താൽക്കാലികാശ്വാസം; പാനൂരിൽ ജിയോ ബാഗ് കടൽഭിത്തി നിർമാണം തകൃതി
text_fieldsതൃക്കുന്നപ്പുഴ: ഒന്നരപതിറ്റാണ്ടായി പാനൂർ നിവാസികൾ അനുഭവിക്കുന്ന കടലാക്രമണ ദുരിതത്തിന് താൽക്കാലിക പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.
ഗുരുതര ഭീഷണി നേരിടുന്ന പുത്തൻപുര ജങ്ഷന് പടിഞ്ഞാറ് ഭാഗത്താണ് 32 ലക്ഷം രൂപ ചെലവഴിച്ച് ജിയോ ബാഗ് അടുക്കിയുള്ള കടൽഭിത്തി നിർമാണം നടക്കുന്നത്. പാനൂർ വടക്ക് പുത്തൻപുരക്കൽ ജങ്ഷന് പടിഞ്ഞാറു മുതൽ വടക്കോട്ടു തോപ്പിൽ ജങ്ഷൻ ഭാഗത്ത് കടൽ ഭിത്തിയും അതിന് സാമാന്തരമായിട്ടുള്ള തീരദേശറോഡും തകർന്നിട്ട് 15 വർഷത്തോളമായി. പിന്നീട് കടലാക്രമണത്തിന്റെ നിത്യ ദുരിതം പേറുന്ന പ്രദേശമായി ഇത് മാറി.
വാഗ്ദാനങ്ങൾ പലതു നൽകിയെങ്കിലും ഒന്നും പാലിച്ചില്ല. 2021ലുണ്ടായ കടലാക്രമണത്തിൽ ഇവിടെ നാമമാത്രമായി അവശേഷിച്ച റോഡും നിരവധി വീടുകളും കടലെടുത്തതോടെ പ്രദേശം ഒറ്റപ്പെട്ടു.
15ാം വാർഡ് മെംബറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ റെജിലയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തിന്റെ ദുരിതാവസ്ഥ ബോധ്യപ്പെടുത്തുന്നതിന് നിരവധി തവണയാണ് സെക്രട്ടറിയേറ്റും ഓഫിസുകളും കയറിയിറങ്ങിയത്. എന്നാൽ നിരാശയായിരുന്നു ഫലം.
2023 ൽ ലോകബാങ്ക് സഹായത്തോടെയുള്ള ടെട്രോപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് കടൽ ഭിത്തിയോട് കൂടി നിർമിക്കുന്നതിന് 20 കോടിയുടെ പദ്ധതി തയാറാക്കിയത് പ്രതീക്ഷ നൽകി. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല.
പ്രദേശത്തിന്റെ അപകടാവസ്ഥക്ക് ഉടനടി പരിഹാരം കാണണമെന്ന ആവശ്യം ശക്തമായതോടെയാണ് ജിയോ ബാഗിൽ മണൽ നിറച്ച് തീരം സംരക്ഷിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് 32 ലക്ഷം അനുവദിച്ചത്.
ഇതിന്റെ നിർമാണം പുത്തൻപുരക്കൽ ജങ്ഷന് പടിഞ്ഞാറ് ഭാഗത്ത് പുരോഗമിക്കുകയാണ്. 50 മീറ്റർ പൂർത്തീകരിച്ചു. ശേഷിക്കുന്ന 150 മീറ്റർ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.