പാർസലിൽ കറി കുറഞ്ഞതിന് ഹോട്ടലുമയെ മർദിച്ച സംഘം പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
ചാരുംമൂട്: പാർസലിൽ ഗ്രേവി കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയേയും ബന്ധുക്കളെയും മർദ്ദിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളത്ത് ബുഖാരി ഹോട്ടലിൽ അക്രമം നടത്തി ഉടമയുൾപ്പെടെ മൂന്നുപേരെ മർദ്ദിച്ച് കടന്നുകളഞ്ഞ പ്രതികളെ മണിക്കൂറുകൾക്കകമാണ് പിടികൂടിയത്. വള്ളികുന്നം പള്ളിമുക്ക് അനീഷ് ഭവനം അനൂപ് (28), വള്ളികുന്നം പുത്തൻചന്ത ലക്ഷ്മിഭവനം വിഷ്ണു (24), വള്ളികുന്നം കടുവിനാൽ വരമ്പതാനത്ത് ഷിജിൻ (21) എന്നിവരെയാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വള്ളികുന്നം സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം,വീട് കയറി അക്രമം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് പ്രതികൾ ഹോട്ടലിൽ നിന്ന് പൊറോട്ട,ബീഫ്ഫ്രൈ,ഗ്രേവി എന്നിവയടങ്ങുന്ന പാഴ്സൽ വാങ്ങി പോയത്. ഒരു മണിക്കൂറിനു ശേഷം മടങ്ങി വന്ന ഇവർ പാഴ്സലിൽ കറി കുറവായിരുന്നുവെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുകയും ഉടമയായ മുഹമ്മദ് ഉവൈസ് , ജേഷ്ഠ സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യ മാതാവ് റജില എന്നിവരെ മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചട്ടുകത്തിനുള്ള അടിയേറ്റ് ഉവൈസിന്റെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. സഹോദരനെയും ചട്ടുകത്തിന് ക്രൂരമായി മർദ്ദിച്ചു. മാവേലിക്കര ഭാഗത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.എസ്.ഐമാരായ എസ്. നിതീഷ്, അനിൽ, എസ്.സി.പി.ഒ മാരായ രാധാകൃഷ്ണൻ ആചാരി,ശരത്ത്, രജീഷ്,അനി,സന്തോഷ് മാത്യു,സി.പി.ഒ മാരായ വിഷ്ണു,വിജയൻ,മനു കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.