കർഷക അവാർഡ്: പെരുമ കാത്ത് ആലപ്പുഴ ജില്ല
text_fieldsആലപ്പുഴ: സംസ്ഥാന കർഷക അവാർഡിൽ ജില്ലക്ക് മിന്നുന്നനേട്ടം. ആലപ്പുഴയുടെ കാർഷികപ്പെരുമ കാത്താണ് നേട്ടം സ്വന്തമാക്കിയത്. പച്ചക്കറി കൃഷിയിൽ ശ്രദ്ധേയമായ കഞ്ഞിക്കുഴിയിൽനിന്നാണ് ഇക്കുറി അവാർഡ് തിളക്കം. മികച്ച പച്ചക്കറി കർഷകൻ, യുവകർഷക, കർഷകത്തൊഴിലാളി പുരസ്കാരം, മികച്ച വിദ്യാഭ്യാസസ്ഥാപനം എന്നിവയാണ് കഞ്ഞിക്കുഴിയിൽനിന്ന് സ്വന്തമായത്. തകഴി പോളേപ്പാടം പാടശേഖര നെല്ലുൽപാദക സമിതി, ഏറ്റവും മികച്ച ഗ്രൂപ് ഫാമിങ് സമിതിക്കുള്ള നെൽക്കതിർ പുരസ്കാരം നേടി. അഞ്ചുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.
പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ബഹുമതി മുഹമ്മ ദീപ്തി സ്പെഷൽ സ്കൂളിനാണ് (75000 രൂപ), പച്ചക്കറി കർഷക അവാർഡ് ഒന്നാംസ്ഥാനം കഞ്ഞിക്കുഴി സ്വദേശി പി.എസ്. സനുമോനാണ് (50,000), മികച്ച കർഷകപുരസ്കാരം മായിത്തറ കളവേലിൽ ആശ ഷൈജു (ഒരുലക്ഷം), മികച്ച തൊഴിലാളി മായിത്തറയിലെ കളവേലിവെളി പി. ശെൽവരാജ് (50,000), ഓണത്തിനൊരുമുറം പച്ചക്കറി വിഭാഗത്തിൽ മൂന്നാംസ്ഥാനം ചേർത്തല പള്ളിപ്പുറം വലേഴത്തുവെളി രതീഷും (25000 രൂപ) നേടി.
ചക്കയുടെ സംസ്കരണരീതികളുടെ കണ്ടെത്തൽ, പ്രചാരണം എന്നിവയുടെ മികവിന് നൂറനാട് പനയിൽ ഫ്രൂട്ട് ആൻ റൂട്ട് ഗൾഫ് ഈസ്റ്റിലെ ആർ. രാജശ്രീക്കാണ് (50,000) പുരസ്കാരം.
പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട വിജ്ഞാന വ്യാപനത്തിനുള്ള പുരസ്കാരം കൃഷി ഓഫിസർ റോസ്മി ജോർജിനും (ചേർത്തല തെക്ക് കൃഷിഭവൻ), കാർഷിക വിജ്ഞാനവ്യാപന രംഗത്തെ പ്രവർത്തനത്തിന് രണ്ടാംസ്ഥാനം കൃഷി ഓഫിസർ പി. രാജശ്രീക്കും (പാലമേൽ കൃഷിഭവൻ) ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.