പ്രണയത്തിന്റെ പേരിൽ പെണ്‍കുട്ടികള്‍ കബളിപ്പിക്കപ്പെടുന്നു -വനിത കമീഷന്
text_fieldsആലപ്പുഴ: പെണ്‍കുട്ടികള്‍ പ്രണയത്തിന്റെ പേരില്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്നും കൗമാരക്കാര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൂടുതല്‍ ബോധവത്കരണം നൽകണമെന്നും കേരള വനിത കമീഷന് അംഗം വി.ആര്. മഹിളാമണി. ആലപ്പുഴ കലക്ടറേറ്റ് അങ്കണത്തിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
പ്രണയിച്ച് വീട്ടുകാരുടെ അറിവോടെ വിവാഹിതയായ യുവതിയെ വിദേശത്ത് ജോലിയുള്ള ഭര്‍ത്താവ് കബളിപ്പിച്ച് മറ്റൊരു യുവതിക്കൊപ്പം ജീവിക്കുന്നത് സംബന്ധിച്ച പരാതി കമീഷന്റെ പരിഗണനക്ക് എത്തി. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച ഇവരുടെ പ്രണയം വിവാഹത്തിലെത്തിയത് ബിടെക്കിന് പഠിക്കുമ്പോഴാണ്. വിവാഹശേഷം യുവതിയെ പഠിപ്പിക്കാന്‍ ഭര്‍ത്താവ് സന്നദ്ധനായില്ല. വിവാഹസമ്മാനങ്ങളും 30 പവന് സ്വര്‍ണാഭരണങ്ങളും യുവതിയില്‍നിന്നും ഭര്‍ത്തൃവീട്ടുകാര്‍ കൈവശപ്പെടുത്തി. ഭർതൃവീട്ടിൽ ഭർതൃമാതാവില്‍നിന്നും ബന്ധുക്കളില്‍നിന്നും യുവതിക്ക് ശാരീരിക പീഡനങ്ങളുണ്ടായി. ഏതാനും ദിവസം മുമ്പ് ഭര്‍ത്താവിന് വേറെ ഭാര്യയും കുട്ടിയും ഉണ്ടെന്ന് യുവതിക്ക് മൊബൈലില്‍ ചിത്രങ്ങള്‍ ലഭിച്ചു.
ഭര്‍ത്താവും ഭര്‍ത്തൃമാതാവും എതിര്‍കക്ഷികളായാണ് കമീഷന് മുന്നിൽ പരാതി ലഭിച്ചത്. ഇപ്പോള്‍ ഇങ്ങനെ ഒരുമിച്ചു കഴിയുന്നത് സര്‍വസാധാരണമാണെന്നായിരുന്നു ഭർതൃമാതാവിന്റെ നിലപാട്. പ്രണയം പോലും ആത്മാർഥമല്ലാതെ മാറുന്ന സാഹചര്യമാണുള്ളതെന്ന് കമീഷന് വിലയിരുത്തി.
പ്രായമായ രക്ഷകര്‍ത്താക്കളെ സംരക്ഷിക്കാത്ത മക്കളുടെ തലമുറയെ കണ്ടുവരുന്നുണ്ട്. പ്രായമായ അമ്മയെ നോക്കുന്നില്ലെന്ന പരാതിയില്‍ മകനെ കമീഷന് വിളിച്ചു വരുത്തി. മാതാവ് നല്കിയ സ്വത്തുക്കള്‍ തിരിച്ചുനല്‍കാന്‍ തയാറാണെന്നും മാതാവിന്റെ സംരക്ഷണം ഏറ്റെടുക്കാമെന്നുമുള്ള ഉറപ്പില്‍ ഈ കേസ് തീര്‍പ്പായി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍, വസ്തുതര്‍ക്കം, വിവാഹേതര ബന്ധങ്ങള്‍, സ്വത്ത് തര്‍ക്കം സംബന്ധിച്ച പരാതികളായിരുന്നു പരിഗണനക്ക് വന്നതില്‍ അധികവും.
സിറ്റിങ്ങില്‍ 82 പരാതികള്‍ പരിഗണിച്ചു. 15 കേസുകള്‍ തീര്‍പ്പാക്കുകയും 10 എണ്ണത്തില്‍ പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് പരാതികള്‍ ജാഗ്രതസമിതിക്ക് കൈമാറി. ബാക്കി 55 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കാൻ മാറ്റി. അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. മിനീസ, വനിത കമീഷന് ജീവനക്കാരായ ശരത്കുമാര്, രാജേശ്വരി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.