ലിംഗസമത്വ യൂനിഫോം: ആലപ്പുഴയിൽ 25 സ്കൂളുകളിൽ നടപ്പാക്കും
text_fieldsആലപ്പുഴ: ലിംഗസമത്വ യൂനിഫോം ഇക്കുറി അധികൃതർ പ്രഖ്യാപിച്ച സ്കൂളുകളിലെല്ലാം നടപ്പാകാനുള്ള സാധ്യത മങ്ങി. സ്കൂൾ തുറക്കാൻ ഒരുദിവസം മാത്രം ശേഷിക്കെ മിക്കവാറും സ്കൂളുകൾ തീരുമാനമെടുത്തിട്ടില്ല. ലിംഗസമത്വ യൂനിഫോം നടപ്പാക്കുന്നതിൽ സ്കൂളുകൾക്കുള്ള ആശയക്കുഴപ്പമാണ് പ്രശ്നം.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം സ്കൂളുകൾ തുറന്നത് വൈകിയായിരുന്നതിനാൽ യൂനിഫോം നിലവിലുള്ളത് തുടരട്ടെ എന്നായിരുന്നു മിക്ക സ്കൂളുകളുടെയും തീരുമാനം. ജില്ലയിലെ 47 ഹയർ സെക്കൻഡറി സ്കൂളിൽ ലിംഗസമത്വ യൂനിഫോം നടപ്പാക്കുമെന്നായിരുന്നു ജില്ല പഞ്ചായത്ത് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. സ്കൂൾ അധികൃതരും പി.ടി.എയും ചേർന്ന് തീരുമാനത്തിലെത്തിയ ശേഷം ലിംഗസമത്വ യൂനിഫോം നടപ്പാക്കാം എന്നാണ് വിദ്യാഭ്യാസ വകുപ്പിൽനിന്ന് സ്കൂളുകൾക്ക് നൽകിയ നിർദേശം.
പി.ടി.എ ചേർന്ന് നടത്തിയ ചർച്ചകളിൽ സാമ്പത്തികബുദ്ധിമുട്ട് ഉൾപ്പെടെ കാര്യങ്ങൾ ലിംഗസമത്വ യൂനിഫോം നടപ്പാക്കാൻ തടസ്സമാകുകയാണ്. പ്ലസ് വൺ പ്രവേശനത്തിന് എത്തുന്ന വിദ്യാർഥികൾക്ക് ലിംഗസമത്വ യൂനിഫോം ആക്കുന്നത് മിക്കവാറും സ്കൂളുകൾ പരിഗണിക്കുന്നു. ഘട്ടം ഘട്ടമായി ഈ യൂനിഫോമിലേക്കെത്താനാണ് ശ്രമം. ജില്ലയിൽ 47 ഹയർ സെക്കൻഡറി സ്കൂളിൽ 25 സ്കൂളുകളിലാണ് ലിംഗസമത്വ യൂനിഫോം നടപ്പാക്കിയത്.
കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഈ യൂനിഫോമാണ്. ഇത്തവണ മുതൽ ഹൈസ്കൂളിലും നടപ്പാക്കും. ആൺ-പെൺ വേർതിരിവില്ലാതെ എല്ലാ വിദ്യാർഥികളും പാന്‍റും ഷർട്ടുമാണ് ധരിക്കുക. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസ് ഹൈസ്കൂൾ വിഭാഗത്തിൽ എല്ല ബുധനാഴ്ചകളിലും ലിംഗസമത്വ യൂനിഫോമാക്കാനാണ് തീരുമാനം. മറ്റ് ദിവസങ്ങളിൽ പെൺകുട്ടികൾക്കു ചുരിദാറാകും യൂനിഫോം.
ചാരുംമൂട് മേഖലയിൽ ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച് മുതൽ പത്ത് ക്ലാസ് വരെ വിദ്യാർഥികൾക്ക് ലിംഗസമത്വ യൂനിഫോമാണ്. തുറവൂരിൽ വളമംഗലം സ്കൂളിൽ മാത്രമാണ് ഈ യൂനിഫോം. പറവൂർ ഗവ. ഹൈസ്കൂളിൽ ഈ യൂനിഫോം ഈ അധ്യയനവർഷം മുതൽ നടപ്പാക്കും. മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ മുതൽ നടപ്പാകും. സ്കൂളിലെ ആറ് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ആൺ-പെൺ വ്യത്യാസമില്ലാതെ ഒരേ യൂനിഫോം നടപ്പാക്കുക.
പാന്‍റും ഷർട്ടും ഓവർകോട്ടുമാണു പുതിയ യൂനിഫോം. കുട്ടനാട് കൊടുപ്പുന്ന ഗവ. ഹൈസ്കൂളിലും കുപ്പപ്പുറം ഗവ. ഹൈസ്കൂളിലും ഇത്തവണ മുതൽ ലിംഗസമത്വ യൂനിഫോമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.