സ്വർണപ്പണയ തട്ടിപ്പ്: സി.പി.എമ്മിൽ കൂട്ടരാജി
text_fieldsകായംകുളം: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ടല്ലൂർ സർവിസ് സഹകരണ ബാങ്കിലെ തട്ടിപ്പ് വിഷയത്തിൽ ജീവനക്കാർക്ക് എതിരെയുള്ള നടപടി പാർട്ടിക്കുള്ളിൽ വിഭാഗിയത രൂക്ഷമാക്കുന്നു. ഏരിയ സെന്റർ അംഗം പ്രസിഡന്റായ ബാങ്കിന്റെ നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കം കൂട്ടരാജി നൽകിയതോടെ സി.പി.എം പ്രതിരോധത്തിലായി. നടപടികളിൽ പ്രതിഷേധിച്ച് അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും നിരവധി പാർട്ടി മെംബർമാരുമാണ് രാജി നൽകിയത്.
ബാങ്കിന് അരക്കോടിയോളം രൂപ നഷ്ടം വന്ന സ്വർണപ്പണയ തട്ടിപ്പ് കേസിൽ ജീവനക്കാരെ ബലിയാടാക്കി നേതാക്കൾ രക്ഷപ്പെടുകയാണെന്നാണ് രാജിവെച്ചവരുടെ ആരോപണം.
ബാങ്ക് ചീഫ് അകൗണ്ടന്റ് ഉല്ലാസ് ഭാനു, അകൗണ്ടന്റുമാരായ അമ്പിളി, റേച്ചൽ പോൾ, സീനിയർ ക്ലർക്കുമാരായ എൻ.എസ്. ജയലക്ഷ്മി, കെ. രാഹുൽ എന്നിവരെയാണ് അഭിഭാഷക കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത്. ഇതിൽ ജയലക്ഷ്മി പുതിയവിള ലോക്കൽ കമ്മിറ്റി അംഗമാണ്. ഇവരെ കൂടാതെ ആർ. വിജയകുമാർ, സുരേന്ദ്ര ബാബു, സലിംലാൽ, ബാബു എന്നിവരാണ് ലോക്കൽ കമ്മിറ്റിയിൽനിന്നും രാജി നൽകിയത്. ഇവരോട് അനുഭാവം പ്രകടിപ്പിച്ച് വേലഞ്ചിറ വടക്ക് ബ്രാഞ്ച് സെക്രട്ടറി ബാബു കുട്ടൻ, ഇടച്ചന്ത സെക്രട്ടറി ദിമിത്രോവ് എന്നിവരും നിരവധി പാർട്ടി അംഗങ്ങളും രാജി നൽകിയതായി അറിയുന്നു.
ഭരണസമിതിയുടെ വീഴ്ച ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടും വിഷയം ജീവനക്കാരുടെ തലയിൽ ചാർത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് രാജിവെച്ചവർ പറയുന്നത്. പാർട്ടിക്കുള്ളിൽ ഏറെനാളായി നിലനിൽക്കുന്ന വിഭാഗീയതയും വിഷയത്തിൽ ഇടംപിടിച്ചിട്ടുണ്ട്. നേരത്തേ ജീവനക്കാർക്കെതിരെ സംഘം പ്രസിഡന്റ് സ്വീകരിച്ച അച്ചടക്ക നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് അഭിഭാഷക കമീഷനെ നിയോഗിച്ച് പുതിയ നീക്കം നടത്തിയത്.
സി.പി.എം ഏരിയ സെന്റർ അംഗം കൂടിയായ അഡ്വ. സുനിൽകുമാറാണ് ബാങ്ക് പ്രസിഡന്റ്. 2016-18ൽ പണയത്തിലിരുന്ന സ്വർണ ഉരുപ്പടികൾ ഉടമകളറിയാതെ വിറ്റഴിച്ചത് ബാങ്കിന് ഭീമമായ നഷ്ടത്തിന് കാരണമായിരുന്നു. 250ലധികം പണയ ഉരുപ്പടികൾ മറിച്ചുവിറ്റതിന് പിന്നിൽ വൻ അഴിമതി നടന്നെന്നാണ് ആരോപണം. പണയ ഉരുപ്പടികൾ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികൾ വിൽക്കുമ്പോൾ പിഴപ്പലിശയടക്കം 14, 15 ശതമാനം പലിശയാണ് ഈടാക്കേണ്ടത്. ഇതിനു വിരുദ്ധമായി ഏഴും എട്ടും ശതമാനം മാത്രം ഈടാക്കിയതായാണ് ബാങ്കിലെ രേഖയിൽ ചേർത്തിട്ടുള്ളത്.
ഭരണസമിയുടെ അറിവോടെയായിരുന്ന് തിരിമറി നടന്നത്. മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന അഴിമതി ഓഡിറ്റിലൂടെ കണ്ടെത്തിയതോടെ നേതാക്കൾ വെട്ടിലായി. നഷ്ടം മുൻ സെക്രട്ടറിയും ഭരണസമിതിയും വഹിക്കണമെന്നായിരുന്നു ഓഡിറ്റ് നിർദേശം.
എന്നാൽ, ഇത് അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയാറായില്ല. ബാങ്കിന് സംഭവിച്ച നഷ്ടം ജീവനക്കാർ വഹിക്കണമെന്നായിരുന്നു പാർട്ടി ഏരിയ കമ്മിറ്റിയുടെ നിർദേശം. എന്നാൽ, നേതാക്കൾ നടത്തിയ അഴിമതിക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന നിലപാടാണ് ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള ഒരുവിഭാഗം ജീവനക്കാർ സ്വീകരിച്ചത്.
സംഭവവുമായി ബന്ധമില്ലാത്ത ജീവനക്കാരെ വരെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ചേരിതിരിവ് രൂക്ഷമാക്കാൻ കാരണമാക്കി. സംഭവം വിവാദമായപ്പോൾ സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ് അടക്കം ഒമ്പത് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് തലയൂരാൻ ശ്രമിച്ച പ്രസിഡന്റിന്റെ നീക്കത്തിന് ഹൈകോടതിയിൽ തിരിച്ചടി നേരിട്ടതോടെ വാശി വർധിച്ചു. ഇതോടെയാണ് അഡ്വ. കെ. അനിലിനെ കമീഷനായി നിയോഗിച്ച് റിപ്പോർട്ട് വാങ്ങി നടപടിയിലേക്ക് കടന്നത്.
മൂന്ന് ജീവനക്കാർ പണം തിരികെയടച്ച് ജോലിയിൽ കയറിയിരുന്നു. സെക്രട്ടറി വിരമിച്ചു. ബാക്കിയുള്ളവർക്ക് എതിരെയാണ് നടപടിയുണ്ടായത്. ഇതിനിടെ വിഷയം തങ്ങളുമായി ചർച്ച ചെയ്തില്ലെന്നാണ് ലോക്കൽ കമ്മിറ്റി നേതാക്കളുടെ ആക്ഷേപം.
വിഷയം പഠിക്കാൻ നിയോഗിച്ച ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. മഹേന്ദ്രൻ, അഡ്വ. കെ.എച്ച്. ബാബുജാൻ എന്നിവരുടെ കമീഷൻ റിപ്പോർട്ട് വരുന്നതിന് മുമ്പുള്ള നടപടിയും ചർച്ചക്ക് കാരണമാകുകയാണ്. എന്നാൽ, നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്നാണ് ഭരണസമിതിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.