ഉയരപ്പാത ഹരിപ്പാടിനെ പിളർക്കുമെന്ന് ആശങ്ക
text_fieldsഹരിപ്പാട്: ദേശീയപാത വികസനത്തിെൻറ ഭാഗമായി ഹരിപ്പാട് മേൽപാലമെന്ന വിശേഷണത്തോടെ നിർമിക്കുന്നത് മണ്ണിട്ടുയർത്തിയ പാതയെന്ന് ആശങ്ക. ദേശീയപാത വികസനത്തിൽ ഹരിപ്പാട് ടൗൺ രണ്ടായി മുറിയുമെന്ന സംശയവും ഉയരുന്നു. മറ്റുപ്രധാന കേന്ദ്രങ്ങളിലും ഉയരപ്പാത വിലങ്ങ് തടിയാകാൻ സാധ്യതയേറി. ഹരിപ്പാട്ട് നിർമിക്കുന്ന ഉയരപ്പാതക്ക് 1.7 കിലോമീറ്ററിലേറെ നീളമുണ്ടാകും.
രണ്ടറ്റങ്ങളിൽ കൂടി മാത്രമേ ഉയരപ്പാതയിൽ പ്രവേശിക്കാനും പുറത്ത് കടക്കാനും കഴിയൂ. അവിടെ വീതി 25 - 30 മീറ്റർ. പാതക്കായി 28 അടി പൊക്കത്തിലാണ് മണ്ണുനിറക്കുന്നത്. ഇവിടെ 45 മീറ്റർ വീതിയിൽ സ്ഥലമെടുത്തിട്ടുണ്ട്. മണ്ണിട്ടുയർത്തി നിർമിക്കുന്ന പാതയുടെ വീതി 27 മീറ്റർ മാത്രമാണ്.
100 വർഷമാണ് പാതക്ക് അധികൃതർ പറയുന്ന ആയുസ്സ്. ഈ ഭാഗത്ത് രണ്ടു സർവിസ് റോഡുകൾ ഉണ്ടാകുമെങ്കിലും മറ്റു ഭാഗങ്ങളിൽ പാതക്ക് കുറുകെ കടക്കാൻ കഴിയാതെ വരും. ബസ് സ്റ്റാൻഡിലേക്കുള്ള വഴി ഇടുങ്ങിയതുമാകും. നഗരത്തിലെ വ്യാപാര മേഖലയെയും ഇത് ദോഷകരമായി ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. കാൽനടക്കാരെയും പൊതുഗതാഗതത്തെയുമൊക്കെ ബാധിക്കുന്ന തരത്തിലാണ് ഉയരപ്പാതയുടെ രൂപകൽപനയെന്നാണ് പ്രധാന വിമർശനം.
തൂണുകളിലുള്ള മേൽപാലങ്ങൾ ദേശീയപാത അതോറിറ്റി ഒഴിവാക്കുന്നത് ചെലവ് കുറക്കാനാണെന്നാണ് വിദഗ്ധർ പറയുന്നു. ഇത് പരിസ്ഥിതിക്ക് ദോഷവും ഭാവിവികസനം ഇല്ലാതാക്കുന്നതുമാണ്. മണ്ണു നിറച്ച് ഉയരത്തിൽ പാത നിർമിക്കുന്നതിന് പകരം തൂണുകളിലുള്ള മേൽപാലം പണിതാൽ ഈ പ്രശ്നം പരിഹരിക്കാം. അടിയിൽ പാർക്കിങ് സൗകര്യം ഒരുക്കാം.
ശുചിമുറികളും വിശ്രമകേന്ദ്രങ്ങളും നിർമിക്കാം. പൂന്തോട്ടങ്ങളും ഒരുക്കാം. ചെറിയ മേൽപാലങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ അത് ഒഴിവാക്കി സിഗ്നൽ ജങ്ഷനാക്കുക, പ്രധാന ടൗണുകളിൽ മാത്രം മേൽപാലം നിർമിക്കുക തുടങ്ങിയവ അവലംബിച്ച് ചെലവ് കുറക്കാനാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.