വീട്ടുജോലി മുതൽ പരിചരണംവരെ; സേവനത്തിന് കുടുംബശ്രീ ക്വിക് സർവ്
text_fieldsആലപ്പുഴ: വീട്ടുജോലി മുതൽ വയോധികരെ പരിചരിക്കുന്നതുവരെയുള്ള എല്ലാത്തരം സേവനങ്ങൾക്കും ഇനി സ്ത്രീകളുടെ സേവനം ലഭ്യമാകും. ആലപ്പുഴ നഗരസഭ പരിധിയിലുള്ളവർക്ക് കുടുംബശ്രീ ക്വിക്ക് സെർവിലൂടെ ഇനി സേവനം ലഭിക്കും. വീട്ടുജോലി, ഗൃഹശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വയോധികരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ തുടങ്ങിയ സേവനങ്ങൾക്കായി കുടുംബശ്രീ അംഗങ്ങളെ കണ്ടെത്താനാണ് പദ്ധതി ആവിഷ്കരിച്ചത്.
നഗരസഭയിൽ നോർത്ത് സി.ഡി.എസ് നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ മൂന്നുപേരുടെ നേതൃത്വത്തിൽ ഒരുയൂനിറ്റായിട്ടാണ് പ്രവർത്തനം. ജോലി സന്നദ്ധതയറിയിച്ച് 25 പേർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് പരിശീലനം നൽകും.
ഇ.എം.എസ് സ്റ്റേഡിയം കേന്ദ്രീകരിച്ച് ഓഫിസ് തുറക്കാനുള്ള ആലോചനയുണ്ട്. നിലവിൽ ഫോൺകോൾ വഴിയാണ് സേവനം ലഭ്യമാക്കുന്നത്. വീട്ടുജോലി, ശുചീകരണം, പാചകം, രോഗികളുടെ പരിചരണം എന്നിവക്കാണ് കൂടുതൽ വിളികളും. ഇതിനായി പ്രത്യേക ഫോൺനമ്പർ സജ്ജമാക്കും.
രണ്ടാംഘട്ടത്തിൽ ആധുനിക യന്ത്രസംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഗൃഹശുചീകരണം ഉൾപ്പെടെ സേവനങ്ങൾ, കാർ വാഷ് എന്നിവ ഉൾപ്പെടുത്തും. സേവനങ്ങൾ ആവശ്യമുള്ളവർ അതത് നഗരസഭകളിലെ അർബൻ സർവീസ് ടീമിനെ ബന്ധപ്പെട്ട് നിശ്ചിത ഫീസ് അടക്കണം. മൊബൈൽആപ്പിന്റെ പ്രവർത്തനവും പുരോഗമിക്കുന്നുണ്ട്.
നഗരസഭയിൽ മൂന്ന് മുതൽ എട്ട് പേർ വരെ അടങ്ങുന്ന അർബൻ സർവീസ് ടീമിനായിരിക്കും ക്വിക്ക് സെർവിന്റ നടത്തിപ്പ് ചുമതല.നഗരസഭ പരിധിയിൽ ഒരു അർബൻ സർവീസ് ടീം എന്ന നിലയിലാണ് പ്രവർത്തനം.
ഗ്രൂപ്പ് സംരംഭമായി രജിസ്റ്റർ ചെയ്യേണ്ടതിനാൽ കുടുംബശ്രീയുടെ നഗര സി.ഡി.എ.സിൽ അംഗങ്ങളായവർക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും ടീം രൂപവത്കരിക്കാം. സേവനങ്ങൾ ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിപ്പിച്ചശേഷം പരിശീലനവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.