നഗരസഭാ പുത്രി രഞ്ജിനി സുമംഗലിയായി; നിറപറയും വിളക്കും നൽകി നഗരസഭാധ്യക്ഷ
text_fieldsആലപ്പുഴ: ഗവ. മഹിള മന്ദിരത്തിലെ അന്തേവാസി രഞ്ജിനി സുമംഗലിയായി. ചെറുപ്രായം മുതൽ നഗരസഭയുടെയും വനിത-ശിശു ക്ഷേമവകുപ്പിന്റെയും മകളായി മഹിള മന്ദിരത്തിൽ കഴിഞ്ഞിരുന്ന രഞ്ജിനിയുടെ കഴുത്തിൽ മിന്നുകെട്ടിയത് കൈനകരി കുട്ടമംഗലം പൗവത്ത് പറമ്പ് രമേശൻ-സുധർമ ദമ്പതികളുടെ മകൻ സുരാജാണ്.
ടൗൺഹാളിലെ വിവാഹവേദിയിൽ അമ്മയുടെ സ്ഥാനത്തുനിന്ന് നിറപറയും വിളക്കും നൽകിയത് നഗരസഭാധ്യക്ഷ സൗമ്യരാജ്. കൈ പിടിച്ചുകൊടുത്തത് എ.എം. ആരിഫ് എം.പിയും വരണമാല്യമെടുത്ത് കൊടുത്തത് എച്ച്. സലാം എം.എൽ.എയും. ആശീർവദിക്കാൻ കലക്ടർ എ. അലക്സാണ്ടറുമെത്തി. കല്യാണച്ചെറുക്കനെ സ്വീകരിച്ചത് നഗരസഭ ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈനാണ്. ചടങ്ങിന് സാക്ഷികളാകാൻ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ. ഷാനവാസ്, വനിത-ശിശു വികസന ഓഫിസർ എൽ. ഷീബ, മഹിളമന്ദിരം സൂപ്രണ്ട് ജി.ബി. ശ്രീദേവി, നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും എത്തിയിരുന്നു.
തലേദിവസം മഹിളമന്ദിരം കാമ്പസിൽ മെഹന്തിയും ഗാനമേളയും വിരുന്നും ഒരുക്കിയിരുന്നു. പൊന്നും മിന്നും അടക്കം നഗരസഭ സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയത്.
വനിത-ശിശുക്ഷേമ വകുപ്പിന്റെ വകയായിരുന്നു പെൺകുട്ടിക്ക് പോക്കറ്റ് മണി. ശാന്തിമന്ദിരത്തിലെയും മഹിളമന്ദിരത്തിലെയും അന്തേവാസികൾക്കെല്ലാം പുതുവസ്ത്രവും നൽകി. വെള്ളിയാഴ്ച നഗരസഭ നല്ല വാതിൽ കാണാനും പോവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.