യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
text_fieldsഹരിപ്പാട്: ആലപ്പുഴയിൽ കലക്ടറേറ്റിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ നേതാക്കളെയടക്കം പൊലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
സമരക്കാർക്ക് നേരേ പൊലീസ് ലാത്തി വീശി. വനിത പ്രവർത്തകക്കടക്കം ആറ് പേർക്ക് പരിക്കേറ്റു. മൂന്ന് പേർക്ക് പരിക്ക് സാരമുള്ളതാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിംഷാദ് ജിന്നാസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സമരം അവസാനിപ്പിച്ച് പ്രവർത്തകർ പിന്തിരിഞ്ഞു പോകാൻ ഒരുങ്ങുന്ന ഘട്ടത്തിലാണ് സംഘർഷം ഉണ്ടായത്. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ നാഥനെയടക്കം ഏതാനും പ്രവർത്തകരെ പൊലീസ് സ്റ്റേഷനിലുളളിലേക്ക് കൊണ്ടുപോയി.
ഇവരോട് പൊലീസ് അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായാണ് പരാതി. സമരം അവസാനിപ്പിച്ച ശേഷമാണ് മർദനകാര്യം മറ്റ് നേതാക്കളും പ്രവർത്തകരും അറിയുന്നത്. പിരിഞ്ഞു പോയ നേതാക്കളും പ്രവർത്തകരും ഇതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വീണ്ടും മാർച്ച് നടത്തുകയായിരുന്നു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി.
നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ നാഥനെ ക്രൂരമായി മർദിച്ചു. തല അടിച്ചു പൊട്ടിക്കുകയും ജനനേന്ദ്രിയത്തിൽ പരിക്കേൽപിക്കുകയും ചെയ്തു. വനിത നേതാവ് അർച്ചനയെ പുരുഷ പൊലീസുകാർ ചവിട്ടി പരിക്കേൽപിച്ചതായും ആരോപണമുണ്ട്. അർച്ചനയുടെ കാലിന് ഗുരുതര പരിക്കേറ്റു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.