വളരുന്ന ടൂറിസം; തളരുന്ന മത്സ്യമേഖല
text_fieldsകുട്ടനാട്: പരന്ന് കിടക്കുന്ന വേമ്പനാട്ട് കായലും കുട്ടനാടൻ സൗന്ദര്യവും നാടിനും ടൂറിസത്തിനും മുതൽക്കൂട്ടാകുമ്പോൾ ഇവിടെ പരമ്പരാഗത മത്സ്യമേഖല കടുത്ത വെല്ലുവിളി നേരിടുന്നു. കേവലമായ ഒരുപഠനത്തിനപ്പുറം അഞ്ച് പതിറ്റാണ്ടോളം മത്സ്യ തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് തെളിവ് സഹിതം ഈ കാര്യം വ്യക്തമാക്കുന്നത്. വെള്ളം ക്രമാതീതമായി മലിനമാകുന്നതാണ് മത്സ്യ സമ്പത്തിനെ ബാധിച്ചത്.
ടൂറിസം മേഖല വളരുന്നത് നാടിന് ഗുണകരമാകുമ്പോഴും നിരവധി പേർക്ക് തൊഴിൽ ലഭിക്കുമ്പോഴും മത്സ്യ തൊഴിലാളികൾക്ക് പട്ടിണിയാണ് സമ്മാനം.
ഏതെങ്കിലും സംഘടനയും ഏജൻസികളും പഠനം നടത്തി ഭാഗിക വിവരങ്ങൾ പലതവണ പുറത്ത് കൊണ്ടു വരുന്നുണ്ടെങ്കിലും മത്സ്യ തൊഴിലാളികൾ പറയുന്നത് മറ്റൊന്നാണ്. കായലിൽ നിന്ന് വർഷങ്ങളായി സുലഭമായി ലഭിച്ചിരുന്ന പല മത്സ്യങ്ങളും ഇന്ന് കിട്ടാനില്ല. കണമ്പ്, പൂമീൻ, പൂളാൻ, കായൽ വറ്റ, വെള്ളക്കൂരി , പ്രാഞ്ഞിൽ എന്നിവ കിട്ടാനില്ല. കരിമീൻ, കൊഞ്ച്, പള്ളത്തി എന്നിവയുടെ കുഞ്ഞുങ്ങളെ വർഷാവർഷം നിഷേപിക്കുന്നതിനാലാണ് ഇപോഴും സുലഭമായി ലഭിക്കുന്നതെന്ന് നാൽപ്പത് വർഷത്തിലേറെയായി മത്സ്യ തൊഴിലാളിയായി ജോലി ചെയ്യുന്ന രജീന്ദ്രൻ കാവാലം പറഞ്ഞു. പരലും അറിഞ്ഞിലും ഇപ്പോഴും കായലിൽ സുലഭമാണ്.
കായലിലെ അമിതമായ പ്ലാസ്റ്റിറ്റിക്ക് കക്കകളുടെ പ്രജനനത്തെ കാര്യമായി ബാധിച്ചു. വെള്ളത്തിനടിയിൽ കനത്തിൽ പ്ലാസ്റ്റിക്ക് അടിഞ്ഞിരിക്കുന്നതിനാൽ കക്കാ ഉണ്ടാകുന്നില്ലെന്നതാണ് സ്ഥിതി. ആളും പേരുമില്ലാത്ത കായൽ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് പല തവണ മത്സ്യ തൊഴിലാളികൾ ചോദ്യം ചെയ്തങ്കിലും ഇത് തുടരുകയാണ്.
എച്ച് ബ്ലോക്കിൽ പഴയ പതിനാലായിരം തെക്ക് പടിഞ്ഞാറേ മൂലയിൽ സ്ഥാപിച്ച മല മൂത്ര പ്ലാന്റ് പ്രവർത്തന രഹിതമായിട്ട് മൂന്ന് വർഷത്തിലേറെയായി.
ഇവിടുത്തെ മാലിന്യങ്ങൾ വേമ്പനാട്ട് കായലിലേക്കാണ് തള്ളുന്നതെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്. ബാക്ടീരിയ ക്രമാതീതമായി കൂടിയതിനാൽ മീനുകൾ പലഭാഗത്തും ചത്ത് പൊങ്ങുകയാണ്. ഹൗസ് ബോട്ടിലെ എഞ്ചിൻ ഓയിൽ പലരും ഊറ്റി കായലിലേക്ക് ഒഴുക്കുന്നത് വലിയ പ്രത്യാഘാതമാണ് മത്സ്യ സമ്പത്തിനുണ്ടാക്കുന്നത്. എഞ്ചിനോയിൽ കായൽ പരപ്പിൽ പാട രൂപത്തിൽ കെട്ടി കിടക്കുന്നതിനാൽ സൂര്യപ്രകാശം ആ ഭാഗത്തെ കായൽ വെള്ളം സ്വീകരിക്കാത്ത സ്ഥിതിയുണ്ട്. ഇത് മത്സ്യ സമ്പത്ത് കുറയുന്നതിന് വലിയ കാരണമായാണ് ചൂണ്ടികാട്ടുന്നത്.
വൈകിട്ട് ആറിനുശേഷമാണ് കായലിൽ മത്സ്യ തൊഴിലാളികൾ വലയിടുന്നത്. വലയിടുമ്പോൾ അടയാളമായി ഇടുന്ന ജാറുകളും മുളകളും മറ്റും ഹൗസ് ബോട്ടുകൾ പലഭാഗത്തും തകർത്ത് കളയുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.