ആലപ്പുഴ ജനറൽ ആശുപത്രി പുതിയ ബ്ലോക്ക് ജനുവരിയിലുമില്ല; പ്രതീക്ഷ വിടാതെ ജനം
text_fieldsആലപ്പുഴ: ജനറൽ ആശുപത്രിയിൽ നിർമാണം ഏതാണ്ട് പൂർത്തീകരിച്ച അത്യാധുനിക ഒ.പി ബ്ലോക്ക് ജനുവരിയിൽ നാടിന് സമർപ്പിക്കുമെന്ന പ്രഖ്യാപനം വെറുതെയായി. പലതവണ നടക്കാതെ പോയ പൂർത്തീകരണമാണ് ഒടുവിൽ പ്രഖ്യാപിച്ച ജനുവരിയിലും ഉണ്ടാകില്ലെന്ന് ഉറപ്പായത്.
ദേശീയ നിലവാരത്തിലുള്ള കെട്ടിടത്തിൽ വൈദ്യുതി, കുടിവെള്ളം, അനുബന്ധ റോഡുകൾ, ലിഫ്റ്റുകൾ എന്നിവ പൂർത്തിയായിട്ടുണ്ട്. സ്വീവേജ്, ട്രീറ്റ്മെന്റ് പ്ലാന്റ്, എസ്.ടി.പി പണികൾ തുടങ്ങിയവ പൂർത്തീകരിക്കാത്തതാണ് ഉദ്ഘാടനത്തിന് തടസ്സം.
കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാർഡുകൾകൂടി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ആലോചനയും നടക്കുന്നു. പദ്ധതിയിലുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വൈകുമെന്നതിനാൽ താൽക്കാലിക പ്ലാന്റ് നിർമിക്കാൻ നഗരസഭ രംഗത്തുണ്ട്.
നിർമാണം ഈയാഴ്ച ആരംഭിക്കും. ആശുപത്രിയിൽ സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) പ്രവർത്തന സജ്ജമാക്കി.
പുതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കാനായിരുന്നു തീരുമാനം. ഇനിയും കാത്തിരിക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
പുതിയ ബ്ലോക്കിലേക്ക് ആവശ്യമായ ജീവനക്കാരുടെ തസ്തിക അനുവദിച്ചാലേ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാത്ലാബിന്റെ പ്രയോജനം ലഭിക്കൂ. രണ്ടായിരത്തോളം രോഗികളാണ് പ്രതിദിനം ഒ.പി വിഭാഗത്തിലെത്തുന്നത്.
ഒരുക്കുന്നത് മികച്ച സൗകര്യത്തോടെ
സ്വകാര്യ ആശുപത്രികളെക്കാൾ മികച്ച സൗകര്യത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം. ആശുപത്രിയുടെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങളെ ഒറ്റക്കെട്ടിടത്തിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലോക്ക് നിർമിച്ചത്. കാത് ലാബ് സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായി ഹൈ ടെൻഷൻ സബ് സ്റ്റേഷന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. 2020 ഫെബ്രുവരി ഒമ്പതിന് നിർമാണോദ്ഘാടനം നിർവഹിച്ച കെട്ടിട സമുച്ചയം 12 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. കോവിഡിനെത്തുടർന്ന് നിർമാണജോലികൾ വൈകി. പുതിയ ബ്ലോക്ക് നിർമാണം പൂർത്തീകരിച്ച് ഫെബ്രുവരി അവസാനത്തോടെ ഇവിടെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കും. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
ഏഴു നിലയിലാണ് പുതിയ ഒ.പി േബ്ലാക്ക്. ഒ.പി, നഴ്സിങ് വിഭാഗങ്ങൾ, ബ്ലഡ് ബാങ്ക്, ഫാർമസി, ലാബ്, എക്സ്റേ, സി.ടി, എം.ആർ.ഐ സ്കാൻ സൗകര്യങ്ങൾ, അത്യാഹിത വിഭാഗം, നിരീക്ഷണ വിഭാഗം കാത്ലാബ് എന്നിവയടക്കമാണ് പൂർത്തിയാകുന്നത്. പ്രായമായവർക്കായി പ്രത്യേക വാർഡുപോലും പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.