തിരിച്ചുപിടിക്കണം ഗ്ലാസ് വ്യവസായത്തിെൻറ അനന്തസാധ്യതകൾ
text_fieldsആലപ്പുഴ: 'കിഴക്കിെൻറ വെനീസി'ലെ സിലിക്ക മണൽശേഖരത്തെ സൃഷ്ടിപരമായി ചൂഷണം ചെയ്യാനുള്ള ക്രിയാത്മക ഇടപെടലുണ്ടായില്ലെങ്കിൽ വികസന മുന്നേറ്റങ്ങളിൽ പങ്കാളികളാകാനുള്ള അവസാന അവസരമായിരിക്കും ആലപ്പുഴക്ക് നഷ്ടമാകുക. പ്ലാസ്റ്റിക് മുക്തമായ ജൈവ കേന്ദ്രീകൃത ജീവിതവ്യവസ്ഥയിൽ ഗ്ലാസ്സിനോളം മറ്റൊരു പ്രകൃതി വസ്തുവില്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. മിക്ക സ്ഫടികങ്ങളിലും സിലിക്ക എന്ന ഘടകം അടങ്ങിയിരിക്കും.
സിലിക്ക സമ്പുഷ്ടമായ വെളുത്ത മണലാണ്. കേരളത്തിലെ പ്രമുഖ സിലിക്ക നിക്ഷേപം ചേർത്തല താലൂക്കിലെ പള്ളിപ്പുറം പ്രദേശമാണ്. മുൻകാലങ്ങളിൽ ഈ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉത്തരേന്ത്യൻ വ്യവസായ കുത്തകകൾ നിസ്സാര വിലക്ക് ഇവിടെനിന്ന് അത് കടത്തിക്കൊണ്ടുപോയിരുന്നു. പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ്സസിൽ ഉൽപാദനം ആരംഭിക്കുംവരെ സിലിക്ക മണൽ മറ്റിടങ്ങളിലേക്ക് പോവുകയായിരുന്നു. 2012ൽ സൊമാനി ഗ്രൂപ് കമ്പനി അടച്ചിട്ട് മുങ്ങിയപ്പോഴും പണ്ടത്തെപ്പോലെ സിലിക്ക മണൽ പുറത്തേക്ക് ഒഴുകുന്നതായാണ് റിപ്പോർട്ടുകൾ. അതിൽ അധികവും കള്ളക്കടത്തുമാണ്.
കുത്തകയെ കൂച്ചുവിലങ്ങിടാൻ കഴിയാതെ സർക്കാറുകൾ
അമ്പത് കോടിയോളം രൂപ ബാധ്യത വരുത്തിവെച്ച ഉത്തരേന്ത്യൻ മാർവാടി മുതലാളിക്ക് കൂച്ചുവിലങ്ങിടാൻ സംസ്ഥാന സർക്കാറുകൾക്ക് കഴിഞ്ഞില്ല. ഫർണസിെൻറ കേടുപാടുകൾ തീർത്ത് ഒരുവർഷത്തിനുള്ളിൽ ഫാക്ടറി പ്രവർത്തനം പുനരാരംഭിക്കുമെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കിയ മുതലാളിയെ വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ വരുതിയിൽ വരുത്താൻ ഭരണകൂടങ്ങൾ ഇച്ഛാശക്തി കാണിച്ചില്ല.
ആലപ്പുഴയിലെതന്നെ മധ്യവർഗ തിയറ്റർ മുതലാളിയെ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചതിെൻറ പേരിൽ പ്രോസിക്യൂട്ട് ചെയ്യാൻ നടപടി സ്വീകരിക്കുകയും നിയമവ്യവസ്ഥക്കുമുന്നിൽ കൊണ്ടുവരുകയും ചെയ്ത മുൻകാല അനുഭവം കൺമുന്നിൽ യാഥാർഥ്യമായി നിലകൊള്ളുേമ്പാഴും എക്സലിെൻറ കാര്യത്തിൽ ചെറുവിരലനക്കാൻ അധികാര കേന്ദ്രങ്ങൾ തയാറാകാതിരുന്നത് ദുരൂഹമാണ്. ഇതിനിടെ കുണ്ടറയിലെ അലിൻഡ് കമ്പനി ഇതേ ഗ്രൂപ്പിന് സർക്കാർ കൈമാറിയെന്നതും ഗൗരവമായി കാണണം. പഴുതുകളില്ലാത്ത കരാർ വ്യവസ്ഥകൾ നിർബന്ധമാണെന്നതിലേക്കാണ് ഇത്തരം അനുഭവപാഠങ്ങൾ വിരൽചൂണ്ടുന്നത്.
