ചെങ്ങന്നൂരിലും റേഷൻ തിരിമറി; തട്ടാരമ്പലത്തുനിന്ന് 60 ചാക്ക് അരി കടത്തി
text_fieldsഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ വലിയകുളങ്ങരയിലേതിന് സമാനമായി ചെങ്ങന്നൂർ താലൂക്കിലും റേഷനരി വിതരണത്തിൽ തിരിമറി. സപ്ലൈകോയുടെ സംഭരണകേന്ദ്രത്തിൽനിന്ന് റേഷൻകടയിലേക്ക് കൊണ്ടുപോയ 60ചാക്ക് അരി വാതിൽപ്പടി വിതരണക്കാർ കടത്തിയതായി സംശയിക്കുന്നു. വിതരണകേന്ദ്രത്തിൽനിന്ന് അരി കൊണ്ടുപോയ വാഹനം പൊലീസ് പിടികൂടി.
ചെങ്ങന്നൂർ താലൂക്കിലെ 128 റേഷൻകടകളിലേക്കുള്ള ഭക്ഷ്യധാന്യം സൂക്ഷിക്കുന്ന മാവേലിക്കര തട്ടാരമ്പലത്തെ വിതരണകേന്ദ്രവുമായി ബന്ധപ്പെട്ടാണ് തിരിമറി നടന്നത്.ശനിയാഴ്ച താലൂക്കിലെ രണ്ട് റേഷൻകടകളിലേക്കുള്ള അരി വാതിൽപ്പടി വിതരണത്തിന് കൊണ്ടുപോയെങ്കിലും റേഷൻകടകളിൽ എത്തിച്ചില്ല. ഇതുസംബന്ധിച്ച പരാതി അന്വേഷിച്ച പൊലീസ് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് അരി കൊണ്ടുപോയ വാഹനം തിരിച്ചറിഞ്ഞു.
വാതിൽപ്പടി വിതരണ കരാറുകാരനെയും അരികൊണ്ടുപോയ വാഹന ഡ്രൈവറെയും ഡിപ്പോയിലെ ജീവനക്കാരെയും ചോദ്യംചെയ്തു.സിവിൽ സപ്ലൈസിന്റെ വിജിലൻസ് വിഭാഗം തട്ടാരമ്പലത്തിലെ സംഭരണകേന്ദ്രത്തിലെത്തി സ്റ്റോക്ക് പരിശോധിച്ചു.ഭക്ഷ്യധാന്യം വിതരണ കേന്ദ്രത്തിൽനിന്ന് റേഷൻകടയിലേക്ക് കൊണ്ടുപോകുന്നതിനിടെ കടത്തുന്ന സംഭവങ്ങൾ പതിവാകുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴയിൽ രണ്ട് കടകളിലേക്കുള്ള റേഷനരി വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ ഭാഗത്തുവെച്ച് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയിരുന്നു.നാട്ടുകാർ ഇതിന്റെ വിഡിയോ പകർത്തിയതോടെയാണ് സംഭവം പുറത്തായത്.ഇതുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴയിലെ രണ്ട് റേഷൻകടകളുടെ ലൈസൻസ് ജില്ല സപ്ലൈ ഓഫിസർ താൽക്കാലികമായി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.