ചെറുതനയിലും പക്ഷിപ്പനി: രോഗ നിർണയം വൈകുന്നു; വ്യാപന സാധ്യത കൂടുന്നു
text_fieldsഹരിപ്പാട്: വഴുതാനത്തിനു പുറമെ ചെറുതനയിലും പക്ഷിപ്പനി ഉറപ്പിച്ചു. ഔദ്യോഗിക സ്ഥിരീകരണം വ്യാഴാഴ്ചയുണ്ടായേക്കും. തിരുവല്ല ലാബിലെ പരിശോധനയിലാണ് ചെറുതനയിലും പക്ഷിപ്പനിയാണെന്ന് തെളിഞ്ഞത്.
പക്ഷേ, ഭോപാലിലെ കേന്ദ്ര ലാബിൽനിന്നുള്ള ഫലം ലഭിച്ചാലേ ഔദ്യോഗിക സ്ഥിരീകരണമാകൂ. ഈ കാലതാമസം പക്ഷിപ്പനി വ്യാപകമാകാൻ കാരണമാകുന്നുണ്ട്.ചെറുതന പാണ്ടി പുത്തൻപുരയിൽ ചാക്കോ വർക്കിയുടെ താറാവുകളാണ് പക്ഷിപ്പനി ലക്ഷണങ്ങളുമായി ചാകുന്നത്.
ബുധനാഴ്ച 38 താറാവുകൂടി ചത്തു. ആകെയുള്ള 8000 താറാവുകളിൽ 263 എണ്ണം ഇതുവരെ ചത്തു. ഇവയുടെ സാമ്പിളുകളാണ് തിരുവല്ലയിൽ പരിശോധിച്ചത്. ചാകുന്ന താറാവുകളുടെ എണ്ണം മൃഗസംരക്ഷണ വകുപ്പ് അധികൃതർ തിട്ടപ്പെടുത്തുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണോ കുഴിച്ചിടുന്നതെന്നും പരിശോധിക്കുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
കേന്ദ്ര സംഘത്തിെൻറ നേതൃത്വത്തിൽ വഴുതാനത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിലെ പനി ബാധിതരുടെ വീടുകളിലെത്തി സർവേയും നടത്തി. നഗരസഭയിലെ ഒമ്പതാം വാർഡിലും പള്ളിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിലുമുള്ള വീടുകളിലാണു കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. ഹരിപ്പാട്, പള്ളിപ്പാട് പി.എച്ച്.സികളിൽ എത്തിയ സംഘം പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്തു തുടങ്ങിയ 26 മുതൽ കഴിഞ്ഞ ദിവസം വരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളുടെയും താമസക്കാരുടെയും എണ്ണം ശേഖരിച്ചു. ഹരിപ്പാട് പി.എച്ച്.സിയിലെ ഡോ. ആർ.ജെ. ശർമ, എച്ച്.ഐ എം.എൻ. സുനിൽകുമാർ എന്നിവരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വഴുതാനത്തിനു സമീപമുള്ള പ്രദേശത്തെ 20 പനിബാധിതരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ പനിബാധിതരെല്ലാം നെഗറ്റിവ് എന്നാണ് കണ്ടെത്തിയത്. ജാഗ്രത കൈവിടരുതെന്നും പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉദ്യോഗസ്ഥരെ എത്രയും വേഗം അറിയിക്കണമെന്നും ഡി.എം.ഒ ഡോ. ജമുന വർഗീസ് അറിയിച്ചു.
നാല് വർഷം: കൊന്നത് 7,09,297 താറാവുകളെ
ഇത്തവണ 15,867 താറാവുകളെയാണു ഇതുവരെ കൊന്നൊടുക്കിയത്. പക്ഷിപ്പനി സ്ഥിരീകരിച്ച നാലുവർഷങ്ങളിലായി കൊന്നൊടുക്കിയത് 7,09,297 താറാവുകളെയും. ആയിരത്തിനു മുകളിൽ താറാവുകളെ വളർത്തുന്ന 110 കർഷകർ ജില്ലയിലുണ്ടെന്നാണ് കണക്ക്. ചെറുകിട കർഷകരെക്കൂടി ഉൾപ്പെടുത്തിയാൽ 150 പേർ. 2014ൽ ഇത് 750 ആയിരുന്നു. 2014ലാണ് ജില്ലയിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പ്ലേഗ്, ഫംഗസ് രോഗങ്ങളും വില്ലൻ
പ്ലേഗ്, പാസ്ചുറല്ല (അറ്റാക്ക്), റൈമുറല്ല (പമ്മൽ), ഫംഗസ് രോഗങ്ങളും താറാവു കർഷകർക്കു വെല്ലുവിളിയാണ്. പ്ലേഗ്, പമ്മൽ രോഗം തുടങ്ങിയവ ബാധിച്ചാൽ താറാവുകൾ കൂട്ടത്തോടെ ചാകും. ഇവക്കാകട്ടെ നഷ്ടപരിഹാരം ഇല്ലതാനും.
പൂപ്പൽ പിടിച്ച തീറ്റ വഴിയാണ് ഫംഗസ് രോഗം ബാധിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇ കോളൈ രോഗവും താറാവുകളെ ബാധിക്കുന്നു. മലിനജലത്തിൽനിന്നാണ് ഇ കോളൈ ബാധിക്കുക. വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ് താറാവുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ. ഇതിനും നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.