ആക്രിയിൽ കുപ്പികൾ തിരികെവരുന്ന കാലം
പഴയ പത്രവും പ്ലാസ്റ്റിക്കും ഇരുമ്പുമൊക്കെ ഏറ്റെടുക്കുന്ന ആക്രിക്കച്ചവടക്കാർ ഒരുകാലത്ത് എല്ലായിടത്തുനിന്നും പഴയ കുപ്പികൾ എടുക്കുമായിരുന്നു. പ്രധാനമായും മദ്യ-ഭക്ഷ്യ-ഔഷധ മേഖലയിലായിരുന്നു ചില്ലുകുപ്പികൾ വേണ്ടിവന്നിരുന്നത്. രാസപരിവർത്തനം നടക്കുമെന്നതിനാൽ ഈ മേഖലയിലുള്ളവർ പ്ലാസ്റ്റിക്കിനെ അടുപ്പിച്ചിരുന്നില്ല. എന്നാൽ, ചില്ലുകുപ്പികളുടെ ദൗർലഭ്യം അനുഭവപ്പെട്ടതോടെ പ്ലാസ്റ്റിക്കിനെ ആശ്രയിക്കാൻ നിർബന്ധിതരായി. സംസ്ഥാനത്തെ ഏക ഗ്ലാസ് നിർമാണ ഫാക്ടറിയായ എക്സൽ ഗ്ലാസസ് ഉൽപാദനം നിർത്തിയതോടെ കേരളത്തിലെമ്പാടും കുപ്പികളുടെ വിലയിടിഞ്ഞു. പുനരുപയോഗത്തിനായി ഉപയോഗശൂന്യമായ കുപ്പികൾ വാങ്ങിയിരുന്ന പതിവ് അവസാനിച്ചതോടെ പരിസ്ഥിതിക്ക് ദോഷമായി അവ കിടന്ന് പാഴാകുന്ന അവസ്ഥയാണ്. നൂറുകണക്കിനാളുകൾക്ക് പരോക്ഷമായി തൊഴിൽ നൽകിയിരുന്ന മേഖലയാണ് പഴയ കുപ്പി വ്യവസായം. ഗ്ലാസ് ഫാക്ടറി വരുകയാണെങ്കിൽ വലിയതോതിൽ പഴയ ചില്ല് കുപ്പികളുടെ മേഖലയും സജീവമാകും.
ഗ്ലാസ് നിർമാണ പ്രക്രിയയിൽ സിലിക്ക മണലിന് പുറമെ സോഡാ ആഷിൽനിന്നുള്ള സോഡിയം ഓക്സൈഡും ലൈം സ്റ്റോൺ അഥവാ ഡോളോമൈറ്റിൽനിന്നുമുള്ള കാത്സ്യം ഓക്സൈഡും മറ്റുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. സിലിക്കയും ചുണ്ണാമ്പുംകൊണ്ട് സമ്പന്നമായ ഭൂപ്രദേശമാണ് ആലപ്പുഴ.
കൈപിടിച്ചുയർത്താൻ ജൂനിയർ കുഞ്ചാക്കോക്കുമായില്ല
കുട്ടനാട്ടിലെ പുളിങ്കുന്നിൽനിന്ന് ആലപ്പുഴയിലേക്ക് കുടിയേറിയ, എല്ലാവരും കുഞ്ചാക്കോ മുതലാളിയെന്ന് വിളിക്കുന്ന മാളിയംപുരക്കൽ കുഞ്ചാക്കോയുടെ (1910 ഫെബ്രുവരി 19-1976 ജൂൺ 15) ആദ്യകാല പ്രവർത്തന മേഖല അധ്യാപനമായിരുന്നു. പിന്നീടാണ് കയർ വ്യവസായത്തിലേക്ക് കാലെടുത്തുവെച്ചത്. തുടർന്ന് സിനിമ വ്യവസായത്തിലേക്ക് മാറി. പാതിരപ്പള്ളിയിൽ ഉദയ സ്റ്റുഡിയോ തുടങ്ങുന്നതിനുമുമ്പ് 1946ൽ കെ.വി. കോശിയുമായി ചേർന്ന് ഉദയ പിക്ചേഴ്സ് എന്ന പേരിൽ സിനിമ നിർമാണം ആരംഭിച്ചിരുന്നു. പിന്നീടാണ് ഉദയ സ്റ്റുഡിയോ തുടങ്ങുന്നത്. കുഞ്ചാക്കോയുടെതന്നെ മറ്റൊരു ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ പേരായിരുന്നു 'എക്സൽ'. കുഞ്ചാക്കോയുടെ ദീർഘവീക്ഷണത്തിലാണ് ഉദയ സ്റ്റുഡിയോയോട് ചേർന്നുള്ള എക്സൽ ഗ്ലാസ്സസ് തുടങ്ങുന്നത്.
