അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു; 40 ലക്ഷത്തിന്റെ നഷ്ടം
text_fieldsഹരിപ്പാട്: തീപിടിത്തത്തിൽ അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. ദേശീയപാതക്കരികിൽ കരുവാറ്റ ആശ്രമം ജങ്ഷന് സമീപത്തെ ‘കർഷകന്റെ കട’ എന്ന പേരുള്ള കാർഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വിൽക്കുന്ന സ്ഥാപനമാണ് പൂർണമായും നശിച്ചത്. കരുവാറ്റ ലൈലാ നിവാസിൽ സനൽ മുഹമ്മദിന്റേതാണ് സ്ഥാപനം.
വീടിനോട് ചേർന്നായിരുന്നു കട. ബുധനാഴ്ച പുലർച്ച അഞ്ചോടെ കടക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഉടമയെ അറിയിച്ചത്. അപ്പോഴേക്കും മേൽക്കൂരയിലേക്ക് തീ പടർന്നിരുന്നു.
അഗ്നി രക്ഷാ സേനയെ അറിയിച്ച ശേഷം സനൽ മുഹമ്മദും അയൽവാസികളും ചേർന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതിനാൽ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി. ഹരിപ്പാട് നിന്നു്അഗ്നി രക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയപ്പോഴേക്കും കടയും മുഴുവൻ സാധനസാമഗ്രികളും കത്തിയമർന്നു.
25 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിച്ചാമ്പലായതായി സനൽ മുഹമ്മദ് പറഞ്ഞു. ഇരുമ്പ് തൂണുകളിൽ ടിൻ ഷീറ്റും ഇടഷ്ടികയും ഉപയോഗിച്ചാണ് കട നിർമിച്ചിരുന്നത്. മേൽക്കൂര ഓടും ഷീറ്റുമായിരുന്നു. കടയടക്കം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.