വീടിന് മുന്നിൽ നിർത്തിയിട്ട നാലുവാഹനത്തിന് തീയിട്ടു
text_fieldsആലപ്പുഴ: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടറുകളും വഴിയോരത്ത് പാർക്ക് ചെയ്ത ഓട്ടോകളും ഉൾപ്പെടെ നാലുവാഹനത്തിന് തീയിട്ടു. കൈചൂണ്ടി ജങ്ഷനുസമീപം വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. കറുകയിൽ വാർഡ് ചേരാലുംപറമ്പ് സിബിച്ചൻ മാത്യുവിന്‍റെ കാർപോർച്ചിൽ പാർക്ക് ചെയ്ത രണ്ട് സ്കൂട്ടർ, മാളിയേക്കൽ ശ്യാമിന്‍റെ ഓട്ടോ, ആശ്രമം വാർഡ് അവലൂകുന്ന് മാളിയേക്കൽ ജോയിയുടെ മൊബൈൽ മോർച്ചറി സജ്ജീകരിച്ച ഓട്ടോ എന്നിവയാണ് കത്തിച്ചത്.
സ്കൂട്ടറുകളും ഓട്ടോയും പൂർണമായി കത്തിനശിച്ചു. മൊബൈൽ മോർച്ചറി സജ്ജീകരിച്ച ഓട്ടോ ഭാഗികമായി നശിച്ചു. തീയിട്ടയാൾ മനോരോഗിയാണെന്നും ഇയാളെ പിടികൂടിയെന്നും നോർത്ത് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയുടെ അനുമതിയോടെ മാനസിക വെല്ലുവിളി നേരിടുന്നയാൾ ആണെന്നും പ്രവേശിപ്പിക്കും. അർധരാത്രിയോടെ സൈക്കിളിലെത്തിയ ആൾ പെട്രോൾ ഒഴിച്ച് വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.
സിബിച്ചൻ മാത്യുവിന്‍റെ കാർപോർച്ചിൽ കിടന്ന സഹോദരങ്ങളായ സിബിയുടെയും ശ്യാമിന്‍റെയും രണ്ട് സ്കൂട്ടറാണ് അഗ്നിക്കിരയാക്കിയത്. തീ പടർന്ന് സമീപത്തെ ബെഡ്റൂമിലെ മൂന്ന് ജനൽപ്പാളികൾ പൊട്ടിയതോടെ ഞെട്ടിയുണർന്ന സിബിച്ചന്‍റെ മകൻ തോമസാണ് തീ പടരുന്നത് ആദ്യം കണ്ടത്. പിന്നാലെ വീട്ടുകാരെയും നാട്ടുകാരെയും വിവരമറിയിച്ചു. തീപിടിത്തത്തിൽ കാർ പോർച്ചിലെ ട്യൂബും ബൾബും പൊട്ടിത്തകർന്നു.
പിന്നീട് സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് തീയിട്ട ആളെക്കുറിച്ച് സൂചന കിട്ടിയത്. സംഭവമറിഞ്ഞ് നോർത്ത് പൊലീസും സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്ച ടെസ്റ്റ് നടത്തുന്നതിന് പണം കടം വാങ്ങി അറ്റകുറ്റപ്പണി തീർത്തതിന് പിന്നാലെയാണ് ശ്യാമിന്‍റെ ഓട്ടോ അഗ്നിക്കിരയായത്. മൊബൈൽ മോർച്ചറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജോയിയുടെ ഓട്ടോക്ക് തീയിട്ടത് സമീപവാസികൾ കണ്ടതിനാൽ പൂർണമായി കത്തിയില്ല. എങ്കിലും മൊബൈൽ മോർച്ചറിക്കും ജനററ്റേറിനും കേടുപാടുണ്ടായി.
പിന്നീട് നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ടൗണിൽനിന്നാണ് തീവെച്ചയാളെ പിടികൂടിയത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ കൈനകരി പഞ്ചായത്തിൽ റോഡരികിൽ പാർക്ക് ചെയ്ത ഒരുകാറും അഞ്ച് ഇരുചക്രവാഹനവും അഗ്നിക്കിരയാക്കിയിരുന്നു. അന്നുതന്നെ ആലപ്പുഴ നഗരത്തിലൂം ഒരുഇരുചക്രവാഹനത്തിന് തീയിട്ടു. ഈ സംഭവത്തിലും മാനസിക അസ്വാസ്ഥ്യമുള്ള ആളെയാണ് പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.