കുഞ്ചാക്കോയുടെ മരണശേഷം മകൻ ബോബൻ കുഞ്ചാക്കോ എക്സൽ ഗ്ലാസ്സസിെൻറ സാരഥ്യം ഏറ്റെടുത്തിരുന്നു. എന്നാൽ, എക്സൽ ഗ്ലാസ്സസിനെ മികച്ചൊരു വ്യവസായ ശാലയാക്കുന്നതിൽ അദ്ദേഹത്തിന് കാര്യമായി വിജയിക്കാനായില്ല. അദ്ദേഹത്തിെൻറ മകനും യുവനടനുമായ കുഞ്ചാക്കോ ബോബൻ ഗ്ലാസ് വ്യവസായ രംഗത്തേക്ക് കടന്നുവരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ, വീണ്ടും സിനിമയിൽ സജീവമായതോടെ അതും നടപ്പായില്ല.
സോളാർ മുതൽ ഓട്ടോമൊബൈൽ ഗ്ലാസ് വരെ
ഇതിനിടെ എക്സൽ ഗ്ലാസ്സസ് കമ്പനിയെ സോളാര്‍ പാനല്‍ നിര്‍മാണ ഫാക്ടറിയാക്കി മാറ്റാനുള്ള സാധ്യതപഠനത്തിന് ബജറ്റില്‍ 25 ലക്ഷം നീക്കിെവച്ചെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. വാഹനങ്ങളുടെ ചില്ലുകളും ബൾബുകളും മറ്റും ഉൽപാദിപ്പിക്കാവുന്ന ഫാക്ടറിക്കും സാധ്യതയുണ്ട്.
സൂക്ഷ്മ നിർമാണ രീതികൾ അവലംബിക്കുന്ന മൊബൈൽ ഫോണിെൻറ ഗ്ലാസ് പാർട്ടുകളുടെ നിർമാണവും ഇവിടെ സാധ്യമാക്കാമെന്ന് പറയുന്നു. അതേപോലെയാണ് കണ്ണട നിർമാണത്തിനാവശ്യമായ സ്ഫടികം. റോമാ സാമ്രാജ്യത്തിെൻറ സുവർണകാലമായിരുന്ന ക്രിസ്തുവർഷം 200ാം ആണ്ട് സ്ഫടിക നിർമാണത്തിെൻറയും പ്രതാപ കാലമായിരുന്നുവെന്നാണ് പറയുന്നത്. റോമാക്കാരുടെ അധീനതയിലുണ്ടായിരുന്ന ഈജിപ്ത്, ഗ്രീസ്, സിറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും സ്ഫടിക വ്യവസായം ഏറെ വളർച്ച നേടി. അതിെൻറ പ്രതിഫലനങ്ങൾ സ്വാതന്ത്രത്തിന് മുമ്പുള്ള ഭാരതത്തിൽ പലഘട്ടങ്ങളിൽ സാംസ്കാരികവും വ്യാപാരപരവുമായ കൊടുക്കൽ വാങ്ങലുകളിൽ കാണപ്പെട്ടു. സ്ഫടിക വസ്തുക്കളോടുള്ള ഭാരതീയരുടെ സവിശേഷമായ താൽപര്യം മുൻനിർത്തി അനുബന്ധ ഗ്ലാസ് ഉൽപന്നങ്ങൾക്ക് വലിയ സാധ്യതയാണ് വിപണിയിലുള്ളത്.
പാതിരപ്പള്ളി ആലപ്പുഴയുടെ
വികസനസാധ്യത മേഖല
ദേശീയപാതയിൽ എറണാകുളം ഭാഗത്തുനിന്ന് വരുേമ്പാൾ നഗരാതിർത്തിയിലെ പ്രധാന പ്രദേശമാണ് പാതിരപ്പള്ളി. ഇവിടം എക്സൽ ഗ്ലാസ്സസ് ഫാക്ടറി പൂർണതോതിൽ പ്രവർത്തന സജ്ജമാവുകയാണെങ്കിൽ ആലപ്പുഴ പട്ടണത്തിെൻറ ഉപനഗരമായി പരിവർത്തനപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ പ്രദേശമാണ്. മുമ്പ് ഉദയാ സ്റ്റുഡിയോ വന്നതോടെ ഇത്തരമൊരു സാധ്യത വലിയതോതിൽ സംഭവിച്ചു. തുടർന്ന് കലവൂരിൽ കെ.എസ്.ഡി.പിയും എസ്.എൽപുരത്ത് ഓട്ടോകാസ്റ്റും പാതിരപ്പള്ളിയിൽ തന്നെയുള്ള ഹോംകോയും വന്നു. അടുത്തടുത്തായി നിരവധി ആധുനിക കയർ ഫാക്ടറികളും വന്നതോടെ പ്രദേശം കൂടുതൽ വികസിച്ചു. ഇത് സമഗ്രമാകണമെങ്കിൽ എക്സൽ ഗ്ലാസ്സസ് ഫാക്ടറികൂടി പൂർണാർഥത്തിൽ സജീവമാകേണ്ടതുണ്ട്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.