ജി 20 സമ്മേളനം: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നു
text_fieldsഅരൂർ: കുമരകത്ത് നടക്കുന്ന ജി 20 സമ്മേളനവുമായി ബന്ധപ്പെട്ട് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. സമ്മേളനം ആരംഭിക്കുന്ന ഈമാസം 30ന് മുമ്പ് അരൂർ മുതൽ ദേശീയപാതയോരത്തെ തട്ടുകടകൾ, കടകളിലെ ചമയങ്ങൾ, ബോർഡ്, ബാനർ എന്നിവ നീക്കാനാണ് നടപടി തുടങ്ങിയത്. പഞ്ചായത്തുകളുടെ നിർദേശപ്രകാരം വഴിയോരക്കച്ചവടം മിക്കവയും നിർത്തിയിരിക്കുകയാണ്.
ചേർത്തലവരെ നൂറുകണക്കിന് വഴിയോരക്കച്ചവടക്കാരാണ് ഇതോടെ പട്ടിണിയിലാകുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന വിശിഷ്ട വ്യക്തികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ദേശീയപാതവഴി ചേർത്തല-കുമരകം റോഡിലൂടെയാണ് സമ്മേളന സ്ഥലത്തേക്ക് പോകുന്നത്.കേന്ദ്രസർക്കാർ, ലോകരാഷ്ട്ര തലവന്മാർ എത്തുന്ന സ്ഥലങ്ങളിൽ ചേരികളുടെ മുന്നിൽ വേലികെട്ടുന്നത് പോലെയാണ് പാവങ്ങളുടെ കച്ചവടങ്ങൾ ഒഴിവാക്കുന്നതെന്ന് പി.ഡി.പി നേതാക്കൾ കുറ്റപ്പെടുത്തി.
സംസ്ഥാന കൗൺസിൽ അംഗം ഷാഹുൽ, മണ്ഡലം വൈസ് പ്രസിഡന്റ് റജീബ് ഫൈസൽ വടുതല, മണ്ഡലം പ്രസിഡന്റ് സി.എം.എ. ഖാദർ, മണ്ഡലം സെക്രട്ടറി വി.എം. സുധീർ എന്നിവർ പഞ്ചായത്തുകളുടെ നടപടിയിൽ പ്രതിഷേധിച്ചു. ജെ.എസ്.എസ് മണ്ഡലം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വി.കെ. ഗൗരീശനും നടപടിയിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.