ചേപ്പാട് താറാവുകൾക്ക് വില്ലനായത് ഇ-കോളി
text_fieldsഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ ഉള്ളിട്ട പുഞ്ചയിൽ താറാവുകൾ ചത്തത് മനുഷ്യവിസർജ്യത്തിൽനിന്നുള്ള ഇ-കോളി ബാക്ടീരിയ ബാധയെത്തുടർന്നാണെന്ന് കണ്ടെത്തി. തലവടി സ്വദേശി കുട്ടപ്പൻ എന്ന കർഷകന്റെ 20,000 താറാവുകളാണ് ചേപ്പാട്ട് പലഭാഗങ്ങളിലായി ഉള്ളത്. ഇതിൽ 12,500 താറാവുകളുടെ കൂട്ടത്തിലുള്ള ചിലതാണ് ചത്തത്.
തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് താറാവുകളെ ഇ-കോളി ബാധിച്ചതായി കണ്ടെത്തിയത്. ഇതിന് പ്രതിവിധിയായി ആന്റിബയോട്ടിക് നൽകാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. ഇവിടെ പക്ഷിപ്പനി ബാധിച്ചാണോ താറാവുകൾ ചത്തതെന്ന് സംശയമുണ്ടായിരുന്നു. ഇതിനാലാണ് അടിയന്തരമായി സാമ്പിൾ ശേഖരിച്ച് പരിശോധിച്ചത്.
വൃത്തിയില്ലാത്ത ചുറ്റുപാടിൽ താറാവുകളെ വളർത്തുന്നതിനാലാണ് ഇ-കോളി ബാക്ടീരിയ ബാധയുണ്ടാകുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. ചെറുതനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 5600 താറാവുകളെ കൊന്ന് മറവുചെയ്യാൻ ആരംഭിച്ചു. ചെറുതന ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ഒമ്പതുവരെ നിരോധിച്ച് കലക്ടർ ഉത്തരവിറക്കി.
പുറക്കാട്, അമ്പലപ്പുഴ വടക്ക്, ചമ്പക്കുളം, രാമങ്കരി, തലവടി, മുട്ടാർ, എടത്വ, തകഴി, കരുവാറ്റ, ചെറുതന, വീയപുരം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ചെന്നിത്തല, കുമാരപുരം എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശവകുപ്പ് സെക്രട്ടറിമാരും അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര തഹസിൽദാർമാരും പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.