌സിഡി നൽകാനാകുന്ന പദ്ധതികളാണ് അനുവദിച്ചത്.
സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് എസ്.എഫ്.എ.സി-കെയിൽനിന്നുള്ള (സ്‌മോൾ ഫാർമർ അഗ്രി ബിസിനസ് കൺസോർട്യം- കേരള) ധനസഹായമാണ് ലഭ്യമാക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ, ഗവ. ഏജൻസികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, കാർഷികോൽപാദക സംഘങ്ങൾ എന്നിവക്ക് പദ്ധതികൾ നൽകാം. ജില്ലക്ക് 10 ലക്ഷം രൂപയാണ് അനുവദിച്ചത്. 50 ശതമാനം തുക സബ്‌സിഡി ലഭിക്കും. ആകെ 20 ലക്ഷം രൂപവരെ മുടക്കുള്ള പദ്ധതികൾ പരിഗണിക്കും. നിലവിലെ യൂനിറ്റ് പരിഷ്‌കരിക്കാനും സഹായം ലഭിക്കും.
5000 മുതൽ 10,000 വരെ തേങ്ങ പ്രതിദിനം ഉണക്കാനാകുന്ന കൊപ്ര ഡ്രയർ യൂനിറ്റുകൾക്കാണ് സഹായമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മാർക്കറ്റിങ് അസി. ഡയറക്‌ടർ കെ.സിന്ധു പറഞ്ഞു. അടങ്കലിന്‍റെ 20 ശതമാനം തുകയാണ് സബ്‌സിഡി. പദ്ധതിക്ക് ബാങ്ക് വായ്‌പ നിർബന്ധം.
സഹകരണ സ്ഥാപനങ്ങൾ, കാർഷിക കർമസേന, അഗ്രോ സർവിസ് സെന്‍റർ, കർഷക സംഘങ്ങൾ എന്നിവക്ക് പദ്ധതികൾ നൽകാം. ഈ വിഭാഗത്തിലും ജില്ലക്ക് 10 ലക്ഷം അനുവദിച്ചു.പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് കാർഷികോൽപന്നങ്ങളുടെ പ്രാഥമിക സംസ്‌കരണ പദ്ധതികൾക്കാണ് സഹായം. 50 ശതമാനമാണ് ഇതിനും സബ്‌സിഡി. ജില്ലക്ക് വകയിരുത്തിയത് 15 ലക്ഷം രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.