ഗെസ്റ്റ് അധ്യാപകർക്ക് രണ്ടാഴ്ചക്കുള്ളിൽ ശമ്പളം നൽകണം -മനുഷ്യാവകാശ കമീഷൻ
text_fieldsആലപ്പുഴ: മാരാമൺ എം.എം.എ.എച്ച്.എസ്.എസിൽ 2021-22 അധ്യയനവർഷം നിയമിതരായ ഗെസ്റ്റ് അധ്യാപകർക്ക് രണ്ടാഴ്ചക്കുള്ളിൽ ശമ്പളം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. സ്വീകരിച്ച നടപടികൾ ഒരുമാസത്തിനകം രേഖാമൂലം സമർപ്പിക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും ചെങ്ങന്നൂർ ഹയർ സെക്കൻഡറി റീജനൽ ഡയറക്ടർക്കും നിർദേശം നൽകി.
ഹയർ സെക്കഡറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കമീഷന് സമർപ്പിച്ചത് പരസ്പര വിരുദ്ധമായ റിപ്പോർട്ടാണ്. സ്ഥിരം തസ്തികകളിൽ മാനേജർ സ്ഥിരം നിയമനം നടത്താതെ ദിവസവേതന നിയമനങ്ങളാണ് നടത്തിയതെന്നും അതുകൊണ്ടാണ് ഹരജിക്കാർക്ക് നിയമന അംഗീകാരം നൽകാത്തതെന്നും റിപ്പോർട്ടിന്റെ ഒരുഭാഗത്ത് പറയുന്നു.
ഇതേ റിപ്പോർട്ടിൽതന്നെ 2017-18 അധ്യയനവർഷം മുതൽ സ്ഥിരം അധ്യാപക നിയമനം അംഗീകരിക്കാൻ ആവശ്യമുള്ള കുട്ടികൾ സ്കൂളിൽ പഠിക്കുന്നില്ലെന്നും പറയുന്നു. സ്ഥിരം നിയമനത്തിന് നിലവിൽ അംഗീകാരം നൽകാൻ സാധിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. 2021-22ൽ പഠിപ്പിച്ച തങ്ങൾക്ക് മാത്രമാണ് ശമ്പളം നിഷേധിച്ചതെന്നും 2022-23ൽ നിയമിതരായവർക്ക് ശമ്പളം അനുവദിച്ചിട്ടുണ്ടെന്നും പരാതിക്കാർ അറിയിച്ചു. പരാതിക്കാരുടെ വീഴ്ചകൊണ്ടല്ല വേതനം നിഷേധിച്ചതെന്ന് കമീഷൻ കണ്ടെത്തി.
ഒരേ കാര്യത്തിൽ ഇരട്ടനീതിയാണ് നടപ്പാക്കിയതെന്നും ഉത്തരവിൽ പറയുന്നു. ഇത് പരാതിക്കാരുടെ മനുഷ്യാവകാശം ധ്വംസിക്കുന്ന നടപടിയാണ്. പത്തനംതിട്ട സ്വദേശിനി ബിൻസി എം. മാത്യുവും മറ്റുള്ളവരും സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.