കളിപ്പാട്ടം പിടിക്കേണ്ട കൈകളിലൂടെ 'പ്രണയകഥ' ;സംവിധായകയായി നാലാംക്ലാസുകാരി
text_fieldsആലപ്പുഴ: പൂക്കളുടെയും പൂമ്പാറ്റകളുടെയും ലോകത്ത് പാറിപ്പറക്കുന്ന ഒരു ഒമ്പതുവയസ്സുകാരിക്ക് പ്രണയത്തിന്റെ നിഗൂഢതകൾ മനസ്സിലാക്കാനാവുമോ? സാധിക്കുമെന്നാണ് ഗായതി പ്രസാദ് എന്ന നാലാംക്ലാസുകാരി പറയുന്നത്. വളപ്പൊട്ടുകളുടെയും കളിപ്പാട്ടങ്ങളുടെയും ഇടയിൽനിന്ന് സംവിധായികയുടെ കുപ്പായം അണിയുന്ന ബാലിക ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമത്തിൽ മനംനൊന്ത് മനസ്സിൽ കുറിച്ചിട്ട ആകുലതകളും ആശയങ്ങളും 18 മിനിറ്റ് നീളുന്ന 'പ്രണയാന്ധം' എന്ന ഷോട്ട് ഫിലിമിലൂടെ പകർത്തിയപ്പോൾ പിറവിയെടുത്തത് മറ്റൊരു പ്രണയകഥയാണ്. രണ്ടുദിവസത്തെ സമയമെടുത്ത് പൂർത്തിയാക്കിയ ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം തിരക്കഥയും ആശയവും ഉള്ളടക്കവുമെല്ലാം ഒറ്റക്ക് സൃഷ്ടിച്ചെടുത്തതിന്റെ ത്രില്ലിലാണ് ഈ മിടുക്കി.
ചുറ്റും നടക്കുന്ന കാര്യങ്ങളോട് ഒരു ചെറിയ പെൺകുട്ടിയുടെ പ്രതികരണമാണിത്. യുവാവിന്റെയും യുവതിയുടെയും പ്രണയകഥ മനസ്സിൽ വരച്ചിട്ടാണ് ഓരോ രംഗവും ചിത്രീകരിച്ചത്. പക്ഷിമൃഗാദികളുടെ കഥകൾ കേൾക്കാൻ താൽപര്യമുള്ള പ്രായത്തിൽ കാമറക്ക് പിന്നിൽനിന്ന് ആക്ഷനും കട്ടും പറയുമ്പോൾ നേർത്ത ചിരിയായിരുന്നു മുഖമുദ്ര.
ഗായതിയുടെ മാതാവ് കസ്തൂരി, സഹോദരി ഗൗരി, അവളുടെ കൂട്ടുകാരികളായ അബി ബാഷ, ആലിയ, പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മിനിമോൾ, അയ്യപ്പൻ, സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അഭിനയകല വശമില്ലാത്ത കസ്തൂരി സിനിമയിൽ നായികയുടെ അമ്മയായാണ് വേഷമിടുന്നത്. ഗൗരിയാകട്ടെ നായികയുടെ കൂട്ടുകാരിയായും. വീട്ടിലും പരിസരത്തും സമീപത്തെ പറവൂർ സ്കൂളിലും ചിത്രീകരിച്ച സിനിമയുടെ ഫൈനൽ എഡിറ്റിങ് മാത്രമാണ് ബാക്കിയുള്ളത്. മാർച്ച് എട്ടിന് ലോക വനിതദിനത്തിൽ റിലീസ് ചെയ്യും.
പഠനം ഓൺലൈനിലേക്ക് ചുരുങ്ങിയതോടെ കിട്ടിയ അവസരം ഉപയോഗിച്ചായിരുന്നു സിനിമപിടിത്തം. വായനയും എഴുത്തും ശീലമാക്കിയ ഗായതി നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്. അവ കോർത്തിണക്കി പുസ്തകമാക്കണമെന്നതാണ് അടുത്ത ആഗ്രഹം. പറവൂർ പബ്ലിക് ലൈബ്രറിയിൽ അംഗത്വവുമുണ്ട്. കോട്ടയം പാലായിൽ കാമ്പസിൽ പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ പിരിമുറക്കമാണ് ഇത്തരം ചിന്തകൾക്ക് വഴിതുറന്നത്.
സിനിമ പിടിക്കണം എന്ന് പറഞ്ഞപ്പോൾ തമാശയായി മാത്രമാണ് കണക്കാക്കിയതെന്ന് മാതാവ് കസ്തൂരി 'മാധ്യമ'ത്തോട് പറഞ്ഞു. തനിക്ക് അഭിമാനം തോന്നിയത് അവൾ തെരഞ്ഞെടുത്ത വിഷയത്തിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആലപ്പുഴ കളർകോട് പവിത്രം വീട്ടിലാണ് താമസം. പിതാവ് ഗിരി പ്രസാദ് ആലപ്പുഴ ഗവ. സർവന്റ്സ് കോഓപറേറ്റിവ് ബാങ്ക് ജീവനക്കാരനും മാതാവ് കുടുംബശ്രീ ജില്ലമിഷൻ കമ്യൂണിറ്റി കൗൺസിലറുമാണ്. ഗൗരി പ്രസാദ് അറവുകാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്വൺ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.