വിരമിച്ചശേഷം പൊലീസുകാരന് നിരന്തരം വധഭീഷണി; പരാതിയിൽ നടപടിയില്ല
text_fieldsഹരിപ്പാട്: വിരമിച്ച പൊലീസുകാരനും കുടുംബത്തിനും നേരെ വധഭീഷണി ഉണ്ടായിട്ടും പൊലീസ് ചെറുവിരൽ അനക്കുന്നില്ലെന്ന് പരാതി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ തൃക്കുന്നപ്പുഴ പല്ലന ചക്കാല വടക്കത്തിൽ സി.എച്ച്. അലി അക്ബറിനാണ് സ്വന്തം സേനയിൽപെട്ടവർ നീതി നിഷേധിക്കുന്നത്.
31 വർഷത്തെ സേവനത്തിനൊടുവിൽ ഈവർഷം മാർച്ചിലാണ് മാവേലിക്കര സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്ന അലി അക്ബർ സർവിസിൽനിന്ന് വിരമിക്കുന്നത്. മദ്യ, മയക്കുമരുന്ന് ലോബികൾക്ക് പേടിസ്വപ്നമായിരുന്നു ഈ ഉദ്യോഗസ്ഥൻ. സർവിസ് കാലത്ത് ഇദ്ദേഹം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ നിരവധി ക്രിമിനൽ സംഘങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിരുന്നു. പ്രമാദമായ പല തട്ടിപ്പ് കേസും പുറത്തുകൊണ്ടുവരാൻ ശക്തമായ ഇടപെടലുകൾ നടത്തി. ഇതോടെ, ക്രിമിനലുകളിൽനിന്ന് മാത്രമല്ല, സേനക്കുള്ളിൽനിന്നുപോലും ശത്രുക്കളുണ്ടായി.
സർവിസിൽ ഇരിക്കുമ്പോൾതന്നെ ഇദ്ദേഹത്തിനും കുടുംബത്തിനുംനേരെ അക്രമങ്ങളും അപായപ്പെടുത്താനുള്ള ശ്രമവുമുണ്ടായി. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് ആക്രമികൾ അഗ്നിക്കിരയാക്കിയ സംഭവമായിരുന്നു അത്. വിരമിച്ചതിനുശേഷം മാഫിയ സംഘങ്ങളും ശത്രുത വെച്ചുപുലർത്തുന്ന പൊലീസുകാരും തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് നവംബർ 12ന് തൃക്കുന്നപ്പുഴ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഫോണിലൂടെ ഒരാൾ സ്വയം പരിചയപ്പെടുത്തി നടത്തിയ ഭീഷണിയാണ് പരാതിയിലുള്ളത്. നീയിപ്പോൾ പൊലീസുകാരനല്ലല്ലോ.
ദേവസ്വം ബോർഡ് കേസിൽ കുറെ പൊലീസുകാരെ തൂക്കിയില്ലേ. നിന്നെ ഞങ്ങൾ കൈകാര്യം ചെയ്യും. എന്നൊക്കെ പറയുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി അലി അക്ബർ പരാതിയിൽ പറയുന്നു. തുടർന്നും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. മറ്റൊരു നമ്പറിൽനിന്നും പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി വിളിച്ചയാൾ ദേവസ്വം ബോർഡ് നിയമന തട്ടിപ്പ് കേസിൽ കുറേ പൊലീസുകാരെ കുരുക്കിയതല്ലേ. സാറിന്റെ മരണം കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. സൂക്ഷിച്ചോ എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വ്യക്തിപരമായി നടത്തിയ അന്വേഷണത്തിൽ ഇയാൾ പൊലീസുകാരൻ തന്നെയാണെന്ന് ബോധ്യപ്പെട്ടതായി പരാതിയിൽ വ്യക്തമാക്കുന്നു.
സർവിസിലിരിക്കുമ്പോൾ മദ്യ-മയക്കുമരുന്ന് ലോബിക്കെതിരെയും തട്ടിപ്പ് സംഘങ്ങൾക്കെതിരെയും കർശന നിലപാട് സ്വീകരിച്ചതാണ് ഈ ഭീഷണികൾക്ക് കാരണമെന്ന് അലി അക്ബർ വ്യക്തമാക്കുന്നു. ഭീഷണി മുഴക്കിയവരുടെ ഫോൺ നമ്പർ സഹിതം തൃക്കുന്നപ്പുഴ സ്റ്റേഷനിൽ പരാതി നൽകി ഒരു മാസമായിട്ടും ബന്ധപ്പെട്ടവർ കണ്ടഭാവം നടിച്ചില്ലെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ, എസ്.പിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നതെന്നാണ് തൃക്കുന്നപ്പുഴ സി.ഐ നൽകിയ വിശദീകരണം. എന്നാൽ, പ്രാഥമികമായി ചെയ്യേണ്ട എഫ്.ഐ.ആർ എടുക്കാതെ എങ്ങനെയാണ് ഡിവൈ.എസ്.പി കേസ് അന്വേഷിക്കുന്നതെന്നാണ് അലി അക്ബർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.